-->
ആഗോള വ്യാപാര ഭൂപടത്തില്‍ അമേരിക്കയും ചൈനയും സൃഷ്‌ടിക്കുന്ന അനിശ്‌ചിതത്വങ്ങള്‍ക്കിടയില്‍, ഇന്ത്യയും യൂറോപ്യന്‍ യൂണിയനും (ഇ.യു.) കൈകോര്‍ക്കുമ്പോള്‍ അത് കേവലമൊരു കച്ചവട കരാറിനപ്പുറം പുതിയൊരു അധികാര സമവാക്യമായി മാറുകയാണ്. 200 കോടി ജനങ്ങളെ ഉള്‍ക്കൊള്ളുന്ന രണ്ട് ജനാധിപത്യ ചേരികള്‍ ഒന്നിക്കുമ്പോള്‍, അത് നിലവിലെ ആഗോള വിതരണ ശൃംഖലയെ അടിമുടി പൊളിച്ചെഴുതാന്‍ കെല്‍പ്പുള്ളതാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 'താരിഫ് യുദ്ധം' ഈ കരാറിനെ വേഗത്തിലാക്കിയെന്നത് നിസ്‌തര്‍ക്കമാണ്. അമേരിക്കയെയും ചൈനയെയും അമിതമായി ആശ്രയിക്കുന്നത് കുറയ്‌ക്കുക എന്ന യൂറോപ്പിന്റെ തന്ത്രപരമായ നീക്കവും, ആഗോള ഉത്‌പാദനത്തിന്റെ കേന്ദ്രബിന്ദുവാകാനുള്ള ഇന്ത്യയുടെ ശ്രമവും ഒരേ ബിന്ദുവില്‍ സംഗമിച്ചതാണ് ഈ കരാറിന്റെ വിജയം.
ആഗോള മൂല്യശൃംഖലയിലെ
ഇന്ത്യന്‍ കുതിപ്പ്
ഇന്ത്യന്‍ വ്യവസായ ലോകം ഈ കരാറിനെ കാണുന്നത് വെറുമൊരു വിപണി പ്രവേശനമായല്ല, മറിച്ച് 'ആഗോള മൂല്യശൃംഖലയിലേക്ക്' ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്കുള്ള ടിക്കറ്റായാണ്. വാഹന വിപണിയിലെ നികുതി കുറയുന്നതിനപ്പുറം, ഇന്ത്യയിലെ വാഹന നിര്‍മാണ ആവാസവ്യവസ്‌ഥയില്‍ വരാനിരിക്കുന്ന സാങ്കേതിക വിപ്ലവമാണ് ബി.എം.ഡബ്ല്യു, മെഴ്‌സിഡീസ് തുടങ്ങിയ ആഗോള ഭീമന്മാര്‍ ഉറ്റുനോക്കുന്നത്. ഘട്ടംഘട്ടമായുള്ള തീരുവ കുറയ്‌ക്കല്‍ ഇന്ത്യയിലേക്ക് അത്യാധുനിക സാങ്കേതികവിദ്യ എത്തിക്കുന്നതിനും, ഭാവിയിലെ മൊബിലിറ്റി സൊല്യൂഷനുകള്‍ ഇവിടെ വികസിപ്പിക്കുന്നതിനും വഴിയൊരുക്കുമെന്ന് ബി.എം.ഡബ്ല്യു. ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ. ഹര്‍ദീപ് സിങ് ബ്രാര്‍ ചൂണ്ടിക്കാട്ടുന്നു.
അതായത്, കാര്‍ വില്‍ക്കാനുള്ള വിപണി എന്നതിലുപരി, കാറുകളും ഘടകങ്ങളും നിര്‍മിച്ചു ലോകമെമ്പാടും കയറ്റുമതി ചെയ്യാനുള്ള ഒരു ഹബ്ബായി ഇന്ത്യ മാറും. യൂറോപ്യന്‍ കമ്പനികള്‍ക്ക് വര്‍ഷം തോറും 43,400 കോടി രൂപയോളം തീരുവയിനത്തില്‍ ലാഭിക്കാന്‍ കഴിയുമെന്നത് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കാന്‍ അവരെ പ്രേരിപ്പിക്കും.
ടെക്‌സ്‌റ്റൈല്‍സും ഫാര്‍മയും:
കണക്കുകള്‍ക്കപ്പുറത്തെ വളര്‍ച്ച
യൂറോപ്പിന്റെ 263.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 22 ലക്ഷം കോടി രൂപ) വരുന്ന വമ്പന്‍ ടെക്‌സ്‌റ്റൈല്‍ വിപണി ഇന്ത്യക്ക് മുന്നില്‍ പൂര്‍ണമായി തുറക്കപ്പെടുകയാണ്. നിലവില്‍ യൂറോപ്യന്‍ വിപണിയില്‍ ഇന്ത്യയുടെ വസ്‌ത്ര കയറ്റുമതി വളര്‍ച്ച വെറും മൂന്നു ശതമാനമാണെങ്കില്‍, ഈ കരാറിലൂടെ അത് 20-25 ശതമാനത്തിലേക്ക് കുതിക്കുമെന്നാണ് കണക്കുകൂട്ടല്‍. സിന്തറ്റിക് വസ്‌ത്രങ്ങള്‍, ഹോം ടെക്‌സ്‌റ്റൈല്‍സ്, നൂല്‍ തുടങ്ങിയ മേഖലകളില്‍ ബംഗ്ലാദേശിനും വിയറ്റ്‌നാമിനും ലഭിച്ചിരുന്ന മുന്‍ഗണന ഇനി ഇന്ത്യക്കും ലഭിക്കും.
മരുന്ന് വ്യവസായത്തിലും സമാനമായ മാറ്റം പ്രതീക്ഷിക്കാം. മരുന്നുകളുടെ അസംസ്‌കൃത വസ്‌തുക്കള്‍, മൂല്യവര്‍ധിത മരുന്നുകള്‍ എന്നിവയ്‌ക്ക് തീരുവ ഇല്ലാതാകുന്നത് ഇന്ത്യയിലെ ചെറുകിട സംരംഭങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. യൂറോപ്യന്‍ ആരോഗ്യ സംവിധാനത്തിന് കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ലഭിക്കാന്‍ ഇത് സഹായിക്കുമ്പോള്‍, ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് സുസ്‌ഥിരവും പ്രവചിക്കാവുന്നതുമായ ഒരു വിപണിയാണ് ലഭിക്കുന്നത്.
സേവന മേഖലയും ഐടിയും: അതിരുകള്‍ മായുന്നു
ചരക്കുകള്‍ക്കപ്പുറം, സേവന മേഖലയിലും വലിയ മുന്നേറ്റമാണ് കരാര്‍ വാഗ്‌ദാനം ചെയ്യുന്നത്. ഐടി സേവനങ്ങള്‍ക്കായി അമേരിക്കയെ അമിതമായി ആശ്രയിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് യൂറോപ്പ് ഒരു ബദല്‍ വിപണിയാകും. 144 സേവന ഉപമേഖലകളിലാണ് ഇന്ത്യക്ക് ഇ.യു പ്രവേശനം നല്‍കുന്നത്. 'നാസ്‌കോം' നിരീക്ഷിക്കുന്നത് പോലെ, ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് യൂറോപ്പിലേക്കുള്ള സഞ്ചാരവും, അതിര്‍ത്തി കടന്നുള്ള സേവനങ്ങളും കൂടുതല്‍ എളുപ്പമാകും. ഭൗമരാഷ്‌ട്രീയ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ ടെക് കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ഇത് കരുത്തേകും.
ആണവോര്‍ജവും ശാസ്‌ത്രീയ
സഹകരണവും
കച്ചവടത്തിനപ്പുറം ശാസ്‌ത്ര സാങ്കേതിക രംഗത്തെ സഹകരണമാണ് ഈ കരാറിന്റെ മറ്റൊരു സവിശേഷത. ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിനായി 'യൂററ്റം' കരാറിന് കീഴിലുള്ള സഹകരണം ഇന്ത്യക്ക് നിര്‍ണായകമാണ്. ന്യൂക്ലിയര്‍ സയന്‍സ്, റേഡിയേഷന്‍ സുരക്ഷ, റേഡിയോ-ഫാര്‍മസ്യൂട്ടിക്കല്‍സ്, ക്യാന്‍സര്‍ ചികിത്സ എന്നിവയില്‍ സംയുക്‌ത ഗവേഷണത്തിന് ഇത് വഴിയൊരുക്കും. യൂറോപ്യന്‍ യൂണിയന്റെ ഗവേഷണ പദ്ധതിയായ 'ഹൊറൈസണ്‍ യൂറോപ്പി'ലൂടെ ഊര്‍ജം, വെള്ളം, സെമികണ്ടക്‌ടര്‍ തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്ക് സാമ്പത്തിക സഹായവും സാങ്കേതിക സഹകരണവും ലഭിക്കും. ഇത് ഇന്ത്യയുടെ ഗവേഷണ മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും.
കാര്‍ബണ്‍ നികുതിയിലെ ആശ്വാസം
യൂറോപ്യന്‍ യൂണിയന്‍ നടപ്പിലാക്കുന്ന 'കാര്‍ബണ്‍ ബോര്‍ഡര്‍ അഡ്‌ജസ്‌റ്റ്‌മെന്റ് മെക്കാനിസം' ഇന്ത്യന്‍ സ്‌റ്റീല്‍ കയറ്റുമതിക്ക് വലിയ ഭീഷണിയായിരുന്നു. എന്നാല്‍, ഈ കരാറിലൂടെ, കാര്‍ബണ്‍ നികുതിയുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് അനുകൂലമായ ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. ഇന്ത്യന്‍ സ്‌റ്റീല്‍ വ്യവസായത്തെ സംബന്ധിച്ചിടത്തോളം വലിയൊരു വിജയമാണിത്.
ട്രംപിന്റെ അമേരിക്കയും ഷി ജിന്‍പിങ്ങിന്റെ ചൈനയും നിയന്ത്രിക്കുന്ന ലോകക്രമത്തില്‍, പരസ്‌പരം താങ്ങാവാനും വളരാനും ഇന്ത്യയും യൂറോപ്പും തീരുമാനിച്ചതിന്റെ പ്രഖ്യാപനമാണ് ഈ കരാര്‍. അത് കേവലം വിലക്കുറവിന്റെ കണക്കുകള്‍ മാത്രമല്ല, മറിച്ച് വരാനിരിക്കുന്ന ഒരു ശതാബ്‌ദത്തേക്കുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ തുടക്കമാണ്. വ്യവസായ ലോകം ആഗ്രഹിച്ചതുപോലെ, ആഗോള വിപണിയില്‍ ഇന്ത്യയുടെ സ്‌ഥാനം ഉറപ്പിക്കാന്‍ ഈ കരാറിന് സാധിക്കും.
കെ.ജി. സന്ദീപ്