-->
ഒരു വശത്ത് ആന, കാണ്ടാമൃഗം പോലുള്ള കരുത്തന്മാര്‍, മറുവശത്ത് ഉറുമ്പുകള്‍ തുടങ്ങി മുയല്‍ വരെയുള്ള കുഞ്ഞന്മാര്‍. പക്ഷേ, വേഗത്തിന്റെ റെക്കോഡ് ചീറ്റപ്പുലികള്‍ക്കാണ്. അതി ഭീമന്മാരെയും ഭാരമില്ലാത്ത കുഞ്ഞന്മാരെയും മറികടന്ന് ചീറ്റപ്പുലികള്‍ എങ്ങനെ ഒന്നാമതായി? അതിനുള്ള ഉത്തരം അല്‍പം സങ്കീര്‍ണമാണ്. രണ്ട് മില്ലിഗ്രാം ഭാരമുള്ള ഉറുമ്പിന് 100 മില്ലിഗ്രാം ഉയര്‍ത്താന്‍ പറ്റും. 50 കിലോ ഭാരമുള്ള മനുഷ്യന്‍ 2500 കിലോഗ്രാം ഭാരമുയര്‍ത്തുന്നതുപോലെ... നമ്മള്‍ ആരും ശ്രദ്ധിക്കാത്ത ഭൂമിയിലെ ഈ റെക്കോഡുകള്‍ക്കു പിന്നില്‍ രഹസ്യമുണ്ട്.
ഭൂമിയിലെ ഏറ്റവും വേഗതയേറിയ മൃഗങ്ങളെ പരിഗണിക്കുമ്പോള്‍, വലുപ്പത്തിന് പ്രാധാന്യം ഉണ്ടാകുമെന്ന് തോന്നാം. ഏകദേശം 50 കിലോഗ്രാം ഭാരമുള്ള ചീറ്റപ്പുലി മണിക്കൂറില്‍ 104 കിലോമീറ്റര്‍ വരെ വേഗം കൈവരിച്ച് മറ്റ് ജീവികളെ പിന്നിലാക്കി. ഭാരം കുറഞ്ഞ ഉറുമ്പുകളും ഭാരമേറിയ ആനകളും വേഗത്തിന്റെ കാര്യത്തില്‍ ചീറ്റകളേക്കാള്‍ ഏറെ പിന്നിലാണ്.
ഇംപീരിയല്‍ കോളജ് ലണ്ടന്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ക്വീന്‍സ്‌ലാന്‍ഡ്, യൂണിവേഴ്‌സിറ്റി ഓഫ് ദ് സണ്‍ഷൈന്‍ കോസ്‌റ്റ് എന്നിവിടങ്ങളിലെ ഗവേഷകരാണു മൃഗലോകത്തെ വേഗരഹസ്യം അറിയാന്‍ രംഗത്തിറങ്ങിയത്. അവര്‍ കണ്ടെത്തിയത് പേശികളില്‍ ഒളിച്ചിരിക്കുന്ന രഹസ്യവും.
പേശികളുടെ പ്രവര്‍ത്തനം രണ്ട് വ്യത്യസ്‌ത പരിധികള്‍ സൃഷ്‌ടിക്കുന്നു എന്ന് അവര്‍ കണ്ടെത്തി. ഒരു മൃഗത്തിന് എത്ര വേഗത്തില്‍ ഓടാന്‍ കഴിയും എന്ന് നിര്‍ണയിക്കുന്നത് പേശികളാണ്.
കണക്ക് തെറ്റിക്കുന്ന പേശികള്‍
മൃഗങ്ങളിലെ മിക്ക ശാരീരിക ഗുണങ്ങളും വലുപ്പത്തിനനുസരിച്ച് മാറും. ശക്‌തി, കാലുകളുടെ നീളം, ആയുസ്, തലച്ചോറിന്റെ വലുപ്പം എന്നിവ മൃഗങ്ങള്‍ വലുതാകുമ്പോള്‍ സാധാരണയായി വര്‍ധിക്കുന്നു. എന്നാല്‍ ഓട്ടത്തിന്റെ വേഗത ആ 'നിയമങ്ങള്‍' പാലിക്കുന്നില്ല. ഏറ്റവും വേഗതയേറിയ ഓട്ടക്കാര്‍ ഏറ്റവും വലുതോ ചെറുതോ ആയ മൃഗങ്ങളല്ല. ചീറ്റപ്പുലികള്‍ പോലുള്ള ഇടത്തരം മൃഗങ്ങളാണ്, അവ പരമാവധി വേഗത കൈവരിക്കാന്‍ അനുവദിക്കുന്ന അവസ്‌ഥയിലേക്ക് എത്തിച്ചേരും.
രണ്ട് പരിധികള്‍
ആദ്യ പരിധി ബാധിക്കുക ചെറിയ ജീവികളെയാണ്. പേശികള്‍ എത്ര വേഗത്തില്‍ സങ്കോചിക്കാന്‍ കഴിയും എന്നതാണ് ഈ പരിധിയില്‍ വരുന്നത്. ഇതിനെ കൈനറ്റിക് എനര്‍ജി കപ്പാസിറ്റി ലിമിറ്റ് എന്ന് വിളിക്കുന്നു. ചെറിയ ജീവികള്‍ അവരുടെ ശരീരഭാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ ശക്‌തി സൃഷ്‌ടിക്കുന്നു. ഈ ശക്‌തി ഓട്ടത്തിനും ഭാരമെടുക്കാനുമൊക്കെ സഹായിക്കും. ഉറുമ്പുകളെ അവയുടെ ഭാരത്തിന്റെ പതിന്മടങ് ഉയര്‍ത്താന്‍ സഹായിക്കുന്നത് ആ ശക്‌തിയാണ്. പക്ഷേ, ചെറിയ ശരീരത്തിനു വേഗത കൈവരിക്കുന്നതിന് ഒരു പരിധിയുണ്ട്.
രണ്ടാമത്തെ പരിധി വലിയ മൃഗങ്ങളെയാണു ബാധിക്കുന്നത്, ഓരോ സങ്കോചത്തിലും അവരുടെ പേശികള്‍ എത്രത്തോളം ചെറുതാകാന്‍ കഴിയും എന്നതിനെ ആശ്രയിച്ചാണു നിയന്ത്രണം. ഇത് വര്‍ക്ക് കപ്പാസിറ്റി ലിമിറ്റ് എന്ന് അറിയപ്പെടുന്നു. ആനകളെയും കാണ്ടാമൃഗങ്ങളെയും പോലുള്ള വലിയ മൃഗങ്ങള്‍ക്ക് ഓടാന്‍ അസാധാരണമായ പേശീബലം ആവശ്യമാണ്. അവരുടെ പേശികള്‍ അവരുടെ ശരീരഭാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ താരതമ്യേന ദുര്‍ബലമാണ്, ഇത് ഓരോ ചുവടും ഒരു ഭീമാകാരമായ ഭാരം ഉയര്‍ത്തുന്നതിന് സമാനമാക്കുന്നു.
വേഗരഹസ്യം
ഗവേഷണ സംഘം 400ല്‍ അധികം ജീവിവര്‍ഗങ്ങളില്‍നിന്നുള്ള ഡേറ്റ ഉപയോഗിച്ചു. കുഞ്ഞന്മാര്‍ മുതല്‍ ഭീമന്മാര്‍വരെ ആ നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടു.
ഏകദേശം 50 കിലോഗ്രാം ഭാരത്തില്‍ ചീറ്റപ്പുലികള്‍ പോലുള്ള മൃഗങ്ങള്‍ രണ്ട് പേശീ പരിധികളും കൂടിച്ചേരുന്ന ഒരു ഘട്ടത്തിലെത്തുന്നതായി അവര്‍ കണ്ടെത്തി. ഇത് പരമാവധി വേഗത കൈവരിക്കാന്‍ അവരെ അനുവദിക്കുന്നു. ഒരു പരിധിയും മറ്റൊന്നിനേക്കാള്‍ അവരെ കൂടുതല്‍ പരിമിതപ്പെടുത്തുന്നില്ല, അത് വേഗതയ്‌ക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുന്നു.
ഉരഗങ്ങളുടെ പരിമിതി
ഉരഗങ്ങള്‍ക്ക് വേഗം കുറയാനുള്ള കാരണം പേശീ സങ്കോചത്തിലെ പരിധിയാണ്. ഉരഗങ്ങളുടെ മൊത്തം ശരീരഭാരത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമേ കാലുകളിലെ പേശികള്‍ ഉള്‍ക്കൊള്ളുന്നുള്ളൂ. അതാണു പ്രധാന തടസം.
കൂറ്റന്‍ മുതലകളെയും പല്ലികളെയും പോലുള്ള ഉരഗങ്ങള്‍ക്ക് തുല്യ വലുപ്പമുള്ള വലിയ സസ്‌തനികളുമായി മത്സരിച്ചാല്‍ പരാജയമാകും ഫലം. അവരുടെ പേശികളുടെ ഘടനയും ശരീരത്തിലുടനീളം പേശീഭാരം എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്നതുമാണ് ഈ വ്യത്യാസങ്ങള്‍ക്ക് കാരണം.
ഭാരപരിധി മറികടന്ന
ഡൈനോസറുകള്‍
വേഗം സംബന്ധിച്ച കണക്കുകള്‍ തെറ്റിക്കുന്നതില്‍ ഡൈനോസറുകളാണു മുന്നില്‍. 40 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള കര ജീവികള്‍ക്ക് ചലിക്കാന്‍ കഴിയില്ലെന്നാണു നിലവിലുള്ള മോഡലുകള്‍ പറയുന്നത്. എന്നിട്ടും പാറ്റഗോണിയന്‍ ഡൈനോസറുകള്‍ ഭൂമിയിലൂടെ സഞ്ചരിച്ചു. അവയ്‌ക്ക് അതുല്യമായ പേശീ ഘടനകള്‍ പരിണമിച്ചതാകാമെന്നു ഗവേഷകര്‍ കരുതുന്നു.
ഇനി സൃഷ്‌ടിക്കാം റെബോട്ടുകളെ
വേഗപരിധി സംബന്ധിച്ചുള്ള കണക്കുകൂട്ടലുകള്‍ റൊബോട്ട് ഗവേഷണത്തെ സഹായിക്കും. ഭൂമിയിലെ മികച്ച ഓട്ടക്കാരെ പഠിക്കുന്നത് ബയോമിമെറ്റിക് റോബോട്ടിക്‌സ് രൂപകല്‍പ്പന ചെയ്യുന്നതിനും സഹായിക്കും. ഭൂമിയിലെ മാത്രമല്ല, ആകാശത്തിലെയും ജലത്തിലെയും വേഗക്കാരെ അനുകരിക്കാനുള്ള നീക്കത്തിലാണു ശാസ്‌ത്രജ്‌ഞര്‍. ലോകത്തിലെ ഏറ്റവും വേഗമുള്ള പക്ഷി പെറെഗ്രിന്‍ ഫാല്‍ക്കണാണ്(ഫാല്‍ക്കോ പെരെഗ്രിനസ്). അവയ്‌ക്ക് മണിക്കൂറില്‍ 386 കിലോമീറ്റര്‍ വരെ വേഗം ആര്‍ജിക്കാന്‍ കഴിയും. ബ്ലാക്ക് മാര്‍ലിനാണു ജലത്തിലെ വേഗക്കാര്‍. മണിക്കൂറില്‍ 132 കിലോമീറ്റര്‍ വേഗം ആര്‍ജിക്കാന്‍ ആ മീനുകള്‍ക്ക് കഴിയും.
വേഗക്കാരെ പഠിക്കുന്നത് വിവിധ ശാസ്‌ത്ര ശാഖകളില്‍ നേട്ടമാകും. പേശീ പരിധികള്‍ നിയന്ത്രിക്കുന്ന തത്വങ്ങള്‍, പ്രോസ്‌തെറ്റിക് ഡിസൈന്‍, ഓട്ടോണമസ് വാഹനങ്ങള്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടും.
ടെക് ടോക്ക്- മാത്യൂസ് എം. ജോര്‍ജ്