Wednesday, March 11, 2026 Last Updated 13 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.06 AM

ട്വന്റി 20 ലോകകപ്പ്‌ വിവാദ പിച്ചില്‍

uploads/news/2026/02/823669/1.jpg

കളി ആവേശം നിറയേണ്ട ട്വന്റി 20 ലോകകപ്പുമായി ബന്ധപ്പെട്ട്‌ രാഷ്‌ട്രീയ വിവാദങ്ങള്‍ ഉയരുന്നതു കായിക പ്രേമികളെ നിരാശപ്പെടുത്തുന്നു. ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരം കളിക്കില്ലെന്നു പാകിസ്‌താന്‍ പ്രഖ്യാപിക്കുകയും പ്രതികരണവുമായി ഐ.സി.സി. രംഗത്തു വരുകയും ചെയ്‌തിരിക്കുന്നു.
ലോകകപ്പില്‍നിന്നു പുറത്താക്കപ്പെട്ട ബംഗ്‌ളാദേശിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌, ഈ മാസം 15 നു കൊളംബോയില്‍ നടക്കേണ്ട ഇന്ത്യയുമായുള്ള ഗ്രൂപ്പ്‌ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്‌താന്റെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉലയ്‌ക്കുന്നതായി. പാകിസ്‌താന്‍ സര്‍ക്കാരാണ്‌ ഇത്തരത്തിലുള്ള ബഹിഷ്‌കരണ തീരുമാനത്തിന്‌ പിന്നിലെന്നതുകൊണ്ടുതന്നെ ഈയൊരു നീക്കത്തിനു രാഷ്‌ട്രീയ പ്രാധാന്യം ഏറെയുണ്ടുതാനും.
ഇത്തരത്തിലൊരു തീരുമാനമെടുത്തതിന്‌ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണു പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ ഐ.സി.സി. നല്‍കിയ മുന്നറിയിപ്പ്‌. 'നയപരമായ കാര്യങ്ങളില്‍ സര്‍ക്കാരുകളുടെ പങ്കിനെ ഐ.സി.സി. ബഹുമാനിക്കുന്നു. എന്നാല്‍, ഇത്തരത്തില്‍ ഒരു തീരുമാനം ലോകമെമ്പാടുമുള്ള കായിക വിനോദത്തിനും പാകിസ്‌താനിലെ ലക്ഷക്കണക്കിന്‌ ആരാധകര്‍ ഉള്‍പ്പെടെയുള്ളവരുടെ ക്ഷേമത്തിനും ഹാനികരമാണ്‌' എന്നൊരു പ്രസ്‌താവനയാണ്‌ ഐ.സി.സിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായത്‌. രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ കളിക്കളങ്ങളെ ഭരിക്കുന്ന രീതിയിലേക്ക്‌ ശക്‌തമായി വളരുന്നത്‌ വലിയൊരു അപകടസ സൂചനയാണ്‌. ഇതിനോട്‌ കായിക പ്രേമികള്‍ക്ക്‌ ഒട്ടും യോജിപ്പുണ്ടാകില്ല.
ഇന്ത്യയും ശ്രീലങ്കയും സംയുക്‌തമായിട്ടാണ്‌ ഇത്തവണ ലോകകപ്പിന്‌ ആതിഥേയത്വം വഹിക്കുന്നത്‌. ഇന്ത്യയില്‍ നടക്കേണ്ട മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക്‌ മാറ്റണമെന്ന്‌ ബംഗ്‌ളാദേശ്‌ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ സുരക്ഷാ സാഹചര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ബംഗ്‌ളാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചത്‌. എന്നാല്‍, ടൂര്‍ണമെന്റിനു ദിവസങ്ങള്‍മാത്രമുള്ളപ്പോള്‍ മത്സരവേദി മാറ്റുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട്‌ ചൂണ്ടിക്കാട്ടി ഐ.സി.സി. ആവശ്യം നിരസിച്ചു. ബംഗ്‌ളാദേശി താരം മുസ്‌തഫിസുര്‍ റഹ്‌മാനെ ഐ.പി.എല്ലില്‍നിന്ന്‌ ഒഴിവാക്കിയതും ഇരു രാജ്യങ്ങളും തമ്മില്‍ രാഷ്‌ട്രീയ ബന്ധത്തില്‍ സംഭവിച്ച അകല്‍ച്ചയും ഇത്തരത്തിലൊരു തീരുമാനത്തിന്‌ ബംഗ്‌ളാദേശിനെ പ്രേരിപ്പിച്ചതായി വിലയിരുത്താം. ബംഗ്‌ളാദേശിനു പകരം സ്‌കോട്ട്‌ലന്‍ഡിനെ ഉള്‍പ്പെടുത്തിയാകും ടൂര്‍ണമെന്റ്‌ സംഘടിപ്പിക്കുക.
കായിക പ്രേമികള്‍ ഏറ്റവും കാത്തിരിക്കുന്ന മത്സരം എന്ന നിലയില്‍ ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള കളിയുടെ പ്രാധാന്യം ഏറെയാണ്‌. മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ വലിയ തിരിച്ചടിയാകും ഐ.സി.സിക്ക്‌ സംഭവിക്കുക. കളി ആവേശത്തിനു പുറമേ വലിയ സാമ്പത്തിക നഷ്‌ടവും സംഭവിക്കാം. ഈയൊരു സാഹചര്യത്തില്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കി ഐ.സി.സിയെ സമ്മര്‍ദത്തിലാക്കാനാണ്‌ പാകിസ്‌താന്‍ ശ്രമിക്കുന്നതെന്നു കരുതുന്നവരുമുണ്ട്‌. ഇന്ത്യക്കാരനായ ജെയ്‌ ഷാ അധ്യക്ഷനായ സമിതിയാണ്‌ ഐ.സി.സിയെ നയിക്കുന്നത്‌.
വിലപേശല്‍ നടത്തി ഐ.സി.സിയില്‍നിന്ന്‌ കൂടുതല്‍ വിഹിതം നേടിയെടുക്കുകയാണോ പാകിസ്‌താന്റെ ലക്ഷ്യം എന്ന്‌ കാത്തിരുന്നു കാണാം. കഴിഞ്ഞവര്‍ഷം ഏഷ്യാ കപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അധ്യക്ഷനും പാകിസ്‌താന്‍ മന്ത്രിയുമായ മുഹ്‌സിന്‍ നഖ്‌വിയില്‍നിന്ന്‌ ട്രോഫി ഏറ്റുവാങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. ഏഷ്യന്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ കൂടിയായ നഖ്‌വിക്ക്‌ ഇന്ത്യയോട്‌ ഉണ്ടായിട്ടുള്ള നീരസവും ഇപ്പോഴത്തെ പാകിസ്‌താന്‍ ബഹിഷ്‌കരണത്തിന്‌ കാരണമായി കരുതുന്നവരേറെ.
രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്‌ മൈതാനങ്ങളിലെ സൗഹാര്‍ദം വഴിവച്ചിട്ടുള്ളതിന്‌ ചരിത്രത്തില്‍ ഒരുപാട്‌ ഉദാഹരണങ്ങളുണ്ട്‌. എന്നാല്‍, കായിക സംഘടനകളുടെ ഭരണസമിതികളില്‍ രാഷ്‌ട്രീയക്കാരുടെ സാന്നിധ്യവും തീരുമാനങ്ങളില്‍ രാഷ്‌ട്രീയ സ്വാധീനവും ഏറിയതോടെ സാഹചര്യങ്ങള്‍ മാറി. ക്രിക്കറ്റുമായി ബന്ധപ്പെട്ട്‌ ഉയരുന്ന വാദങ്ങള്‍ക്ക്‌ അടിസ്‌ഥാന കാരണം ഇത്തരത്തിലുള്ള രാഷ്‌ട്രീയ ഇടപെടല്‍ ആണെന്ന്‌ കായിക പ്രേമികള്‍ക്ക്‌ അറിയാം. വിവാദങ്ങളുടെ പിച്ചില്‍നിന്ന്‌ കളിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ക്രിക്കറ്റ്‌ ഉള്‍പ്പെടെയുള്ള കളികള്‍ക്ക്‌ നഷ്‌ടമാവുക യഥാര്‍ഥ കായിക പ്രേമികളെയാകും.

Ads by Google
Tuesday 03 Feb 2026 11.06 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW