Friday, March 13, 2026 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.03 AM

ആടിയുലഞ്ഞ്‌ വിപണി ; സെക്യൂരിറ്റീസ്‌ ട്രാന്‍സാക്‌ഷന്‍ നികുതി പിടിച്ചുലച്ചു

ഓഹരി ഇടപാടുകള്‍ക്ക്‌ അമിതഭാരത്തിന്‌ ഇടയാക്കുന്ന സെക്യൂരിറ്റീസ്‌ ട്രാന്‍സാക്‌ഷന്‍ നികുതിബജറ്റില്‍ പ്രഖ്യാപിച്ചത്‌ വിപണിയെ പിടിച്ചുലച്ചു. ഞായറാഴ്‌ച നടന്ന പ്രത്യേക വ്യാപാരത്തിനിടയിലാണ്‌ ബജറ്റില്‍ പുതിയ നികുതി ധനമന്ത്രി വെളിപ്പെടുത്തിയത്‌. ഇടപാടുകളുടെ ആദ്യപകുതിയില്‍ കാര്യമായ ചാഞ്ചാട്ടം മുന്‍ നിരസൂചികളില്‍ ദൃശ്യമായില്ലെങ്കിലും രണ്ടാംപകുതിയില്‍ വിപണി ആടിയുലഞ്ഞു. ബോംബെ സെന്‍സെക്‌സ്‌ 1546 പോയിന്റും നിഫ്‌റ്റി സൂചിക 495 പോയിന്റും ഇടിഞ്ഞു.
കഴിഞ്ഞവാരം സെന്‍സെക്‌സ്‌ 757 പോയിന്റും നിഫ്‌റ്റി സൂചിക 370 പോയിന്റും മികവിലായിരുന്നങ്കിലും ആ തിളക്കം ബജറ്റ്‌ ദിനത്തിലെ ഒറ്റ വ്യാപാരത്തില്‍ നഷ്‌ടപ്പെട്ടു. പ്രവാസികള്‍ക്ക്‌ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ നിക്ഷേപത്തിന്‌ അവസരം ഒരുക്കാന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്‌റ്റ്‌മെന്റ്‌ സ്‌കീമില്‍ ധനമന്ത്രി മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്‌ പ്രവാസികളെ ആകര്‍ഷിക്കും.
വിദേശധനകാര്യസ്‌ഥാപനങ്ങള്‍ ജനുവരിയില്‍ വില്‍പ്പനയ്‌ക്കാണ്‌ മുന്‍ തൂക്കം നല്‍കിയത്‌, അവര്‍ 41,435 കോടി രൂപയുടെ ഓഹരികള്‍ പോയമാസം വിറ്റു. ആഭ്യന്തരഫണ്ടുകള്‍ പിന്നിട്ടമാസം 69,220 കോടിരൂപയുടെ വാങ്ങലിന്‌ ഉത്സാഹിച്ചു. പോയവാരത്തിലും ആഭ്യന്തരമ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങലുകാര്‍ മൊത്തം 14,999 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു. വാരാന്ത്യം അവര്‍ 301 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
സെന്‍സെക്‌സ്‌ വാരത്തിന്റെ തുടക്കത്തില്‍ 81,537 പോയിന്റില്‍നിന്നും കൂടുതല്‍ മികവിന്‌ ശ്രമംനടത്തിയെങ്കിലും മുന്‍നിര ഓഹരികളിലെ ശക്‌തമായ വില്‍പ്പനസമ്മര്‍ദത്തില്‍ സൂചിക 81,131ലേക്ക്‌ താഴ്‌ന്നശേഷം വാരാന്ത്യം 82,697 പോയിന്റിലേക്ക്‌ ഉയര്‍ന്നു. വിപണിയുടെ സാങ്കേതിക ചലനങ്ങള്‍ നിരീക്ഷിച്ചാല്‍ സൂപ്പര്‍ ട്രെന്‍ഡ്‌, പാരാബോളിക്ക്‌ എസ്‌.എ.ആര്‍ തുടങ്ങിയ വില്‍പ്പനക്കാര്‍ക്ക്‌ അനുകൂലമാണ്‌.
നിഫ്‌റ്റി സൂചിക 25,048 ല്‍നിന്നും 24,945 പോയിന്റ്‌ വരെ താഴ്‌ന്നങ്കിലും വാരാന്ത്യം 25,418 ലാണ്‌. ഇന്നലെ ബജറ്റ്‌ പ്രഖ്യാപനദിനത്തിലെ പ്രത്യേക വ്യാപാരത്തില്‍ തുടക്കത്തില്‍ സൂചിക 25,472ലേക്ക്‌ ഉയര്‍ന്നെങ്കിലും പിന്നീട്‌ 24,825 പോയിന്റിലേക്ക്‌ ഇടിഞ്ഞു.
നിഫ്‌റ്റി ഫ്യൂച്ചേഴ്‌സ്‌ ഫെബ്രുവരി 25,416 ലായിരുന്നു വ്യാപാരാന്ത്യം. നിഫ്‌റ്റി ഫ്യൂച്ചേഴ്‌സ്‌ 25,100 25,550 പരിധിക്കുള്ളിലാണ്‌ ചാഞ്ചാടിയത്‌. വിപണിയിലെ ഓപ്പണ്‍ ഇന്ററസ്‌റ്റ്‌ പുതിയനിക്ഷേപകരുടെ കടന്നുവരവില്‍ 117 ലക്ഷം കരാറുകളില്‍നിന്നും 182ലേക്ക്‌ കുതിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതി നിര്‍ദേശം ഫ്യൂച്ചേഴ്‌സില്‍ വന്‍ സമ്മര്‍ദമുളവാക്കിയതോടെ 24,635ലേക്ക്‌ ഇടിഞ്ഞു.
മുന്‍ നിരഓഹരികളായ ഐ.സി.ഐ.സി.ഐ. ബാങ്ക്‌, എസ്‌.ബി.ഐ, ആക്‌സിസ്‌ ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ഐ.റ്റി.സി, ആര്‍.ഐ.എല്‍, എയര്‍ ടെല്‍, മാരുതി, എല്‍ ആന്‍ഡ്‌ ടി, ടെക്‌ മഹീന്ദ്ര, ടെക്‌ മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ തിരിച്ചടി നേരിട്ടു.

രൂപയ്‌ക്ക്‌ വീണ്ടും മൂല്യതകര്‍ച്ച

ഡോളറിന്‌ മുന്നില്‍ രൂപ 91.38 ല്‍നിന്നും 92.19ലേക്ക്‌ ദുര്‍ബലമായി. ജനുവരിയില്‍ രൂപയ്‌ക്ക്‌ 2.3 ശതമാനം ഇടിവ്‌ നേരിട്ടു.

സ്വര്‍ണം തകര്‍ച്ചയില്‍

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം റെക്കോഡ്‌ പുതുക്കിയശേഷം കനത്ത തകര്‍ച്ചയില്‍.
ന്യൂയോര്‍ക്കില്‍ ഔണ്‍സിന്‌ 4978 ഡോളറില്‍നിന്ന്‌ 5597 ഡോളര്‍ വരെ ഉയര്‍ന്നു. വിപണി സാങ്കേതിമായി ഓവര്‍ ബ്രോട്ട്‌ മേഖലയിലേക്ക്‌ പ്രവേശിച്ചതു കണ്ട്‌ വാരത്തിന്റെ രണ്ടാം പകുതിയില്‍ ഫണ്ടുകള്‍ ലാഭമെടുപ്പിലേക്ക്‌ ചുവടുമാറ്റിയത്‌ മഞ്ഞലോഹത്തെ പിടിച്ചുലച്ചു. സ്വര്‍ണവില റെക്കോഡ്‌ തലത്തില്‍നിന്ന്‌ വാരാന്ത്യം 4895ഡോളറിലേക്ക്‌ ഇടിഞ്ഞു.
വിപണിയെ സാങ്കേതമായി വീക്ഷിച്ചാല്‍ 21 ദിവസങ്ങളിലെ ശരാശരിയായ 4752 ഡോളറില്‍ സ്വര്‍ണത്തിന്‌ താങ്ങ്‌ പ്രതീക്ഷിക്കാം. അതേസമയം, വിപണിയുടെ ട്രെന്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട്‌ 4530 ഡോളറിലാണ്‌. താഴ്‌ന്ന റേഞ്ചില്‍ പുതിയവാങ്ങലുകള്‍ക്ക്‌ ഒരുങ്ങുന്നവര്‍ രാജ്യാന്തര വിപണി സപ്പോര്‍ട്ട്‌ നിലനിര്‍ത്തുമോയെന്ന്‌ വീക്ഷിക്കുന്നത്‌ അഭികാമ്യം. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണം മുന്നേറാന്‍ ശ്രമം നടത്തിയാല്‍ 5150 ഡോളറില്‍ ആദ്യപ്രതിരോധം തലയുയര്‍ത്താം
ആഭ്യന്തര അവധിവ്യാപാരകേന്ദ്രമായ എം.സി.എക്‌സില്‍ പത്ത്‌ ഗ്രാം സ്വര്‍ണവില സര്‍വകാല റെക്കോഡായ1,80,779 രൂപവരെ കയറിയശേഷം വാരാന്ത്യം1,49,653 രൂപയായി ഇടിഞ്ഞു. വിപണിയുടെ 21 ദിവസങ്ങളിലെ ശരാശരിയായ 1,46,700 രൂപയില്‍ താങ്ങുണ്ട്‌. ഇത്‌ നിലനിര്‍ത്താന്‍ സ്വര്‍ണത്തിനായില്ലെങ്കില്‍ 1,43,480 രൂപയിലേക്ക്‌ പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കാം.

Ads by Google
Monday 02 Feb 2026 01.03 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW