Thursday, March 12, 2026 Last Updated 4 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 01.43 PM

‘‘ചെറിയ പ്രായത്തിലേ കുട്ടികൾ വേണ്ടെന്നു ഞാൻ തീരുമാനിച്ചു; കുട്ടികള്‍ എന്നത് ഒരു ‘ഡീഫോള്‍ട്ട്’ തീരുമാനമാകരുത്...’’ തുറന്നു പറഞ്ഞ് ലെന

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ലെന. ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തില്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനം വളരെ ചെറിയ പ്രായത്തിലെടുത്ത തീരുമാനമാണെന്ന് പറയുകയാണ് ലെന.
Lena, Lena about family planning and kids
Lena about having kids for married couple (Image Source: Instagram)

മിനിസ്ക്രീൻ പരമ്പരയിലൂടെ തുടക്കം കുറിച്ച് പിന്നീട് ശക്തമായ കഥാപാത്രങ്ങൾ ബിഗ് സ്‌ക്രീനിൽ അവതരിപ്പിച്ച് പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് ലെന. നായികയായി മാത്രമല്ല ക്യാരക്ടർ വേഷങ്ങളിലും ലെന പ്രശംസയും കൈയടിയും നേടിയിട്ടുണ്ട്. വിവാഹശേഷം സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു ലെന. പ്രശാന്തുമായുള്ള വിവാഹത്തോടെ സിനിമ വിട്ടോ എന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. എന്നാൽ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതുവശത്തെ കള്ളനിലൂടെയായി വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് ലെന.
ഇപ്പോഴിതാ താൻ കുട്ടികള്‍ വേണ്ടെന്ന് ചെറുപ്പത്തിലേ തീരുമാനിച്ചയാളാണെന്നും, പേരന്റിംഗ് എന്നത് പ്ലാൻ ചെയ്ത് മാത്രം ചെയ്യേണ്ട കാര്യമാണെന്നും പറയുകയാണ് ലെന. വിവാഹം കഴിഞ്ഞാല്‍ സ്വാഭാവികമായി കുട്ടികള്‍ ഉണ്ടാകുമെന്നും അവർ തനിയെ വളർന്നോളുമെന്നും കരുതുന്നത് ശരിയല്ലെന്നും ലെന അഭിപ്രായപ്പെട്ടു.
‘‘കുട്ടികള്‍ ഉണ്ടാവുന്നതിന് മുന്‍പ് അവരെ എങ്ങനെ നോക്കുമെന്നൊക്കെയുള്ള പ്ലാനുണ്ടായിരിക്കണം. സർ പറഞ്ഞ ലാസ്റ്റ് പോയിന്റിനോട് എനിക്ക് പൂർണമായും യോജിപ്പുണ്ട്. അതായത് കുട്ടികൾ ഉണ്ടാകുന്നതിനു മുമ്പും കുട്ടികളെ എങ്ങനെ നോക്കും എന്നൊക്കെയുള്ള ഒരു പ്ലാൻ ഉണ്ടായിരിക്കണം. അതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾ വളരെ ഗൗരവകരമായി എടുക്കേണ്ടതാണ്. ഇതൊരു ‘ഡീഫോൾട്ട് മോഡി’ൽ കല്യാണം കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാവണം, അത് അങ്ങനെ പൊയ്ക്കോളും, എങ്ങനെയെങ്കിലും പൊയ്ക്കോളും എന്നുള്ള രീതിയിൽ ചിന്തിക്കുന്നത് തെറ്റാണെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാൻ.
