-->
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ രാജ്യാന്തര വിമാനക്കമ്പനിയായ എമിറേറ്റ്‌സ്, തിരുവനന്തപുരത്ത് തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ 20-ാം വാര്‍ഷികം ആഘോഷിച്ചു. കേരളത്തിലെ വിനോദസഞ്ചാര, വ്യാപാര മേഖലകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന എമിറേറ്റ്‌സിന്റെ ഈ നാഴികക്കല്ല് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ആഘോഷിക്കപ്പെട്ടത്.
2006 ഫെബ്രുവരി ഒന്നിനാണ് എമിറേറ്റ്‌സ് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ദുബായ്-തിരുവനന്തപുരം റൂട്ടിലായി 19,000-ലധികം വിമാന സര്‍വീസുകളിലൂടെ 46 ലക്ഷത്തിലധികം യാത്രക്കാരെ എമിറേറ്റ്‌സ് ലക്ഷ്യസ്‌ഥാനത്തെത്തിച്ചു.
കേരളത്തിന്റെ ആഗോള ബന്ധങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിലും രാജ്യാന്തര യാത്രാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും എമിറേറ്റ്‌സ് വഹിച്ച പങ്കിനെ ചടങ്ങില്‍ പ്രശംസിച്ചു.നിലവില്‍ തിരുവനന്തപുരം ഉള്‍പ്പെടെ ഇന്ത്യയിലെ ഒമ്പത് നഗരങ്ങളില്‍ നിന്ന് ആഴ്‌ചയില്‍ 167 സര്‍വീസുകളാണ് എമിറേറ്റ്‌സ് നടത്തുന്നത്.
അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ നിന്നായി ദുബായ് വഴി ആറ് ഭൂഖണ്ഡങ്ങളിലെ നൂറ്റമ്പതോളം കേന്ദ്രങ്ങളെ എമിറേറ്റ്‌സ് ബന്ധിപ്പിക്കുന്നു. കേരളവുമായും ദക്ഷിണേന്ത്യയുമായുള്ള ബന്ധം ശക്‌തിപ്പെടുത്തുന്നതില്‍ തിരുവനന്തപുരം നഗരം വലിയ പങ്കുവഹിച്ചതായി എമിറേറ്റ്‌സ് ഇന്ത്യ-നേപ്പാള്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് സര്‍ഹാന്‍ പറഞ്ഞു.
യാത്രാ സേവനങ്ങള്‍ക്ക് പുറമെ, കേരളത്തിന്റെ കയറ്റുമതി മേഖലയ്‌ക്കും എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ വലിയ കരുത്തേകുന്നു. 2019 മുതല്‍ ഇതുവരെ തിരുവനന്തപുരത്ത് നിന്ന് മാത്രം 34,000 ടണ്ണിലധികം ചരക്കാണ് എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ വഴി കയറ്റി അയച്ചത്.