Wednesday, March 11, 2026 Last Updated 12 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 12.29 AM

ഇവിടെയൊന്നും കിട്ടിയില്ല

uploads/news/2026/02/823470/ed1.jpg

വികസിത ഭാരതം എന്ന ലക്ഷ്യത്തോടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്‌ ജനപ്രിയമാകാതെ പോയി. ഓഹരി വിപണിയില്‍ അടക്കം വലിയ തകര്‍ച്ചയും കേരളം പോലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്‌ഥാനങ്ങള്‍ക്ക്‌ കനത്ത നിരാശയുമാണു ബജറ്റ്‌ സമ്മാനിച്ചത്‌. അടിസ്‌ഥാന സൗകര്യ വികസനത്തിനും നിര്‍മാണ മേഖലയ്‌ക്കും പ്രത്യേക ഊന്നല്‍ നല്‍കി അവതരിപ്പിച്ച ബജറ്റില്‍ ദരിദ്രര്‍, യുവാക്കള്‍, കര്‍ഷകര്‍, സ്‌ത്രീകള്‍ എന്നീ നാലു വിഭാഗങ്ങളുടെ സമഗ്ര പുരോഗതിക്ക്‌ ശ്രദ്ധയൂന്നിയിട്ടുള്ളതായി കാണാനാകും.
കേന്ദ്ര ബജറ്റില്‍ കേരളത്തിന്‌ എന്തുണ്ട്‌ എന്നുള്ളതിന്‌ നിരാശ മാത്രമാണ്‌ ഉത്തരം. കാലങ്ങളായി പ്രതീക്ഷിക്കുന്ന എയിംസ്‌, അതിവേഗ റെയില്‍വേ ഇടനാഴികള്‍ എന്നിവയില്‍ കേരളം വീണ്ടും തഴയപ്പെട്ടു. അഭിമാന പദ്ധതിയായ വിഴിഞ്ഞത്തിന്റെ കാര്യത്തിലും പ്രഖ്യാപനം ഉണ്ടായില്ല. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്‌ഥാനത്തിനു പ്രത്യേക സാമ്പത്തിക പാക്കേജുകളും അനുവദിച്ചില്ലെന്നത്‌ കേന്ദ്രത്തിനെതിരേ വലിയ തോതിലുള്ള പ്രതിപക്ഷ വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്‌. രാജ്യത്തെ പരിസ്‌ഥിതി സൗഹൃദപരമായ സുസ്‌ഥിതയാത്ര സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഏഴ്‌ അതിവേഗ റെയില്‍വേ ഇടനാഴികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇതില്‍ കേരളത്തിനു പരിഗണന ലഭിക്കാത്തതിനെതുടര്‍ന്നു സംസ്‌ഥാനത്തു നിന്നുള്ള എം.പിമാര്‍ 'കേരളം' എന്നുവിളിച്ച്‌ സഭയില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്‌തു. ധാധു ഖനന ഇടനാഴി മാത്രമാണു കേരളത്തെ സംബന്ധിച്ച്‌ പറയാന്‍ കഴിയുന്ന ശ്രദ്ധേയമായ നേട്ടം.
കേരളത്തിനു പുറമേ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന തമിഴ്‌നാട്‌ , പശ്‌ചിമ ബംഗാള്‍ എന്നീ സംസ്‌ഥാനങ്ങളും കേന്ദ്ര ബജറ്റിനെ വളരെയേറെ പ്രതീക്ഷയോടെയാണു കണ്ടത്‌. തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങള്‍ക്ക്‌ കേന്ദ്രം തയാറാകുമെന്നു സംസ്‌ഥാനത്തെ ബി.ജെ.പി നേതാക്കളും പ്രതീക്ഷിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബി.ജെ.പി നേടുകയും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത്‌ മുന്നേറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതിനു സഹായകരമായ കേന്ദ്ര നീക്കം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഓഹരി വിപണിയില്‍ എന്നപോലെ തെരഞ്ഞെടുപ്പിന്‌ ഒരുങ്ങുന്ന സംസ്‌ഥാനങ്ങളില്‍ പാര്‍ട്ടിയെ ഉത്തേജിപ്പിക്കാന്‍ കഴിയുന്ന പ്രഖ്യാപനങ്ങള്‍ക്കും ബജറ്റിലൂടെ കേന്ദ്രസര്‍ക്കാരിനു കഴിയാതെ പോയി.
ആദ്യമായി ഞായറാഴ്‌ച ബജറ്റ്‌ അവതരിപ്പിച്ചതും തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ബജറ്റ്‌ അവതരിപ്പിച്ചതിന്റെ നേട്ടം നിര്‍മ്മല സീതാരാമനു സ്വന്തമായതുമെല്ലാം ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകതയാണ്‌. ഏറ്റവും കൂടുതല്‍ ബജറ്റ്‌ അവതരിപ്പിച്ചതിന്റെ റെക്കോഡ്‌ മൊറാര്‍ജി ദേശായിയുടെ പേരിലാണ്‌,10 തവണ.
ഏതു ബജറ്റിലും ആളുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആദായ നികുതി സ്ലാബുകളില്‍ ഇത്തവണ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതിയ ആദായ നികുതി നിയമം ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും . ഇതനുസരിച്ച്‌ ആദായ നികുതി നിയമങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി വകുപ്പുകളുടെ എണ്ണം 819 നിന്ന്‌ 536 ആയി കുറയും.
ക്യാന്‍സര്‍ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന മൂന്നു പ്രധാന ജീവന്‍ രക്ഷാ മരുന്നുകളെ കസ്‌റ്റംസ്‌ ഡ്യൂട്ടിയില്‍നിന്ന്‌ പൂര്‍ണമായി ഒഴിവാക്കിയത്‌ രോഗികള്‍ക്ക്‌ ആശ്വാസകരമാകും. മരുന്നുകളുടെ ഇറക്കുമതി ചെലവ്‌ കുറയുന്നതോടെ വിപണിയില്‍ ഇവ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും എന്നാണു കണക്കുകൂട്ടല്‍.ക്യാന്‍സര്‍ പരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമായി രാജ്യത്തുടനീളം കൂടുതല്‍ നൂതന ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നീക്കവും സ്വാഗതം ചെയ്യപ്പെടും. അതുപോലെ, രാജ്യത്ത്‌ പ്രമേഹ രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇന്‍സുലിന്‍ ഉള്‍പ്പെടെ അവശ്യമരുന്നുകളുടെ വില നിയന്ത്രണത്തിനും അവ ജനറിക്‌ മരുന്നുകളിലൂടെ ലഭ്യമാക്കുന്നതിനും ബജറ്റില്‍ തുക വകയിലുത്താനുള്ള തീരുമാനവും ഗുണപ്രദമാകും.
ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷ ശക്‌തമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ ബജറ്റില്‍ വന്‍വര്‍ധന പ്രഖ്യാപിക്കുകയുണ്ടായി. 2026 - 27 വര്‍ഷത്തേക്ക്‌ 7.85 ലക്ഷം കോടി രൂപയാണു പ്രതിരോധ മന്ത്രാലയത്തിന്‌ അനുവദിച്ചത്‌. 'ഓപ്പറേഷന്‍ സിന്ദൂര്‍ ' പോലുള്ള സാഹചര്യങ്ങള്‍ നേരിടാന്‍ സേനയെ കൂടുതല്‍ കരുത്തുറ്റതാക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യ തിരിച്ചറിയുന്നു എന്നുവേണം ഇതില്‍നിന്ന്‌ മനസിലാക്കാന്‍.

Ads by Google
Monday 02 Feb 2026 12.29 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW