-->
കോതമംഗലം: വനംവകുപ്പിനുള്ള മൊത്തം ബജറ്റ് വിഹിതത്തില്‍ കുറവ് വരുത്തി ധന വകുപ്പ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം വനം വകുപ്പിനുള്ള വിഹിതം 305 കോടി രൂപയായിരുന്നത് 2025-26 ലെ ബജറ്റില്‍ 288.60 കോടിയായി കുറച്ചു. 16.4 കോടി രൂപയുടെ കുറവാണുണ്ടായത്.
പദ്ധതികള്‍ വെട്ടിക്കുറച്ചതുമൂലം കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ പകുതി തുകപോലും ചെലവഴിക്കാന്‍ സാധിച്ചിട്ടില്ല. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ പദ്ധതികള്‍ സാമൂഹികമാധ്യമങ്ങളില്‍ നല്‍കുന്നതല്ലാതെ സ്‌ഥായിയായ പരിഹാരം കാണാന്‍ വനം വകുപ്പിനു കഴിഞ്ഞിട്ടില്ല. ഏതാനും വര്‍ഷങ്ങളായി വനം വകുപ്പിന്റെ വരുമാനത്തിലുണ്ടായ കുറവാണ് വിഹിതം വെട്ടിക്കുറയ്‌ക്കാന്‍ ധനവകുപ്പിനെ പ്രേരിപ്പിച്ചതെന്നറിയുന്നു. പ്രതിവര്‍ഷ വരുമാനം 300 കോടിയോളം ഉണ്ടായിരുന്നിടത്ത് കഴിഞ്ഞവര്‍ഷം 245 കോടി മാത്രമാണു ലഭിച്ചത്.
തടിവില്‍പ്പന കുറഞ്ഞതാണു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ട് തടിയുടെ സ്‌റ്റോക്ക് വര്‍ധിപ്പിക്കാന്‍ ഈ വര്‍ഷം അഞ്ചുകോടി രൂപ വനംവകുപ്പ് വകയിരുത്തിയിട്ടുണ്ട്. അതേസമയം, സംസ്‌ഥാന സര്‍ക്കാര്‍ അംഗീകരിച്ച സ്വാഭാവിക വന പുനഃസ്‌ഥാപന നയത്തിനെതിരാണ് ഈ തീരുമാനമെന്നാണു വിദഗ്‌ധര്‍ പറയുന്നത്. കേരളത്തിലെ വനവിസ്‌തൃതി വന്‍തോതില്‍ വര്‍ധിച്ചതായി സംസ്‌ഥാനത്തിന്റെ സാമ്പത്തിക അവലോകന രേഖയിലുണ്ട്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടെ 5209 ചതുരശ്ര കിലോമീറ്ററാണ് സംസ്‌ഥാന വനവിസ്‌തൃതിയിലുണ്ടായ വര്‍ധന. ഇതില്‍ പകുതിയിലേറെയും സംരക്ഷിത വനപ്രദേശങ്ങളാണ്.
തടി വെട്ടിവിറ്റ് വനംവകുപ്പ് പണമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍, പട്ടയഭൂമിയിലെ നട്ടുപിടിപ്പിച്ച മരം മുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദമില്ലാത്ത സ്‌ഥിതിയാണ്. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം ഭൂമി പതിച്ചുനല്‍കുമ്പോള്‍ അവിടെ നില്‍ക്കുന്ന തേക്ക്, വീട്ടി, ചന്ദനം, എബണി വൃക്ഷങ്ങളുടെ അവകാശം സര്‍ക്കാരിനായിരിക്കുമെന്നു വ്യക്‌തമാക്കുന്ന ചട്ട ഭേദഗതിക്ക് ജനുവരി ഏഴിനു കൂടിയ മന്ത്രിസഭയും അംഗീകാരം നല്‍കിയിട്ടുണ്ട്. കോടിക്കണക്കിനു രൂപയുടെ മരം വനംവകുപ്പ് മുറിച്ചുവില്‍ക്കുമ്പോള്‍ ഉണ്ടാകാത്ത എന്തു പാരിസ്‌ഥിതിക പ്രശ്‌നമാണ് കര്‍ഷകന്‍ പട്ടയഭൂമിയിലെ മരം മുറിക്കുമ്പോള്‍ ഉണ്ടാകുന്നതെന്നു മനസിലാകുന്നില്ലെന്ന് ഫാര്‍മേഴ്‌സ് അവയര്‍നസ് റിവൈവല്‍ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി സിജുമോന്‍ ഫ്രാന്‍സിസ് പറഞ്ഞു.