-->
കോഴിക്കോട്: രാജ്യത്ത് അനീതി നിയമമാകുമ്പോള്‍ പ്രതിരോധം കടമയാകുന്നതായി പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ശ്വേത ഭട്ട്. ഗാന്ധിയെ ഓര്‍ത്തെടുക്കല്‍ ഗൃഹാതുരത്വമല്ല, പ്രതിരോധമാണെന്നും അവര്‍ പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ജനാധിപത്യ മഹിള അസോസിയേഷന്‍, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, എന്നിവ സംയുക്‌തമായി ഗാന്ധിജിയെ ഓര്‍ക്കാം കേരളത്തെ കാക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി വര്‍ഗീയതക്കെതിരേ നടത്തിയ ബഹുജന സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മഹാത്മാവിനെ കൊന്ന പ്രത്യയശാസ്‌ത്രം വളര്‍ന്ന് ഇന്നു രാജ്യം ഭരിക്കുന്നത് വരെയെത്തിയിരിക്കുന്നു. മതേതരത്വം പ്രഖ്യാപിക്കാന്‍ മാത്രമുള്ളതല്ല പ്രയോഗവല്‍ക്കരിക്കുകയും വേണം. ചരിത്രം തിരുത്തിയെഴുതപ്പെടുന്നു, ഭരണഘടനയെ തുരങ്കംവെയ്‌ക്കുന്നു. നിശ്‌ബദരായി ഇരിക്കാന്‍ ഒരിക്കലും പാടില്ലാത്ത കാലമാണിത്. ഉറക്കെ ശബ്‌ദമുണ്ടാക്കണം. ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോള്‍, നമ്മള്‍ അല്ലാതെ മറ്റാര് എന്നും ചിന്തിക്കണം. ഒരു തെറ്റും ചെയ്യാത്ത കുറ്റത്തിന് എന്റെ ഭര്‍ത്താവ് സഞ്‌ജയ് ഭട്ട് ഏഴ് വര്‍ഷവും നാലു മാസവും 25 ദിവസവുമായി ജയിലിലാണ്. സഞ്‌ജയ് ഭട്ട് എന്ന ഐ.എ.എസ്.ഓഫീസര്‍ സത്യത്തിന് വേണ്ടിയും ഭരണഘടനക്ക് വേണ്ടിയും നിലകൊണ്ടതിനാലാണ് ജയിലിലായതെന്നും ശ്വേത ഭട്ട് പറഞ്ഞു. സെക്യുലറിസം ജൈവീകമായതിനാലാണ് കേരളം ആക്രമിക്കപ്പെടുന്നത്. കേരളത്തെ സംരക്ഷിക്കുകയെന്നാല്‍ ജനാധിപത്യത്തെയും പുരോഗമനരാഷ്‌ട്രീയത്തെയും സംരക്ഷിക്കലാണ്. ഭയം ഉണ്ടെങ്കിലും സത്യം വിളിച്ച് പറയുന്നതിനെയാണ് ധൈര്യം എന്നു പറയുന്നത്. ഭര്‍ത്താവ് തിരിച്ചുവരുന്നത് വരെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോഴിക്കോട് ജില്ല സെക്രട്ടറി യു.സുധര്‍മ്മ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ. സംസ്‌ഥാന പ്രസിഡന്റ് വി. വസീഫ്, എല്‍.ജി. ലിജീഷ്, എം.മെഹബൂബ്, പുഷ്‌പ, ടി.പി.അമല്‍രാജ് എന്നിവര്‍ സംസാരിച്ചു. വര്‍ഗീയ വിരുദ്ധ പ്രതിജ്‌ഞയുമെടുത്തു.