-->
മുംബൈ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മൂന്ന് മക്കള്‍ പാടില്ലെന്ന നിബന്ധനയില്‍ ഇഷ്ടമില്ലാത്ത ഒരു കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്രയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു മകളെ കൊലപ്പെടുത്തിയതിന് മഹാരാഷ്ട്ര നന്ദേദ് സ്വദേശി പാണ്ഡുരംഗ് കോണ്ട്മംഗലെയാണ് അറസ്റ്റിലായത്. ആറുവയസ്സുള്ള മകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കഴിയില്ല എന്ന് മഹാരാഷ്ട്രയില്‍ നിയമമുണ്ട്. മൂന്ന് മക്കള്‍ ഉള്ളതിനാല്‍ പാണ്ഡുരംഗിന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരമായി പാണ്ഡുരംഗ് ആറ് വയസുള്ള തന്റെ ഇരട്ടകളില്‍ ഒരാളെ കൊലപ്പെടുത്തുകയായിരുന്നു. ഇവരില്‍ ഒരാളായ പ്രാച്ചി എന്ന 6 വയസുകാരിയാണ് കൊല്ലപ്പെട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് രാമചന്ദ്ര ഷിന്‍ഡെയാണ് കുട്ടിയെ കൊല്ലാന്‍ ബുദ്ധി ഉപദേശിച്ചത്. അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പാണ്ഡുരംഗ് കുട്ടിയെ തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലേക്ക് കൊണ്ടുപോകുകയും കനാലില്‍ തള്ളിയിട്ടു കൊല്ലുകയുമായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പാണ്ഡുരംഗ് നിരവധി നുണകളാണ് പറഞ്ഞെങ്കിലും ഒടുവില്‍ താനാണ് കുഞ്ഞിനെ കൊന്നത് എന്ന് സമ്മതിക്കുകയായിരുന്നു.
പ്രാചിയെ ഒഴിവാക്കാന്‍ പല വഴികള്‍ തേടിയ ശേഷമാണ് കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്. ആദ്യം പ്രാചിയെ ദത്തുനല്‍കാന്‍ പാണ്ഡുരംഗ് തീരുമാനിച്ചിരുന്നു. എന്നാല്‍ അപ്പോഴും മകള്‍ അല്ലാതാകില്ല എന്നതിനാല്‍ ആ നീക്കം ഉപേക്ഷിച്ചു. മകളെ ഉപേക്ഷിക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് ബൈക്കില്‍ എത്തി മകളെ കനാലില്‍ തള്ളിയിടുന്നത്. മൃതദേഹം ഒഴുകിനടക്കുന്നത് കണ്ട കര്‍ഷകരാണ് പൊലീസിനെ വിവരമറിയിച്ചത്. നന്ദേദിലെ കെരൂര്‍ ഗ്രാമത്തില്‍ ബാര്‍ബര്‍ ആണ് പാണ്ഡുരംഗ് കോണ്ട്മംഗലെ.