Friday, March 13, 2026 Last Updated 6 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.29 AM

ബജറ്റ്‌ അവഗണന: സി.പി.എം. ആയുധമാക്കും

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്‌ കേരളം നീങ്ങവെ, കേന്ദ്ര ബജറ്റിലെ അവഗണന രാഷ്‌ട്രീയ പോരാട്ടത്തിന്റെ പ്രധാന ആയുധമാകും.
അതിവേഗ റെയില്‍ ഇടനാഴികളില്‍നിന്നും എയിംസ്‌ ഉള്‍പ്പെടെയുള്ള സ്വപ്‌നപദ്ധതികളില്‍നിന്നും കേരളത്തെ വെട്ടിനിരത്തിയ കേന്ദ്രസര്‍ക്കാരിനെതിരേ പ്രചാരണം ശക്‌തമാക്കും. ബി.ജെ.പിയുടെ 'ചിറ്റമ്മ നയ'മായി ഉയര്‍ത്തിക്കാട്ടി ജനവികാരം അനുകൂലമാക്കാനാണ്‌ കോണ്‍ഗ്രസും സി.പി.എമ്മും ഒരുങ്ങുന്നത്‌. സംസ്‌ഥാനത്ത്‌ ശക്‌തമായ ത്രികോണമത്സരം ഇല്ലാതാക്കി ബി.ജെ.പിയെ ചിത്രത്തില്‍നിന്നു പുറത്താക്കുക എന്ന പൊതുലക്ഷ്യത്തോടെയാണ്‌ ഇരുമുന്നണികളും ഈ 'ബജറ്റ്‌ വഞ്ചന' ചര്‍ച്ചയാക്കുന്നത്‌.
പിണറായി സര്‍ക്കാരിനെതിരായ വികാരം ഭരണവിരുദ്ധ തരംഗമായി മാറാതെ നേക്കാനാണ്‌ സി.പി.എം തന്ത്രമൊരുക്കല്‍. കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരേയുള്ള പ്രതിഷേധമാക്കി പ്രചരണത്തെ മാറ്റി വികസന അജന്‍ഡയുടെ നേട്ടം കൊയ്യാമെന്ന്‌ സി.പി.എം കണക്കുകൂട്ടുന്നു.
അതേസമയം, പിണറായി സര്‍ക്കാര്‍വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതെ യു.ഡി.എഫ്‌ പാളയത്തിലേക്ക്‌ എത്തിക്കാന്‍ കേന്ദ്ര അവഗണന മികച്ച ആയുധമാകുമെന്നാണ്‌ കോണ്‍ഗ്രസ്‌ വിലയിരുത്തല്‍.
നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2026-27 ബജറ്റില്‍ ദക്ഷിണേന്ത്യയിലെ ഇതര നഗരങ്ങള്‍ക്കെല്ലാം വന്‍ പദ്ധതികള്‍ ലഭിച്ചപ്പോഴും കേരളത്തിന്റെ പേര്‌ പരാമര്‍ശിക്കപ്പെട്ടത്‌ കടലാമ സംരക്ഷണത്തിനും നാളികേര ഉത്‌പാദനത്തിനും മാത്രമാണ്‌. വിഴിഞ്ഞം തുറമുഖത്തിനോ മെട്രോ രണ്ടാം ഘട്ടത്തിനോ പ്രത്യേക പരിഗണന ലഭിച്ചില്ലെന്നു മാത്രമല്ല, സുരേഷ്‌ ഗോപി പലവട്ടം ഉറപ്പുനല്‍കിയ എയിംസ്‌ ഇത്തവണയും പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി. കേരളത്തിന്റെ കൈയിലുള്ള ധാതുമണല്‍ ഖനനം ചെയ്യാനുള്ള ഇടനാഴി പ്രഖ്യാപനം സംസ്‌ഥാനത്തിന്റെ സ്വാഭാവിക സമ്പത്ത്‌ ലക്ഷ്യമിട്ടുള്ളതാണെന്ന ആക്ഷേപവും ശക്‌തമാണ്‌.
ഏഴ്‌ അതിവേഗ ഇടനാഴികളില്‍നിന്നും കേരളത്തെ പുറന്തള്ളിയത്‌ കടുത്ത വിവേചനമാണെന്ന്‌ സി.പി.എം വാദമുയര്‍ത്തും. സംസ്‌ഥാനത്തെ പാടേ അവഗണിച്ച ബജറ്റ്‌ രാഷ്‌ട്രീയമായി വലിയ തിരിച്ചടിയാകുമെന്ന്‌ ഉറപ്പായതോടെ ബി.ജെ.പിയും പ്രതിരോധം കടുപ്പിച്ചിരിക്കുകയാണ്‌.