വളരെ ചെറിയ പ്രായത്തിൽ കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ച ഒരാളാണ്. കാരണം എനിക്ക് നല്ലൊരു പേരന്റ് ആവാൻ പറ്റുമെന്ന് തോന്നുന്നില്ല എന്നൊരു തോന്നൽ വന്നു. അങ്ങനെ ഞാൻ വിചാരിച്ചു, കുറച്ചു കൂടെ പക്വതയുള്ള ഒരാളാവണം. എന്റെ മാതാപിതാക്കൾ എന്നെ വളർത്തിയത് ഏറ്റവും നല്ല രീതിയിൽ അല്ല എന്നുള്ള ഒരു തോന്നലുള്ള ഒരു കുട്ടിയായിരുന്നു ഞാൻ. എന്നെ കുറെ കൂടി കെയർ ചെയ്യാമായിരുന്നു. ഞാൻ ഭയങ്കരമായി സ്വാതന്ത്ര്യത്തിനു വേണ്ടി യുദ്ധം ചെയ്ത കുട്ടിയാണ്. അപ്പോ അവൾ എല്ലാം തന്നെത്താൻ ചെയ്യുന്നുണ്ട്, എന്നാൽ ചെയ്തോട്ടെ എന്ന് എന്ന് വിചാരിച്ചു വിട്ടതാണു. പിന്നീട് എന്റെ പരാതി അവർ എന്നെ പിന്തുണച്ചില്ല, എന്നെ എല്ലാത്തിനും ഒറ്റയ്ക്ക് വിട്ടു എന്നായി. നമ്മുടെ മനസ്സിൽ ഈ ചിന്തകളൊക്കെ മാറിക്കൊണ്ടേ ഇരിക്കും. അങ്ങനെ ഞാൻ പേരന്റ് ആവേണ്ട എന്ന് തീരുമാനിച്ചു.
പിന്നീട് വിചാരിച്ചു ഞാനിപ്പോ ഒരു കരിയർ പേ​ഴ്സണ്‍ ആണ്. കരിയർ ഏറ്റെടുത്തു കഴിഞ്ഞാൽ ഒരു തീരുമാനം ഉണ്ട്, ഒരു കരിയർ ഏറ്റെടുക്കണോ ഒരു ഫാമിലി എടുക്കണോ എന്ന്. ഇതൊക്കെ എന്റെ പേഴ്സണല്‍ ചിന്താഗതികളാണ്. അപ്പോ അച്ഛനും അമ്മയും കരിയറിന്റെ പിന്നാലെ പോയാൽ അവരുടെ കുട്ടികളെ ആരും നോക്കും? കുട്ടികളുടെ കാര്യം വളരെ ആലോചിച്ച് എടുക്കേണ്ട തീരുമാനം തന്നെയാണ്. നമ്മുടെ സമൂഹത്തിൽ നല്ലൊരു തലമുറ വളർന്നുവരണം. ഓരോ തലമുറയും നന്നായി വരണമെങ്കിൽ ആ തലമുറയിലെ മാതാപിതാക്കൾ ശ്രദ്ധാപൂർവം തീരുമാനം എടുക്കണം.
അതോടൊപ്പം തന്നെ എനിക്ക് പറയാനുള്ളത് ഇപ്പോഴത്തെ തലമുറ വളരെ പക്വതയുള്ള ഒരു തലമുറയാണ്. അവര്‍ ഒരുപാട് കെയർ കിട്ടി വളർന്നിട്ടുള്ള തലമുറയാണ്. ഒരുപക്ഷേ എന്റെയൊക്കെ തലമുറ തല്ലുകൊണ്ട് വളർന്നവരാണ്. എന്തിനും ഏതിനും അടി കിട്ടും.
നിങ്ങളോട് ആരെങ്കിലും തെറ്റ് ചെയ്താലും നിങ്ങൾക്ക് അടി എന്നുള്ള ഒരു രീതിയായിരുന്നു. സ്കൂളിൽ അടി കൊള്ളുമായിരുന്നു, ചൂരലുകൊണ്ട് അടിക്കുക - അതൊന്നും ഇപ്പോ ഇല്ല. അപ്പോ ഒരുപാട് കെയറും ബഹുമാനവും കിട്ടി വളർന്നിട്ടുള്ള ഒരു തലമുറയാണ് ഇപ്പോഴത്തേത്. അത് ഒരുപക്ഷേ നല്ലതായിരിക്കാം. നമുക്ക് ഓരോ തലമുറ കഴിയുമ്പോഴേ അറിയുള്ളൂ.
പിന്നെ ഇപ്പോഴത്തെ തലമുറ ‘തല തെറിച്ചതാണെന്ന്’ പറയുന്ന ഒരു ‘തലക്കെട്ട്’ എല്ലാ തലമുറയും കേട്ടിട്ടുള്ളതാണ്. അപ്പോ അത് വെറുതെ ഒരു ക്ലീഷെ സ്റ്റേറ്റ്മെന്റ് ആണെന്നേ എനിക്ക് തോന്നിയിട്ടുള്ളൂ...’’ ലെന പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളൻ’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് ലെന ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW