-->
കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം ഖരമാലിന്യ സംസ്‌കരണച്ചട്ടം പുതുക്കി നിശ്‌ചയിച്ചിരിക്കുന്നു. ആളുകളുടെ ആരോഗ്യത്തിനും നാടിന്റെ പരിസ്‌ഥിതിക്കും ഖര മാലിന്യങ്ങള്‍ വലിയ ഭീഷണിയായിരിക്കുന്ന പശ്‌ചാത്തലത്തിലാണ് ഏപ്രില്‍ ഒന്നിന് ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ മാറ്റങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
ജലമലിനീകരണം, വായുമലിനീകരണം എന്നിവ ഉള്‍പ്പെടെ ആളുകള്‍ക്കു നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സമ്മാനിക്കുന്ന വിപത്തിനെതിരായ ജാഗ്രത എന്ന നിലയിലാണ് പുതിയ മാറ്റങ്ങള്‍ സ്വാഗതം ചെയ്യപ്പെടുന്നത്. 2016 ലെ ഖരമാലിന്യ സംസ്‌കരണച്ചചട്ടങ്ങള്‍ക്കു പകരം കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു എന്നതാണ് ശ്രദ്ധേയം. പുതിയ ചട്ടപ്രകാരം മാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ നാലായി തരംതിരിക്കണം. ജൈവമാലിന്യം, അജൈവമാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേകം ശ്രദ്ധ വേണ്ട മാലിന്യങ്ങള്‍ എന്നിങ്ങനെയാണ് തരംതിരിക്കേണ്ടത്.
സ്‌ഥാപനങ്ങള്‍മാത്രമല്ല വീടുകളിലും ഈ ഒരു തരംതിരിവ് ഉറപ്പായും നടപ്പിലാക്കണം. ഇരുപതിനായിരം ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്‌തീര്‍ണമുള്ള കെട്ടിടങ്ങള്‍, പ്രതിദിനം 40000 ലിറ്ററില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവര്‍, എല്ലാ ദിവസവും 100 കിലോയില്‍ കൂടുതല്‍ മാലിന്യം ഉത്‌പാദിപ്പിക്കുന്നവര്‍ എന്നിവരെ പ്രത്യേകം കണക്കാക്കി ഇവര്‍ മാലിന്യ സംസ്‌കരിക്കുന്നതിനു സ്വന്തമായി സംവിധാനം ഉറപ്പാക്കേണ്ടിവരും.
ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, 5000 ചതുര മീറ്ററില്‍ അധികം വിസ്‌തീര്‍ണമുള്ള റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ എന്നിവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആകെ മാലിന്യ ഉത്‌പാദനത്തിന്റെ 30% എങ്കിലും ഉറവിടത്തില്‍തന്നെ സംസ്‌കരിക്കുന്നതിനു മാര്‍ഗം കണ്ടെത്തേണ്ടിവരും. പൊതുസ്‌ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതും കത്തിക്കുന്നതും കുഴിച്ചുമൂടുന്നതും പൂര്‍ണമായും നിരോധിക്കപ്പെടും. നിയമലംഘകരെ കാത്തിരിക്കുന്നതു വലിയ പിഴയായിരിക്കും. പുനരുപയോഗിക്കാന്‍ കഴിയാത്ത അജൈവ മാലിന്യങ്ങള്‍മാത്രമേ ശാസ്‌ത്രീയ മാലിന്യനിക്ഷേപ സ്‌ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവാദം ഉണ്ടാകൂ. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിനു കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കാനും തീരുമാനമുണ്ട്.
കേരളത്തില്‍ ഉള്‍പ്പെടെ ശാസ്‌ത്രീയ മാലിന്യ സംസ്‌കരണത്തിന്റെ അഭാവം സൃഷ്‌ടിക്കുന്ന ഗുരുതര പാരിസ്‌ഥിതിക, ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്.
വലിച്ചെറിയുന്ന മാലിന്യങ്ങളില്‍നിന്നുള്ള വിഷാംശങ്ങള്‍ ഭൂഗര്‍ഭ ജലത്തിലും ജലാശയങ്ങളിലും കലരുന്നതു കുടിവെള്ളംതന്നെ മുട്ടിക്കുന്ന സ്‌ഥിതിയുണ്ടാക്കാം. പകര്‍ച്ചവ്യാധികള്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങി ആളുകളെ നിത്യദുരിതത്തിലേക്കു തള്ളിവിടുന്നതിലും മാലിന്യം വലിയ പങ്കാണ് വഹിക്കുന്നത്. മാലിന്യങ്ങള്‍ കുന്നുകൂടിയും ചീഞ്ഞുനാറിയും തീപിടിച്ചുമെല്ലാം സംഭവിക്കുന്ന ദുരന്തങ്ങള്‍ നേരിട്ട് അറിഞ്ഞിട്ടുള്ളവരാണ് മലയാളികള്‍. കൊച്ചിയിലെ ബ്രഹ്‌മപുരം പ്ലാന്റില്‍ ഉണ്ടായ തീപിടിത്തം മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം തലമുറകളോളം നമ്മളെ ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും.
മാലിന്യങ്ങള്‍ കുന്നുകൂടുന്നതു വിനോദസഞ്ചാര മേഖലകളില്‍നിന്ന് ആളുകളെ അകറ്റുകയേയുള്ളൂ. സഞ്ചാരികളില്‍നിന്നു മാലിന്യസംസ്‌കരണത്തിനായി തദ്ദേശസ്‌ഥാപനങ്ങള്‍ക്കു പ്രത്യേക ഫീസ് ഈടാക്കാന്‍ കഴിയുന്ന തരത്തിലാകും ചട്ട ഭേദഗതി വരുത്തുക. ഇതോടെ തദ്ദേശസ്‌ഥാപനങ്ങള്‍ക്കും ഉത്തരവാദിത്വം വര്‍ധിക്കും. സഞ്ചാരികളില്‍നിന്ന് പിരിക്കുന്ന തുക മാലിന്യ സംസ്‌കരണം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുമെന്ന് ഉറപ്പാക്കാന്‍ കഴിയണം. മാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്‌കരിക്കുന്നതു സംബന്ധിച്ച് ആളുകള്‍ക്കും സ്‌ഥാപനങ്ങള്‍ക്കും ഇപ്പോഴും കൃത്യമായ അവബോധമില്ലായ്‌മയുണ്ട്. ഇതു സംബന്ധിച്ച് ആളുകള്‍ക്ക് കൃത്യമായ ധാരണ നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നതും അതീവ പ്രാധാന്യമുള്ള കാര്യമാണ്.