കേരളത്തിന്‌ കിട്ടിയ പദ്ധതികള്‍ പോലും നടപ്പാക്കാത്ത പിണറായി സര്‍ക്കാരിന്റെ വീഴ്‌ചയാണ്‌ ഇതിനെല്ലാം കാരണമെന്നാണ്‌ ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖറിന്റെ മറുപടി.
എയിംസിനായി ഭൂമി ഏറ്റെടുത്തു നല്‍കുന്നതില്‍ സംസ്‌ഥാനം കാണിക്കുന്ന അനാസ്‌ഥയും കേന്ദ്ര പദ്ധതികളുടെ പേര്‍ മാറ്റുന്നതുമാണ്‌ വികസനത്തിന്‌ തടസ്സമെന്നും അദ്ദേഹം ആരോപിക്കുന്നു.
എന്നാല്‍, തെരഞ്ഞെടുപ്പ്‌ അടുത്ത വേളയില്‍ കേന്ദ്രത്തിന്റെ ഈ തണുപ്പന്‍ സമീപനം ബി.ജെ.പിക്കു വലിയ തിരിച്ചടിയാകാനാണ്‌ സാധ്യത.
ചരിത്രത്തില്‍ കാണാത്ത അവഗണന: സി.പി.എം.
തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റില്‍ ചരിത്രത്തിലില്ലാത്ത അവഗണനയാണെന്ന്‌ സി.പി.എം. കേരളം ഒന്നടങ്കം ശക്‌തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും സി.പി.എം സംസ്‌ഥാന സെക്രട്ടേറിയറ്റ്‌. ഏഴ്‌ അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചിട്ടും കേരളത്തെ പരിഗണിച്ചില്ല. ഇവിടുത്തെ ജനങ്ങളോട്‌ പകതീര്‍ക്കുകയാണ്‌ ബി.ജെ.പി. 12 പുതിയ ജലപാതകളിലും കേരളമില്ല.
അതിവേഗ പാത, നിലമ്പൂര്‍- നഞ്ചന്‍കോട്‌, തലശേരി- മൈസൂര്‍, കാഞ്ഞങ്ങാട്‌- കാണിപ്പയ്യൂര്‍ റെയില്‍പ്പാതകള്‍, വര്‍ഷങ്ങളായി സ്‌ഥലമേറ്റെടുത്ത്‌ കാത്തിരിക്കുന്ന എയിംസ്‌, റബറിനും പരമ്പരാഗത മേഖലയ്‌ക്കുമുള്ള സഹായങ്ങള്‍, നെല്ലിന്‌ സംഭരണ വിലയുയര്‍ത്തല്‍ തുടങ്ങി പ്രതീക്ഷകളേറെയായിരുന്നു.
മുഖ്യമന്ത്രിയടക്കം ഈ ആവശ്യങ്ങള്‍ ഉന്നയിച്ചതാണ്‌. ബജറ്റിന്‌ മുന്നോടിയായി കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തി നിവേദനവും നല്‍കി. ഫിനാന്‍സ്‌ കമ്മീഷന്‍ വിഹിതം ഉയര്‍ത്തണമെന്ന ആവശ്യം പരിഗണിക്കാത്തത്‌ കടുത്ത നിരാശയാണുണ്ടാക്കുന്നത്‌.
റവന്യു ഡഫസിറ്റ്‌ ഗ്രാന്റ്‌ ഉപേക്ഷിക്കുക വഴി കേരളത്തിന്റെ സാമ്പത്തിക അടിത്തറ ദുര്‍ബലപ്പെടും. ഫെഡറലിസത്തെ തന്നെ വെല്ലുവിളിക്കുകയാണ്‌ കേന്ദ്രം. കേരളം എന്ന പേര്‌ പോലും ബജറ്റില്‍ മുന്‍പ്‌ ഉണ്ടാകാറില്ലെങ്കില്‍ ഇക്കുറി കടലാമയെന്നും, തേങ്ങയെന്നും വന്നിട്ടുണ്ട്‌.
ധാതു ഇടനാഴിയില്‍ ഉള്‍പ്പെടുത്തിയതിന്റെ പിന്നില്‍ എന്ത്‌ അജന്‍ഡയാണ്‌ ഒളിഞ്ഞിരിക്കുന്നതെന്ന്‌ വ്യക്‌തമാണ്‌. ഇവിടുത്തെ ധാതുക്കള്‍ ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക്‌ കൊള്ളയടിക്കാന്‍ വഴി തുറന്നിടുകയാണെങ്കില്‍ ശക്‌തമായി നേരിടേണ്ടി വരും. കേന്ദ്ര സര്‍ക്കാരും, കേരളത്തിലെ ബി.ജെ.പി നേതാക്കളും മറുപടി പറയണമെന്നും സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അഭ്യര്‍ഥിച്ചു.

Ads by Google
Monday 02 Feb 2026 01.29 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW