-->
ഡല്‍ഹിയില്‍ ആറ് വയസുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി നടി ഭൂമി പട്‌നേക്കര്‍. ലൈംഗികാതിക്രമം നടത്തിയാലും രക്ഷപ്പെടാനാവുമെന്ന് ആളുകള്‍ കരുതുന്നതിലൂടെ സമൂഹം പരാജയപ്പെടുകയാണെന്ന് ഭൂമി പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഭൂമി ഇതേക്കുറിച്ച് പങ്കുവച്ചത്.
പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളാണ് ആറ് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പത്തും പതിമൂന്നും പതിന്നാലും വയസ്സ് പ്രായമുള്ള കുട്ടികളിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തെങ്കിലും മൂന്നാമത്തെയാളെ കണ്ടെത്താനായില്ല. എന്താണ് ഇവിടെ നടക്കുന്നതെന്നും ലൈംഗികാതിക്രമങ്ങൾ ചെയ്ത് രക്ഷപ്പെടാമെന്ന് കരുതുന്ന ഈ രാക്ഷസന്മാരിൽ ഭയം നിറയ്ക്കാൻ കഴിയാത്തതിനാൽ നാം പരാജയപ്പെട്ടിരിക്കുന്നുവെന്നും ഭൂമി കുറിച്ചു.
തെരുവുനായ്ക്കളുടെ പ്രശ്നങ്ങൾ ഭീഷണിയായും സെൻസേഷണലൈസ് ചെയ്തും പുറത്തുവരുമ്പോൾ ഏറ്റവും കഠിനമായ യാഥാർഥ്യം എന്നത് ആറു വയസ്സുകാരി പോലും രാജ്യത്ത് സുരക്ഷിതയല്ല എന്നതാണെന്നും സത്യത്തിൽ ഒരുകുട്ടിയും സുരക്ഷിതയല്ല എന്നും കാരണം ഈ കേസിൽ വേട്ടക്കാർ തന്നെയാണ് ഇരകളുമെന്നും ഭൂമി കുറിച്ചു. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ഇത്തരം ഹീനമായ പ്രവർത്തി ചെയ്യുന്നതു കാണുമ്പോൾ തന്റെ ഹൃദയം തകരുന്നുവെന്നും ഭൂമി കുറിച്ചു.
ജനുവരി പതിനെട്ടിന് ഏഴു മണിയോടെയാണ് ആറു വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായത്. രക്തസ്രാവത്തോടെ വീട്ടിലെത്തിയ കുട്ടി ആദ്യം താന്‍ വഴിയില്‍വച്ച് വീണുവെന്നാണ് പറഞ്ഞത്. മകള്‍ക്ക് മിഠായി വാങ്ങിക്കൊടുത്തതിനുശേഷം വീട്ടിലേക്കുളള വഴിയുടെ തുടക്കത്തില്‍ അച്ഛന്‍ കൊണ്ടുവിട്ടുപോയതായിരുന്നു.
അവിടെവച്ച് പെണ്‍കുട്ടിക്ക് ചൗമീന്‍ വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് കുട്ടികള്‍ പെണ്‍കുട്ടിയെ വിളിച്ചു. ശേഷം ആളൊഴിഞ്ഞ കെട്ടിടത്തിനരികിലെത്തിച്ച് അതിക്രമത്തിനിരയാക്കുകയായിരുന്നു. ബജന്‍പുര പോലീസിനു കീഴിലാണ് അന്വേഷണം നടക്കുന്നത്.