-->
ന്യൂഡല്‍ഹി: ആദായനികുതി റെയ്‌ഡിനിടെ സ്വയം വെടിവച്ചുമരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയ്, ജീവനൊടുക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുവെന്നു സംശയം ജനിപ്പിക്കുന്ന ഡയറിക്കുറിപ്പുകള്‍ പുറത്ത്. സി.ജെ. റോയിയുടെ അവസാന ഡയറിക്കുറിപ്പുകളിലൊന്നില്‍ ആത്മഹത്യാക്കുറിപ്പിനു സമാനമായ വിവരങ്ങളാണുള്ളത്. വിദേശ സംരംഭങ്ങളില്‍നിന്നു തനിക്ക് ചില തിരിച്ചടികള്‍ നേരിട്ടതായും കുടുംബത്തോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം ഡയറിക്കുറിപ്പില്‍ എഴുതിയിരുന്നതായി റിപ്പോര്‍ട്ട്.
കമ്പനിക്കു പണം നല്‍കാനുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും കമ്പനി എങ്ങനെ നടത്തണമെന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളും റോയ് എഴുതിയിരുന്നു. കമ്പനിയുടെ ദീര്‍ഘകാല നിക്ഷേപകരെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതു പേജുകളുള്ള കുറിപ്പാണു കണ്ടെത്തിയത്. ഈ കുറിപ്പും ജനുവരി 31 നു റോയ് തന്റെ സഹോദരനെ വിളിച്ചു സംസാരിച്ചതും കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം ആത്മഹത്യചെയ്യാന്‍ നേരത്തെതന്നെ തീരുമാനിച്ചിരുന്നുവെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.
റോയിയെ കടുത്ത സമ്മര്‍ദത്തിലാക്കിയതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥര്‍ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്‌ഥരെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.
റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംഭവം രാജ്യത്തിന്റെ നികുതി ഭരണത്തിന്മേലുള്ള കളങ്കമാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പരിശോധനാ നടപടിക്രമങ്ങളിലെ ഗുരുതരമായ വീഴ്‌ചകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
നികുതി വെട്ടിപ്പ് ഗുരുതരമായ ഒരു പ്രശ്‌നമാണെന്നും അത് തടയാന്‍ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നും സമ്മതിക്കുന്നുണ്ടെങ്കിലും ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തില്‍ വിലയേറിയ മനുഷ്യജീവന്‍ നഷ്‌ടപ്പെടുന്നതിലേക്ക് നയിക്കുന്ന ഒരു നടപടിയും ന്യായീകരിക്കാനാവില്ല.- മുഖ്യമന്ത്രി പറഞ്ഞു.