Friday, March 13, 2026 Last Updated 5 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.04 AM

കേരളത്തിന്‌ മികച്ച പരിഗണന നല്‍കുമെന്ന്‌ റെയില്‍വേ മന്ത്രി

കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്‌ മികച്ച പരിഗണന നല്‍കുമെന്ന്‌ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്‌. സംസ്‌ഥാനത്ത്‌ പുരോഗമിക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി മന്ത്രി വിശദമാക്കി. റെയില്‍വേയുടെ പദ്ധതികള്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ വളരെ പ്രധാനപ്പെട്ടവയാണെന്നും ഭൂമിയേറ്റെടുക്കലിനടക്കം സംസ്‌ഥാന സര്‍ക്കാരിന്റെ പിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ശബരി റെയില്‍പാതയ്‌ക്കുള്ള ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചുവെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അമൃത്‌ ഭാരത്‌ സ്‌റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ 35 സ്‌റ്റേഷനുകള്‍ പുനര്‍നിര്‍മിച്ചുവെന്ന്‌ റെയില്‍വേ മന്ത്രി അറിയിച്ചു. വൈദ്യൂതീകരണം 100 ശതമാനം പൂര്‍ത്തിയാക്കി. കേരളത്തില്‍ സര്‍വീസ്‌ നടത്തുന്ന വന്ദേ ഭാരത്‌ എക്‌സ്‌പ്രസിന്‌ പുറമേ പുതിയ അമൃത്‌ ഭാരത്‌ എക്‌സ്‌പ്രസ്‌ ട്രെയിനുകളും സര്‍വീസ്‌ ആരംഭിച്ച കാര്യവും മന്ത്രി എടുത്തുപറഞ്ഞു.
മംഗളൂരു - ഷൊര്‍ണൂര്‍ മൂന്ന്‌, നാല്‌ പാതകളുടെ അലൈന്‍മെന്റ്‌ അന്തിമമാക്കി ദക്ഷിണ റെയില്‍വേ റെയില്‍വേ ബോര്‍ഡിന്‌ കൈമാറും. ഷൊര്‍ണര്‍ - കോയമ്പത്തൂര്‍ മൂന്ന്‌, നാല്‌ പാത (99 കിലോമീറ്റര്‍) നിര്‍മാണവുമായി ബന്ധപ്പെട്ട ഫീല്‍ഡ്‌, ലൈഡാര്‍ സര്‍വേകള്‍ പൂര്‍ത്തിയാക്കി. നിലവില്‍ ഡിപിആര്‍ അന്തിമമാക്കാനുള്ള നടപടികള്‍ നടക്കുന്നു. ഷൊര്‍ണൂര്‍ - എറണാകുളം മൂന്നാം പാത (106 കിലോമീറ്റര്‍) യ്‌ക്കുള്ള ഫീല്‍ഡ്‌ സര്‍വേ പൂര്‍ത്തിയാക്കി ഡിപിആര്‍ അന്തിമമാക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നു. എറണാകുളം - കായംകുളം (കോട്ടയം വഴി) (115 കിലോമീറ്റര്‍) ട്രാഫിക്‌ സര്‍വേ പൂര്‍ത്തിയാക്കി. ഫീല്‍ഡ്‌ സര്‍വേയിലേക്ക്‌ ഉടന്‍ കടക്കും.
കായംകുളം - തിരുവനന്തപുരം മൂന്നാം പാത (105 കിലോമീറ്റര്‍) യുടെ ലൈഡാര്‍, ട്രാഫിക്‌ സര്‍വേകള്‍ പൂര്‍ത്തിയാക്കി അലൈന്‍മെന്റ്‌ അന്തിമമാക്കാന്‍ പോകുന്നു. ഡിപിആര്‍ ഉടന്‍ തയാറാക്കും. തിരുവനന്തപുരം - നാഗര്‍കോവില്‍ മൂന്നാം പാത (71 കിലോമീറ്റര്‍) യുടെ സര്‍വേയും ട്രാഫിക്‌ പഠനവും നടക്കുന്നു.
തുറവൂര്‍ - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിനുള്ള സര്‍വേ പൂര്‍ത്തിയാക്കി ഡിപിആര്‍ തയാറാക്കല്‍ പ്രവൃത്തി നടക്കുന്നു. അന്തിമ ട്രാഫിക്‌ സര്‍വേ നടത്തിവരുന്നു. തിരുനാവായ - ഗുരുവായൂര്‍ പുതിയ പാതയ്‌ക്കുള്ള (35 കിലോമീറ്റര്‍) നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഭൂമിയേറ്റെടുക്കലിന്‌ സംസ്‌ഥാന സര്‍ക്കാരില്‍നിന്ന്‌ പിന്തുണ തേടുന്നതായും മന്ത്രി. ശബരി പാത 111 കിലോമീറ്റര്‍ വരുന്ന അങ്കമാലി - ശബരിമല പാതയ്‌ക്കായി റെയില്‍വേ ബോര്‍ഡും കേന്ദ്രസര്‍ക്കാരും സംസ്‌ഥാന സര്‍ക്കാരിനെ സമീപിച്ച്‌ ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചുവെന്ന്‌ ഉറപ്പാക്കിയെന്ന്‌ മന്ത്രി അശ്വിനി വൈഷ്‌ണവ്‌. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള തുടര്‍ച്ചയായ ഇടപെടലുകളെ തുടര്‍ന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍ പദ്ധതിക്കുള്ള ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചു.

Ads by Google
Tuesday 03 Feb 2026 11.04 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW