-->
കൊച്ചി : കുഷ്‌ഠരോഗികളോടു വിവേചനം കാട്ടുന്ന വ്യവസ്‌ഥകളുള്ള നിയമങ്ങളില്‍ കേരളത്തില്‍ ഇനി അവശേഷിക്കുന്നത് ഒരെണ്ണം മാത്രം. 1953 ലെ കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ് ആക്‌ടിലാണ് ഇനി ഈ വ്യവസ്‌ഥയുള്ളത്. ഇതും ഉടന്‍ നീക്കം ചെയ്യാനുള്ള നടപടിക്ക് ബന്ധപ്പെട്ട ഭരണവിഭാഗത്തോടു നിര്‍ദ്ദേശം നല്‍കിയതായി സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‍കി.
രാജ്യത്ത് കുഷ്‌ഠരോഗികളോടു വിവേചനം പുലര്‍ത്തുന്ന എല്ലാ നിയമവ്യവസ്‌ഥകളും നീക്കം ചെയ്ണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കേരളത്തില്‍ ഇപ്രകാരമുള്ള നിയമങ്ങളുണ്ടോയെന്നു പരിശോധിക്കാാന്‍ നിയമ സെക്രട്ടറിയും അഡീഷണല്‍ നിയമ സെക്രട്ടറിയും ഉള്‍പ്പെടുന്ന ഉന്നതതല കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഏഴു സംസ്‌ഥാന നിയമങ്ങളില്‍ ഇത്തരം പരാമര്‍ശമുണ്ടെന്ന് കമ്മറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതില്‍ ആറെണ്ണത്തില്‍നിന്നും പരാമര്‍ശങ്ങള്‍ നീക്കംചെയ്‌തെന്ന് സത്യവാങ്‌മൂലത്തില്‍ പറയുന്നു.
1960 ലെ കേരള ഹാബിച്വല്‍ ഒഫെന്‍ഡേഴ്‌സ് റൂള്‍, 1981 ലെ കേരള ഫിഷര്‍മെന്‍ വെല്‍ഫെയര്‍ സൊസൈറ്റീസ് ആക്‌ട്, 1960 ലെ കേരള ഡോക്യുമെന്റ്‌് റൈറ്റേഴ്‌സ് ലൈസന്‍സ് റൂള്‍, 1957 ലെ കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്‌ട്രീസ് ബോര്‍ഡ് ആക്‌ട്, 1955 ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്‌ട് എന്നീ നിയമങ്ങളിലാണ് ഇത്തരം വ്യവസ്‌ഥകളുണ്ടായിരുന്നത്. ഉന്നതതല കമ്മിറ്റിയുടെ ശിപാര്‍ശയെത്തുടര്‍ന്ന് ഓര്‍ഡിനന്‍സിലൂടെ ഇവ നീക്കം ചെയ്‌തതായാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.
കുഷ്‌ഠരോഗികളോടു വിവേചനം കാണിക്കുന്ന നിയമപരമായ വ്യവസ്‌ഥകള്‍ അവരുടെ അന്തസിനെ തകര്‍ക്കുന്നതായി ചൂണ്ടിക്കാട്ടി കേരള ഫെഡറേഷന്‍ ഓഫ് ലെപ്രസി ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെ നല്‍കിയ ഒരുകൂട്ടം ഹര്‍ജികളാണു സുപ്രീം കോടതി പരിഗണിക്കുന്നത്. ഇത്തരം വ്യവസ്‌ഥകള്‍ 97 കേന്ദ്ര-സംസ്‌ഥാന നിയമങ്ങളില്‍ ഇപ്പോഴും അടങ്ങിയിട്ടുണ്ടെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്.