-->
ന്യൂഡല്‍ഹി: സാധാരണ ബജറ്റുകളില്‍ പ്രാധാന പങ്കുലഭിക്കുക തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങള്‍ക്കാണ്. ഇക്കുറി കേരളം, തമിഴ്‌നാട്, പശ്‌ചിമ ബംഗാള്‍ സംസ്‌ഥാനങ്ങളാണു തെരഞ്ഞെടുപ്പിലേക്കു പോകുന്നത്. സമീപ വര്‍ഷങ്ങളില്‍, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള ബജറ്റുകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് പതിവായിരുന്നു. അതിനു വ്യക്‌തമായ ഉദാഹരണമാണ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ബിഹാറിനും ഡല്‍ഹിക്കും ലഭിച്ച പരിഗണന.
വിമാനത്താവള വികസനം മുതല്‍ ജലസേചന, വ്യാവസായിക പദ്ധതികള്‍ വരെ ബിഹാറിന് വേണ്ടി ബജറ്റില്‍ ഇടംനേടി. ബിഹാറിന് വേണ്ടി മഖാന ബോര്‍ഡ് വരെ പ്രഖ്യാപിക്കപ്പെട്ടു. കൂടാതെ, ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളും പട്‌ന വിമാനത്താവളത്തിന്റെ വികസനവും പ്രഖ്യാപിച്ചു.
കര്‍ഷക വരുമാനം വര്‍ധിപ്പിക്കാനും യുവാക്കള്‍ക്ക് വൈദഗ്‌ദ്ധ്യം നേടാനും തൊഴിലവസരങ്ങള്‍ നല്‍കാനും ലക്ഷ്യമിട്ടുള്ള നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, പ്രോസസിങ് ആന്‍ഡ് ഇന്നൊവേഷന്‍ സംബന്ധിച്ച പ്രഖ്യാപനത്തിലും ബിഹാര്‍ ഉള്‍പ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് ഡല്‍ഹി തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പായിരുന്നു. നഗരവാസികള്‍ക്കു നല്‍കിയ പ്രത്യേക പരിഗണന ഡല്‍ഹിയില്‍ വോട്ടാകുമെന്നു ബി.ജെ.പി. കണക്കുകൂട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍, മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിട്ടുപോലും പരോക്ഷമായി ഡല്‍ഹിക്ക് പരിഗണന ലഭിച്ചു. 'തെരഞ്ഞെടുപ്പ് സംസ്‌ഥാനങ്ങള്‍ക്കെല്ലാം പരിഗണന ലഭിച്ചിട്ടുണ്ടെന്നായിരുന്നു' ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് നടക്കുന്നതും നടക്കാത്തതുമായ സംസ്‌ഥാനങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ വേണ്ടിയിട്ടുള്ള കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
കേരളം
അതിവേഗ റെയില്‍ ഇടനാഴിയും എയിംസും കേരളം പ്രതീക്ഷിച്ചിരുന്നു.
അപൂര്‍വ്വയിനം ധാതു ഇടനാഴികള്‍, ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'ടര്‍ട്ടില്‍ ട്രെയില്‍സ്' എന്നിവയില്‍ കേരളം ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, നിര്‍ദ്ദിഷ്‌ട അതിവേഗ റെയില്‍ ഇടനാഴികളില്‍ സംസ്‌ഥാനം ഉള്‍പ്പെടുന്നില്ല. അയല്‍ സംസ്‌ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നിവ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ ഇടനാഴികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
'ഒരു മലയാളിയെന്ന നിലയില്‍ എന്നെ തൃപ്‌തിപ്പെടുത്തുന്ന ഒന്നും ബജറ്റിലില്ല,' കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രതികരിച്ചു.
തമിഴ്‌നാട്
ഈ വര്‍ഷത്തെ ബജറ്റില്‍ തമിഴ്‌നാടിന്റെ പേര് ആവര്‍ത്തിക്കപ്പെട്ടിട്ടില്ലെങ്കിലും ധാതു ഇടനാഴികള്‍ സ്‌ഥാപിക്കുന്നതിനും ലോകോത്തര ട്രെക്കിങ്, ഹൈക്കിങ് അനുഭവം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികളില്‍ ആ സംസ്‌ഥാനം ഉള്‍പ്പെട്ടിരുന്നു.
ചെന്നൈയെ ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഏഴ് അതിവേഗ റെയില്‍ ഇടനാഴികളും ധനമന്ത്രി പ്രഖ്യാപിച്ചു. കര്‍ഷകരുടെ വരുമാനം ശക്‌തിപ്പെടുത്തുന്നതിനും കാര്‍ഷിക ഉത്‌പാദനം വൈവിധ്യവല്‍ക്കരിക്കുന്നതിനുമുള്ള തെങ്ങ് ഉത്‌പാദന പദ്ധതികളിലും തമിഴ്‌നാട് ഉള്‍പ്പെടുന്നു.
'സഹാനുഭൂതി'യില്ലാത്തആ നിലപാടാണു കേന്ദ്രത്തിന്റേതെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിന്‍ പ്രതികരിച്ചു.
ബജറ്റ് തമിഴ്‌നാടിന് നിരാശാജനകമാണെന്ന്
ഡി.എം.കെ എം.പി കനിമൊഴി പറഞ്ഞു. കേന്ദ്രം സംസ്‌ഥാനത്തിന് ഒന്നും നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു.
പശ്‌ചിമ ബംഗാള്‍
ബജറ്റ് പ്രസംഗത്തില്‍ പശ്‌ചിമ ബംഗാളിനെക്കുറിച്ച് പരാമര്‍ശിച്ചില്ലെങ്കിലും, ബജറ്റ് ഡങ്കുനിയില്‍ (പശ്‌ചിമ ബംഗാള്‍) നിന്ന് ഗുജറാത്തിലെ സൂറത്ത് വരെ ബന്ധിപ്പിക്കുന്ന ഒരു പുതിയ സമര്‍പ്പിത ൈഫ്രറ്റ് കോറിഡോര്‍, ദുര്‍ഗാപ്പൂരിനെ പ്രധാന കേന്ദ്രമാക്കി കിഴക്കന്‍ തീരദേശ വ്യാവസായിക ഇടനാഴി, കേന്ദ്രത്തിന്റെ പൂര്‍വോദയ കാഴ്‌ചപ്പാടിന് കീഴിലുള്ള ടൂറിസം കേന്ദ്രീകൃതമായ ഇടപെടലുകള്‍ എന്നിവ പ്രഖ്യാപിച്ചു.
ബജറ്റ് അഞ്ച് പൂര്‍വോദയ സംസ്‌ഥാനങ്ങളില്‍ ടൂറിസം കേന്ദ്രങ്ങള്‍ സൃഷ്‌ടിക്കാനും 4,000 ഇ -ബസുകള്‍ക്കുള്ള വ്യവസ്‌ഥകളും നിര്‍ദേശിച്ചു.
എങ്കിലും, പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബജറ്റിനെ 'ദിശാബോധമില്ലാത്തതും ദൂരക്കാഴ്‌ചയില്ലാത്തതും' എന്ന് വിളിച്ചു, ഇതിന് സാധാരണക്കാര്‍ക്കും തന്റെ സംസ്‌ഥാനത്തിനും ഒന്നും നല്‍കാനില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
'ഈ ബജറ്റ് ദിശാബോധമില്ലാത്തതും ദൂരക്കാഴ്‌ചയില്ലാത്തതും പ്രവര്‍ത്തനം തീരെയില്ലാത്തതും ജനവിരുദ്ധവുമാണ്. ഇത് സ്‌ത്രീ വിരുദ്ധവും കര്‍ഷക വിരുദ്ധവും വിദ്യാഭ്യാസ വിരുദ്ധവും പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വിഭാഗങ്ങള്‍ക്ക് എതിരുമാണ്... ബംഗാളിന് ബജറ്റില്‍ ഒന്നും നല്‍കാനില്ല'- അവര്‍ പറഞ്ഞു.