Saturday, March 14, 2026 Last Updated 25 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

നവകേരളം രൂപപ്പെടുത്താന്‍ പ്രവാസി സമൂഹം സഹകരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: വിജ്‌ഞാന സമ്പദ്‌ഘടനയിലൂന്നിയ നവകേരളം രൂപപ്പെടുത്താന്‍ എല്ലാ സഹകരണവും പ്രവാസി സമൂഹം കേരളത്തിന്‌ നല്‍കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയുടെ അഞ്ചാം പതിപ്പിനോടനുബന്ധിച്ച്‌ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാറുന്ന ലോകാവസ്‌ഥയ്‌ക്കനുസരിച്ച്‌ കേരളത്തെ നവീകരിച്ചില്ലെങ്കില്‍ പിന്തള്ളപ്പെട്ടുപോകുമെന്നും എല്ലാവര്‍ക്കും വികസനത്തിന്റെ സ്വാദ്‌ അനുഭവവേദ്യമാകുന്ന ഒരു വികസന കാഴ്‌ചപ്പാടാണ്‌ സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ യാഥാര്‍ഥ്യമാകില്ലെന്ന്‌ കരുതിയ ദേശീയപാത വികസനം പൂര്‍ത്തിയാകുന്നു. അടുത്ത മാസത്തോടെ പ്രധാന ഭാഗങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. മലയോര ഹൈവേയും തീരദേശ ഹൈവേയും കേരളത്തിന്റെ മുഖച്‌ഛായ മാറ്റും. ഇത്‌ ടൂറിസം മേഖലയ്‌ക്കും പുത്തന്‍ ഉണര്‍വ്‌ നല്‍കും. കോവളം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള ജലപാതയും അധികം താമസം കൂടാതെ യാഥാര്‍ഥ്യമാകും. യാത്രാസമയം കുറയ്‌ക്കാന്‍ അതിവേഗ റെയില്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി-മീററ്റ്‌ മാതൃകയിലുള്ള 'റാപ്പിഡ്‌ റെയില്‍ ട്രാന്‍സിറ്റ്‌ സിസ്‌റ്റം'
നടപ്പാക്കുന്നതിനെക്കുറിച്ച്‌ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയതായും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്സവ സീസണുകളില്‍ പ്രവാസികളെ പിഴിഞ്ഞൂറ്റുന്ന വിമാനക്കമ്പനികളുടെ സമീപനത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളോട്‌ ക്രൂരമായ സമീപനമാണ്‌ അധികൃതര്‍ സ്വീകരിക്കുന്നത്‌. യാത്രക്കാരുടെ എണ്ണം കൂടുമ്പോള്‍ ചാര്‍ജ്‌ വര്‍ധിപ്പിക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഇന്ന്‌ രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്‌ഥാനമാണ്‌. ദാവോസിലെ സാമ്പത്തിക ഫോറത്തില്‍ ഒരു ലക്ഷം കോടിയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചു. വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത, ആര്‍ക്കും താല്‌പര്യമുള്ള വസ്‌ത്രം ധരിക്കാനും ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കാനും സ്വാതന്ത്ര്യമുള്ള ഇടമാണ്‌ കേരളം. ഇതൊക്കെ കൂടുതല്‍ പേരെ ഇങ്ങോട്ട്‌ ആകര്‍ഷിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ ഒന്നര ലക്ഷത്തോളം പ്രവാസികള്‍ അംഗങ്ങളായി. കോവിഡ്‌ കാലത്ത്‌ മടങ്ങിയെത്തിയവര്‍ക്കായി നടപ്പിലാക്കിയ പ്രവാസി ഭദ്രത പദ്ധതി വഴി ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ സഹായം ലഭിച്ചു. മഹാകവി വള്ളത്തോളിന്റെ 'ഭാരതം എന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം, കേരളം എന്ന പേര്‍ കേട്ടാല്‍ തിളയ്‌ക്കണം ചോര നമുക്ക്‌ ഞരമ്പുകളില്‍' എന്ന പ്രശസ്‌തമായ വരികള്‍ ഉദ്ധരിച്ചാണ്‌ മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്‌.
സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജന്‍, വി. ശിവന്‍കുട്ടി, കെ. കൃഷ്‌ണന്‍കുട്ടി, കെ.എന്‍. ബാലഗോപാല്‍, എ.കെ. ശശീന്ദ്രന്‍, ജി. ആര്‍. അനില്‍, ഒ.ആര്‍. കേളു, റോഷി അഗസ്‌റ്റിന്‍, ആര്‍. ബിന്ദു, എം.ബി. രാജേഷ്‌, ചീഫ്‌ സെക്രട്ടറി എ. ജയതിലക്‌, നോര്‍ക്ക റൂട്‌സ്‌ സെക്രട്ടറി ടി.വി. അനുപമ, വ്യവസായികളായ എം.എ. യൂസഫലി, രവി പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW