Wednesday, March 11, 2026 Last Updated 26 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.06 AM

സാമൂഹിക ക്ഷേമത്തെ കൈവിടുന്ന കേന്ദ്ര ബജറ്റ്‌

സാധാരണയായി കേന്ദ്ര ബജറ്റുകള്‍ വമ്പന്‍ പ്രഖ്യാപനങ്ങളുടെയും പ്രധാനപദ്ധതികളുടെയും വേദിയാകാറുണ്ട്‌. എന്നാല്‍, 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്‌ ഈ പതിവ്‌ തെറ്റിച്ചിരിക്കുന്നു. ജനപ്രിയമായ പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാത്ത ഈ ബജറ്റ്‌, യഥാര്‍ത്ഥത്തില്‍ രാജ്യത്തെ സാമൂഹിക ക്ഷേമ മേഖലയെ മെല്ലെ കൈവിടുകയാണോ എന്ന ഗൗരവകരമായ ചോദ്യമാണ്‌ ഉയര്‍ത്തുന്നത്‌.
കുട്ടികള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ ഏറ്റവും ദുര്‍ബലമായ വിഭാഗങ്ങള്‍ക്കുള്ള പദ്ധതികളോടുള്ള അവഗണന ഈ ബജറ്റിലും തുടരുകയാണ്‌. കണക്കുകള്‍ പരിശോധിച്ചാല്‍ സാമൂഹിക മേഖലയിലെ പദ്ധതികള്‍ക്ക്‌ ലഭിച്ചിരിക്കുന്നത്‌ നാമമാത്രമായ വര്‍ധന മാത്രമാണെന്ന്‌ കാണാം. ഉദാഹരണത്തിന്‌, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കുന്ന നാഷണല്‍ സോഷ്യല്‍ അസിസ്‌റ്റന്‍സ്‌ പ്രോഗ്രാമിന്‌ 0.2 ശതമാനവും, അംഗനവാടി പദ്ധതിയായ സാക്ഷം അംഗനവാടിക്ക്‌ 5.2 ശതമാനവുമാണ്‌ വര്‍ധന. പണപ്പെരുപ്പം കണക്കിലെടുത്താല്‍ ഇത്‌ യഥാര്‍ത്ഥത്തില്‍ വര്‍ധനയല്ല, മറിച്ച്‌ കുറവാണെന്ന്‌ തന്നെ പറയേണ്ടിവരും.
കൂടുതല്‍ ഗൗരവകരമായ മറ്റൊരു കാര്യം 'ബജറ്റ്‌ എസ്‌റ്റിമേറ്റും' 'റിവൈസ്‌ഡ്‌ എസ്‌റ്റിമേറ്റും' തമ്മിലുള്ള വലിയ അന്തരമാണ്‌. 2025-26 വര്‍ഷത്തില്‍ പ്രഖ്യാപിച്ച തുക പല പദ്ധതികളിലും ചെലവഴിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം വലിയ പ്രാധാന്യം നല്‍കിയ ജല്‍ ജീവന്‍ മിഷന്റെ അവസ്‌ഥ ഇതിന്‌ ഉദാഹരണമാണ്‌. 67,000 കോടി രൂപ നീക്കിവച്ചിടത്ത്‌ ചെലവാക്കിയത്‌ 17,000 കോടി രൂപ മാത്രമാണ്‌. പി.എം ആവാസ്‌ യോജന ഗ്രാമീണ്‍, അര്‍ബന്‍ പദ്ധതികളിലും സമാനമായ രീതിയില്‍ വലിയ തുകകള്‍ ചെലവാക്കാതെ ലാഭിച്ചിട്ടുണ്ട്‌. ഇത്തരത്തില്‍ ബജറ്റില്‍ തുക പ്രഖ്യാപിക്കുകയും എന്നാല്‍, പിന്നീട്‌ അത്‌ ചെലവാക്കാതിരിക്കുകയും ചെയ്യുന്ന രീതി സാമൂഹിക ക്ഷേമത്തെ എത്രത്തോളം ബാധിക്കുമെന്ന്‌ ആലോചിക്കേണ്ടതാണ്‌.
രാജ്യത്തിന്റെ നട്ടെല്ലായ ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക്‌ യഥാക്രമം 6.4%, 8.3% എന്നിങ്ങനെ കുറഞ്ഞ വര്‍ധന മാത്രമാണ്‌ ലഭിച്ചിരിക്കുന്നത്‌. ഇവിടെയും കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, വകയിരുത്തിയ തുകയേക്കാള്‍ 3.7 ശതമാനം മുതല്‍ 5.2 ശതമാനം വരെ കുറച്ചാണ്‌ കേന്ദ്രം യഥാര്‍ത്ഥത്തില്‍ ചെലവാക്കിയിട്ടുള്ളത്‌.
സാമൂഹിക ക്ഷേമ പദ്ധതികളുടെ സാമ്പത്തിക ഉത്തരവാദിത്വം വലിയ തോതില്‍ സംസ്‌ഥാനങ്ങളുടെ ചുമലിലേക്ക്‌ മാറ്റുന്ന കാഴ്‌ചയാണ്‌ ഈ ബജറ്റിലുമുള്ളത്‌. തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ പകരം വന്ന പുതിയ സംവിധാനമായവി.ബി. ജി റാം ജി ഇതിന്‌ നല്ലൊരു ഉദാഹരണമാണ്‌. ഇതില്‍ കേന്ദ്ര വിഹിതം ലഭിക്കണമെങ്കില്‍ 40 ശതമാനം തുക സംസ്‌ഥാനങ്ങള്‍ കണ്ടെത്തണം. 60:40 എന്ന ഈ അനുപാതം പല സംസ്‌ഥാനങ്ങളുടെയും സാമ്പത്തിക അടിത്തറയെ ബാധിക്കും.
കേന്ദ്രത്തിന്‌ ലഭിക്കുന്ന നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്‌ഥാനങ്ങള്‍ക്ക്‌ നല്‍കണമെന്ന്‌ ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ ചെയ്‌തിട്ടുണ്ടെങ്കിലും, സെസ്സുകളും സര്‍ചാര്‍ജുകളും വര്‍ധിപ്പിക്കുന്നതിലൂടെ കേന്ദ്രം ഇത്‌ 34 ശതമാനമായി കുറച്ചിരിക്കുകയാണ്‌. സംസ്‌ഥാനങ്ങളുടെ വരുമാനം കുറയുകയും എന്നാല്‍, പദ്ധതികളുടെ ഭാരം കൂടുകയും ചെയ്യുന്ന സാഹചര്യം ജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട സേവനങ്ങളെ സാരമായി ബാധിക്കും.
കുറയുന്ന വിഹിതം, അവഗണിക്കപ്പെടുന്ന ഗ്രാമങ്ങള്‍ ബജറ്റ്‌ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും ആശങ്കപ്പെടുത്തുന്നത്‌ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്‌ക്കുന്ന തുകയിലുണ്ടാകുന്ന ഇടിവാണ്‌.
2026-ല്‍ ജി.ഡി.പി.യുടെ 6.1 ശതമാനമായിരുന്ന വികസനച്ചെലവ്‌ ഇത്തവണ 5.7 ശതമാനമായി കുറഞ്ഞു. ഈ കുറവ്‌ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്‌ കൃഷിയെയും ഗ്രാമവികസനത്തെയുമാണ്‌.
ഗ്രാമവികസന മേഖലയിലെ വിഹിതം 1.5 ശതമാനത്തില്‍നിന്ന്‌ 1.2 ശതമാനമായി താഴ്‌ന്നു. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതികള്‍ക്കായി മാറ്റിവയ്‌ക്കുന്ന തുകയില്‍ വരുത്തിയ വലിയ കുറവാണ്‌ ഇതിന്‌ പ്രധാന കാരണം. ജി.എസ്‌.ടി, പരോക്ഷ നികുതികള്‍ എന്നിവയിലുണ്ടായ ഇടിവ്‌ മൂലം വരുമാനത്തില്‍ കുറവുണ്ടായപ്പോള്‍, അത്‌ നികത്താന്‍ സര്‍ക്കാര്‍ കണ്ടെത്തിയ വഴി സാധാരണക്കാരന്റെ തൊഴിലിനെയും കൃഷിയെയും ബാധിക്കുന്ന ചെലവ്‌ ചുരുക്കലാണ്‌. നികുതി കുറയുന്നതിലൂടെ വിപണിയിലുണ്ടാകേണ്ട ഉണര്‍വ്‌, ഗ്രാമീണ മേഖലയിലെ ചെലവഴിക്കല്‍ കുറയുന്നതോടെ ഇല്ലാതാകും എന്നതാണ്‌ യാഥാര്‍ത്ഥ്യം.
സര്‍ക്കാരിന്റെ ഈ സാമ്പത്തിക ദൃഢീകരണ നയം ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ കടം കുറയ്‌ക്കാന്‍ സഹായിച്ചേക്കാം.
എന്നാല്‍, അതിന്റെ ഭാരം പൂര്‍ണമായും കൃഷിയുടെയും ഗ്രാമവികസനത്തിന്റെയും തോളില്‍ വയ്‌ക്കുന്നത്‌ ഗുണകരമാകില്ല. ഇന്ത്യയെപ്പോലൊരു രാജ്യത്ത്‌ താഴെത്തട്ടിലുള്ള ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ സാമ്പത്തിക വളര്‍ച്ച സാധ്യമാകൂ.
ജോണ്‍ മാത്യു

Ads by Google
Tuesday 03 Feb 2026 11.06 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW