Saturday, March 14, 2026 Last Updated 25 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.20 AM

2025-ല്‍ ചരിഞ്ഞത്‌ 146 കാട്ടാനകള്‍

uploads/news/2026/02/823426/8.jpg

കൊച്ചി: കേരളത്തില്‍ ഓരോ 60 മണിക്കൂറിലും ഓരോ കാട്ടാനവീതം ചരിയുന്നതായി കണക്ക്‌. കഴിഞ്ഞവര്‍ഷം ആകെ ചരിഞ്ഞത്‌ 146 ആനകള്‍. 2018 മുതലുള്ള എട്ടുവര്‍ഷത്തിനുള്ളില്‍ 971 കാട്ടാനകള്‍ ചരിഞ്ഞതായും വനം വകുപ്പിന്റെ വിവരാവകാശ രേഖ.
2017-ലെ സെന്‍സസില്‍ 5706 കാട്ടാനകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. 2024-ല്‍ അത്‌ 1793 ആയി കുറഞ്ഞു. എട്ടു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആനകള്‍ ചരിഞ്ഞത്‌ വയനാട്ടിലാണ്‌;140 എണ്ണം. 136 ആനകള്‍ ചരിഞ്ഞ പെരിയാര്‍ ആന സംരക്ഷണ കേന്ദ്രമാണ്‌ രണ്ടാമത്‌.
2018, 2019, 2024 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ആനകള്‍ ചരിഞ്ഞത്‌ പെരിയാര്‍ ആന സംരക്ഷണകേന്ദ്രത്തിലായിരുന്നു. 2025-ല്‍ മലയാറ്റൂരിലും വയനാട്ടിലും പെരിയാര്‍ ആന സംരക്ഷണകേന്ദ്രത്തിലും 19 വീതം ആനകള്‍ ചരിഞ്ഞു.
മലയാറ്റൂര്‍ ഡിവിഷനിലെ കുട്ടമ്പുഴ റേഞ്ചില്‍ ആണ്‌ കൂടുതല്‍ ആനകള്‍ കൊല്ലപ്പെട്ടത്‌. 2018 മുതല്‍ 2025 വരെയുള്ള എട്ടു വര്‍ഷത്തിനുള്ളില്‍ 140 ആനകള്‍ ഇവിടെ ചരിഞ്ഞു. കഴിഞ്ഞവര്‍ഷം ആനകള്‍ വേട്ടക്കാരുടെ ഇരകളായിട്ടില്ലെന്നാണ്‌ വിവരാവകാശ രേഖ പറയുന്നത്‌. കഴിഞ്ഞ ഓഗസ്‌റ്റില്‍ പൂയംകുട്ടി പുഴയില്‍ എട്ട്‌ ആനകളുടെ ജഡം കണ്ടെത്തിയിരുന്നു. എല്ലാം സ്വാഭാവിക മരണമെന്നാണ്‌ രേഖ.
എട്ടു വര്‍ഷത്തിനുള്ളില്‍ സംഭവിച്ച 971 ആന മരണങ്ങളില്‍ 524 എണ്ണം ചരിഞ്ഞത്‌ സ്വാഭാവിക അപകടങ്ങളും സ്വാഭാവിക മരണങ്ങളും മൂലമാണ്‌. വിഷം ഉള്ളില്‍ചെന്ന്‌ രണ്ടും വൈദ്യുതി ഷോക്കില്‍ 43 ആനകളും സ്‌ഫോടക വസ്‌തുക്കള്‍ മൂലം ഒന്‍പതെണ്ണവും കൊല്ലപ്പെട്ടു. ഇക്കാലയളവില്‍ 96 സംഭവങ്ങളില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെങ്കിലും ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.
ജനശ്രദ്ധ നേടിയ പല ആനമരണങ്ങളും കണക്കിലില്ല. അതിരപ്പിള്ളിയില്‍ മയക്കുവെടി വച്ച്‌ പിടിച്ച ആന കോടനാട്‌ അഭയാരണ്യത്തില്‍ ചരിഞ്ഞത്‌ ഉള്‍പ്പെടുത്തിയിട്ടില്ല. ഇരിട്ടിയില്‍ കരിക്കോട്ടുകരയില്‍ പന്നിപ്പടക്കം കടിച്ചുണ്ടായ സ്‌ഫോടനത്തില്‍ താടിയെല്ലും തൊണ്ടയും നാവും തകര്‍ന്ന ആനയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞ മാര്‍ച്ച്‌ അഞ്ചിന്‌ ചെരിഞ്ഞു. ഈ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ആരെയും അറസ്‌റ്റ്‌ ചെയ്‌തില്ല.
നിലമ്പൂര്‍ കരുളായിയില്‍ ചരിഞ്ഞ ആറുമാസം പ്രായമുള്ള കുട്ടിക്കൊമ്പന്റെ വിവരങ്ങളും പത്തനംതിട്ടയില്‍ വൈദ്യുതി ഷോക്കേറ്റ്‌ ചരിഞ്ഞ കൊമ്പനാനയുടെ വിവരവും രേഖകളില്‍ ഇല്ല.

Ads by Google
Sunday 01 Feb 2026 11.20 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW