-->
വ്യത്യസ്തവും വിചിത്രവുമായ ഒട്ടനവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ അമേരിക്കയിലെ അര്‍ക്കാന്‍സാസില്‍ നിന്ന് അസാധാരണമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്‌കൂള്‍ പ്രായത്തിലുള്ള രണ്ട് കുട്ടികള്‍ അച്ഛനും അമ്മയുമായെന്നായിരുന്നു ആ ഞെട്ടിക്കുന്ന വാര്‍ത്ത. വാര്‍ത്തയ്ക്ക് പിന്നാലെ ബെല്ലയും കാമുകന്‍ ഹണ്ടറും സമൂഹ മാധ്യമങ്ങില്‍ വൈറലായി. ഇരുവരും ഇന്ന് ഒരു ആണ്‍ കുഞ്ഞിന്റെ മാതാപിതാക്കളാണ്. ഇരുവര്‍ക്കും യഥാക്രമം 15 ഉം 13 ഉം വയസാണ് പ്രായം.
കഴിഞ്ഞ വര്‍ഷം അതായത്, ബെല്ലയ്ക്ക് 14 ഉം കാമുകന്‍ ഹണ്ടറിന് 12 ഉം വയസുള്ളപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന് ബെല്ല വെളിപ്പെടുത്തുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ബെല്ല ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. മകന്‍ വെസ്ലിയോടൊപ്പമാണ് ഇപ്പോള്‍ ഇരുവരുടെയും താമസം. ഹണ്ടറിന് 12 വയസ്സുള്ളപ്പോഴാണ് ബെല്ല ഗര്‍ഭിണിയായതെന്നത് പലരെയും ഞെട്ടിച്ചു. വിവരമറിഞ്ഞ് ഇരു കുടുംബങ്ങളും അമ്പരന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒടുവില്‍ ബെല്ലയുടെ മാതാപിതാക്കള്‍ മകളെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചെങ്കിലും, ഹണ്ടറിന്റെ കുടുംബം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹണ്ടറിന്റെ കുടുംബത്തിന്റെ പിന്തുണ ഇല്ലാതിരുന്നിട്ടും കുഞ്ഞിനെ പ്രസവിക്കാന്‍ തന്നെയായിരുന്നു ബെല്ലയുടെ തീരുമാനം. ടിഎല്‍സിയുടെ ജനപ്രിയ റിയാലിറ്റി ഷോയായ അണ്‍എക്‌സ്‌പെക്റ്റഡില്‍ നിന്നുള്ള ഒരു പ്രൊമോഷണല്‍ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെയാണ് ഇരുവരുടെയും ജീവിതം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളാകുന്ന കൗമാരക്കാരെക്കുറിച്ചുള്ള ഒരു പ്രോഗ്രാമാണിത്.
ബെല്ലയുടെ അമ്മ ഫാലണിന് മകളുടെ ഗര്‍ഭധാരണം ഒരു പേടിസ്വപ്നം പോലെയാണ് തോന്നിയത്. താന്‍ ആകെ തകര്‍ന്നുപോയെന്നും ഇത്രയും ചെറുപ്പത്തില്‍ തന്നെ തന്റെ മകള്‍ക്ക് ഗര്‍ഭധാരണത്തെ എങ്ങനെ നേരിടുമെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടിയതായും അവര്‍ പറഞ്ഞു. ബെല്ലയുടെ മാതാപിതാക്കള്‍ തുടക്കത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെങ്കിലും, പിന്നീട് അവര്‍ മകളെയും പേരക്കുട്ടിയെയും കുടുംബത്തോടൊപ്പം നിര്‍ത്തി.
എന്തായാലും ഇന്ന് തന്റെ കുഞ്ഞുക്കുടുംബവുമായി ബെല്ല സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. പുതിയ ജീവിതത്തെ കുറിച്ച് അവര്‍ വീഡിയോകള്‍ പങ്കുവയ്ക്കുന്നു. താന്‍ അമ്മയാകാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ബെല്ല തന്റെ വീഡിയോകളിലൂടെ പങ്കുവയ്ക്കുന്നു. ഇത്രയും ചെറിയ പ്രായത്തില്‍ ഒരു കുട്ടിയെ വളര്‍ത്തുന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണെന്നും തന്റെ അനുഭവം ആവര്‍ത്തിക്കരുതെന്നും അവര്‍ മറ്റ് പെണ്‍കുട്ടികളോട് അഭ്യര്‍ത്ഥിക്കുന്നു. കൗമാര ഗര്‍ഭധാരണത്തെ താന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും, തന്റെ ബുദ്ധിമുട്ടുകള്‍ തുറന്നു പറയുകയാണെന്നും അവര്‍ വീഡിയോകളിലൂടെ നിരന്തരം പറയുന്നു.