-->
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് സമ്പൂര്‍ണനിരാശയാണ് സമ്മാനിക്കുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. എയിംസ് എന്നും അതിവേഗ റെയില്‍പാത എന്നുമൊക്കെ പറഞ്ഞു ബി.ജെ.പി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. മൂന്ന് ആയുര്‍വേദ ഇന്‍സ്‌റ്റിസ്‌റ്റ്യൂട്ടുകള്‍ സ്‌ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടെങ്കിലും ഒന്നെങ്കിലും കേരളത്തിന് ലഭിക്കുമെന്ന സൂചനയില്ല. പ്രധാനന്ത്രി തിരുവനന്തപുരത്ത് വന്ന് വികസിത ഭാരത്തെപ്പറ്റി വാചാലമായാണ് സംസാരിച്ചത്. എന്താ മോദിയുടെ വികസിത ഭാരതത്തില്‍ കേരളം പെടില്ലേ?
2014 ലെ മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മുതല്‍ കേരളത്തിന് അവഗണനയാണ്. തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രധാനമന്ത്രിയും മറ്റു ബി.ജെ.പി നേതാക്കളും റോഡ്‌ഷോയുമായി കേരളത്തിന്റെ തെരുവുകളിലിറങ്ങും. ഇടിവെട്ടുപോലെ പ്രഖ്യാപനങ്ങള്‍ നടത്തും. പിന്നെ എല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാകും.
ഏഴു സംസ്‌ഥാനങ്ങളില്‍ അതിവേഗ റെയില്‍ പ്രഖ്യപിച്ചപ്പോള്‍ അതിലെങ്കിലും കേരളത്തെ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. സുരേഷ് ഗോപി എയിംസ് പോക്കിറ്റിലുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും എടുത്തുതരാമെന്നുമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ബജറ്റ് വന്നപ്പോള്‍ വട്ടപ്പൂജ്യം. - ചെന്നിത്തല വിമര്‍ശിച്ചു.