-->
ചില ആളുകളെ സംബന്ധിച്ച് പ്രായം വെറുമൊരു സംഖ്യമാത്രമാണ് എന്ന് നാം പറയാറുണ്ട്. വീട്ടിലിരുന്ന് വിശ്രമിക്കേണ്ട പ്രായത്തില്‍ ഇത്തരക്കാര്‍ ജീവിക്കാനായി കഠിനാധ്വാനം നടത്തുകയാണ്. ഇത് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഇവിടെ ഇവിടെ ഒരു മുത്തശ്ശി. പറഞ്ഞുവരുന്നത് 89 വയസ്സുകാരിയായ കമലാബെന്‍ മേത്തയെകുറിച്ചാണ്. മുംബൈയിലെ തിരക്കേറിയ ലോക്കല്‍ ട്രെയിനുകളില്‍ മുത്തുമാലകളും വളകളും വില്‍ക്കുന്ന ഈ മുത്തശ്ശിയുടെ വീഡിയോ ഇപ്പോള്‍ സാമഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയാണ്.
മീത തുഷിത് ഷാ എന്ന യാത്രക്കാരിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഈ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഉച്ച സമയത്തെ കഠിനമായ ചൂടിലും തിരക്കിലും തളരാതെ, കൈയ്യിലൊരു ചെറിയ ബാഗുമായി കച്ചവടം നടത്തുന്ന കമലാബെന്നിനെയാണ് വീഡിയോയില്‍ കാണുന്നത്. നലാസോപാരയിലാണ് താമസമെന്നും 89 വയസ്സായെന്നും അവര്‍ വീഡിയോയില്‍ പുഞ്ചിരിയോടെ പറയുന്നു. മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാന്‍ തയ്യാറാകാത്ത കമലാബെന്‍, തന്റെ താമസത്തിന് കുടുംബത്തിന് പണം നല്‍കാനാണ് ഈ പ്രായത്തിലും ജോലി ചെയ്യുന്നതെന്ന് പറഞ്ഞു. തന്റെ കുടുംബത്തിന് നാണക്കേടുണ്ടാകരുതെന്ന കരുതലോടെ വീടിന്റെ കൃത്യമായ വിലാസം നല്‍കാന്‍ അവര്‍ വിസമ്മതിച്ചു. വെറും 40 രൂപയ്ക്കാണ് അവര്‍ മനോഹരമായ വളകള്‍ വില്‍ക്കുന്നത്. 'ഇതാണ് യഥാര്‍ത്ഥ സ്ത്രീശാക്തീകരണം' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് മീത കുറിച്ചത്.
വീഡിയോ വൈറലായതോടെ 20 ലക്ഷത്തിലധികം ആളുകള്‍ ഇത് കാണുകയും നിരവധി പേര്‍ പിന്തുണയുമായി എത്തുകയും ചെയ്തു. 'എനിക്ക് 40 വയസ്സായി, ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ ഈ ആന്റിയെ ട്രെയിനില്‍ കാണുന്നുണ്ട്. അവരുടെ കരുത്തിന് മുന്നില്‍ തലകുനിക്കുന്നു,' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. സഹായം നല്‍കാന്‍ വന്നവരോട് അത് നിരസിക്കുകയും പകരം സാധനങ്ങള്‍ വാങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന അവരുടെ നിലപാടിനെ പലരും പ്രശംസിച്ചു. മുത്തശ്ശിയെ സുരക്ഷിതമായ ഒരു കെയര്‍ സെന്ററിലേക്ക് മാറ്റാനും ജീവിതകാലം മുഴുവന്‍ സംരക്ഷിക്കാനും തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് സുമനസ്സുകളും രംഗത്തെത്തിയിട്ടുണ്ട്.