Friday, March 13, 2026 Last Updated 19 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.04 AM

ശബരിമല സ്വര്‍ണക്കൊള്ള: സുധീഷ്‌കുമാറിനും ജാമ്യം; വാസുവിന്റെ റിമാന്‍ഡ്‌ നീട്ടി

തിരുവനന്തപുരം/കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഡി. സുധീഷ്‌കുമാറിന്‌ കൊല്ലം വിജിലന്‍സ്‌ കോടതി ജാമ്യം അനുവദിച്ചു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്‌ പ്രത്യേകാന്വേഷണസംഘം (എസ്‌.ഐ.ടി) രജിസ്‌റ്റര്‍ ചെയ്‌ത രണ്ട്‌ കേസിലും സ്വാഭാവികജാമ്യം ലഭിച്ചതോടെ സുധീഷ്‌കുമാര്‍ ജയില്‍മോചിതനായി.
കട്ടിളപ്പാളിയിലെയും ദ്വാരപാലകശില്‍പ്പപാളികളിലെയും സ്വര്‍ണം കവര്‍ന്ന കേസുകളില്‍ റിമാന്‍ഡിലായി 90 ദിവസത്തിനകം എസ്‌.ഐ.ടി. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ്‌ സുധീഷ്‌കുമാറിനു സ്വാഭാവികജാമ്യം ലഭിച്ചത്‌. കേസിലെ മറ്റ്‌ പ്രതികളായ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ബി. മുരാരി ബാബുവിനും മുന്‍ അഡ്‌മിനിസ്ര്‌ടേറ്റീവ്‌
ഓഫീസര്‍ എസ്‌. ശ്രീകുമാറിനും നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ കേസില്‍ പ്രതികളായ പ്രധാന ഉദ്യോഗസ്‌ഥരെല്ലാം ജാമ്യം നേടി പുറത്തിറങ്ങി. കഴിഞ്ഞ 29-നാണ്‌ കര്‍ശന ഉപാധികളോടെ ശ്രീകുമാറിനു കോടതി ജാമ്യമനുവദിച്ചത്‌. മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക്‌ സ്വര്‍ണപ്പാളികള്‍ കൈമാറിയപ്പോഴും തിരികെ കൊണ്ടുവന്നപ്പോഴും ശ്രീകുമാറായിരുന്നു അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍. താന്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പ്‌ മഹസറിന്റെ കരട്‌ മുരാരി ബാബു തയാറാക്കിയിരുന്നെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.
അതേസമയം, കേസിലെ മറ്റൊരു പ്രതിയും മുന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എന്‍. വാസുവിന്റെ റിമാന്‍ഡ്‌ 14 ദിവസത്തേക്കു കൂടി നീട്ടി. റിമാന്‍ഡ്‌ കാലാവധി അവസാനിച്ചതോടെ വാസുവിനെ ഇന്നലെ കൊല്ലം വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കിയിരുന്നു. ദ്വാരപാലകശില്‍പ്പപാളി കേസിലെ പ്രതി തന്ത്രി കണ്‌ഠര്‌ രാജീവര്‌ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കട്ടിളപ്പാളി കേസില്‍ ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വാദം കേള്‍ക്കും. ദ്വാരപാലകശില്‍പ്പപാളി കേസില്‍ പോറ്റിക്കു നേരത്തേ ജാമ്യം ലഭിച്ചിരുന്നു. കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചാല്‍ ജയില്‍മോചിതനാകും.

Ads by Google
Tuesday 03 Feb 2026 11.04 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW