-->
വാഷിങ്‌ടണ്‍: കെവിന്‍ വാര്‍ഷിനെ ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി നാമനിര്‍ദേശം ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്കയില്‍നിന്നു പുറത്തുവന്നതോടെ സ്വര്‍ണവിലയില്‍ ഇടിവ്. വാര്‍ഷിനെ ഇടപെടല്‍ ഡോളര്‍ ശക്‌തിപ്പെടാനും പണപ്പെരുപ്പം കുറയാനും വഴിവയ്‌ക്കുമെന്ന ധാരണ നിക്ഷേപകരില്‍ വളര്‍ത്തി. അതോടെയാണു സ്വര്‍ണത്തിനു തിരിച്ചടിയുണ്ടായത്.
തുടര്‍ദിവസങ്ങളില്‍ മൂന്ന് ഘടകങ്ങള്‍ക്കൂടി അനുകൂലമായാല്‍ സ്വര്‍ണവില കുറയുമെന്നാണു വിദഗ്‌ധര്‍ പറയുന്നത്. വര്‍ധിച്ചുവരുന്ന ആഗോള രാഷ്‌ട്രീയ അനിശ്‌ചിതത്വമാണു സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ലോകമെമ്പാടുമുള്ള രാഷ്‌ട്രീയപരമായ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും കാരണം പല രാജ്യങ്ങളിലും സാമ്പത്തികപരമായ സ്‌ഥിരതയില്ലായ്‌മ നിലനില്‍ക്കുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍, ഓഹരി വിപണി പോലുള്ള അപകടസാധ്യതയുള്ള നിക്ഷേപങ്ങളെ അപേക്ഷിച്ച് സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകര്‍ കാണുന്നു. യുൈക്രന്‍, ഗാസ എന്നിവിടങ്ങളിലെ യുദ്ധങ്ങളും മറ്റ് ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളും ഈ പ്രവണത വര്‍ധിപ്പിച്ചു. യുൈക്രനും ഗാസയും സമാധാനത്തിലേക്കു നീങ്ങുന്നത് സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടാക്കാന്‍ കാരണമാകും.
അമേരിക്കയുടെ വ്യാപാര നയങ്ങളാണ് അടുത്ത ഘടകം. അതു ഡോളറിന്മേലുള്ള ആശങ്ക കൂട്ടി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍, പ്രത്യേകിച്ച് മറ്റ് രാജ്യങ്ങള്‍ക്കെതിരേയുള്ള തീരുവകള്‍ ആഗോള വ്യാപാരത്തെ താളം തെറ്റിച്ചു. അതു നിക്ഷേപകരില്‍ ആശങ്കയുളവാക്കി. അമേരിക്കന്‍ വിദേശ, ധനകാര്യ നയങ്ങളെക്കുറിച്ചുള്ള ഈ ആശങ്കകള്‍, അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തില്‍ ഇടിവുണ്ടാകുമെന്ന ഭയം സൃഷ്‌ടിച്ചു. ഇത്തരം സാഹചര്യങ്ങളില്‍, പല രാജ്യങ്ങളും അവരുടെ ഡോളര്‍ ആസ്‌തികള്‍ക്ക് പകരം സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി തെരഞ്ഞെടുക്കുന്നു.
കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ നിക്ഷേപവും വിപണിയെ സ്വാധീനിച്ചു. ആഗോള കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണത്തിന്റെ വലിയ വാങ്ങല്‍ക്കാരായി മാറിയിരിക്കുന്നു. ഇതു സ്വര്‍ണത്തിന്റെ വില വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. അമേരിക്കയുടെ നയങ്ങളെ ആശ്രയിക്കാത്ത ഒരു കരുതല്‍ ധനമായി സ്വര്‍ണത്തെ അവര്‍ കാണുന്നു. റഷ്യയുടെ ഡോളര്‍ ആസ്‌തികള്‍ പിടിച്ചെടുത്തതുപോലുള്ള സംഭവങ്ങള്‍ മറ്റ് രാജ്യങ്ങളെ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചു.