-->
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ മുഖത്തേക്ക് ആവേശപൂര്‍വം കടക്കുന്നതിനുള്ള കളമൊരുക്കലായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ്. ഒറ്റനോട്ടത്തില്‍ ബഹുതല സ്‌പര്‍ശിയായൊരു ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. കുട്ടികള്‍, വയോജനങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കാന്‍ ശ്രമമുണ്ടായി. സാമൂഹിക, പശ്‌ചാത്തല വികസനത്തിന് ഊന്നല്‍ നല്‍കി അവതരിപ്പിച്ച പദ്ധതികള്‍ക്കാവശ്യമായ പണം എവിടെയെന്ന ചോദ്യം ഉയരുമ്പോഴും ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ കൈയടി നേടാന്‍ ധനമന്ത്രിക്കു കഴിഞ്ഞു. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു കേന്ദ്രത്തെ കുറ്റപ്പെടുത്തിയും സംസ്‌ഥാനത്തിന്റെ സുസ്‌ഥിര വളര്‍ച്ചയ്‌ക്ക് ജനങ്ങളുടെ കൂട്ടായ്‌മ വഹിക്കുന്ന പങ്ക് എടുത്തുപറഞ്ഞുമാണ് മന്ത്രി ബജറ്റ് അവതരിപ്പിച്ചത്.
കാത്തിരുന്ന ബജറ്റില്‍ സര്‍ക്കാര്‍ജീവനക്കാര്‍ക്ക് സന്തോഷിക്കാനുള്ള വക ധനമന്ത്രി കരുതിവയ്‌ക്കുകതന്നെ ചെയ്‌തു. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തിനായി 12-ാം ശമ്പളകമ്മിഷന്റെ പ്രഖ്യാപനമുണ്ടായി. ഡി.എ. കുടിശിക തെരഞ്ഞെടുപ്പിനു മുമ്പായി കൊടുത്തുതീര്‍ക്കും. ആദ്യ ഗഡു അടുത്ത മാസം നല്‍കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം ജീവനക്കാര്‍ക്ക് ആശ്വാസമാകും. അവസാന അടിസ്‌ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി കിട്ടുമെന്നു സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു.
തദ്ദേശതെരഞ്ഞെടുപ്പിനു മുമ്പായി ക്ഷേമപെന്‍ഷനുകള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. 'മിനി ബജറ്റ്' എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ, സമ്പൂര്‍ണ ബജറ്റിലും വിവിധ വിഭാഗങ്ങള്‍ക്കായി വേതന വര്‍ധന സര്‍ക്കാര്‍ ഉറപ്പാക്കി. ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയത്തില്‍ ആയിരം രൂപയുടെ വര്‍ധനകൂടി വരുത്തി. അംഗന്‍വാടി വര്‍ക്കര്‍മാര്‍, പ്രീൈപ്രമറി അധ്യാപകര്‍, സാക്ഷരത പ്രേരകര്‍ എന്നിവരുടെ പ്രതിമാസ വേതനവും ആയിരം രൂപ വര്‍ധിപ്പിച്ചു. അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയും വര്‍ധിപ്പിക്കും. സര്‍ക്കാരിന്റെ കരുതലിന്റെ ഭാഗമായി ഇവയെല്ലാം വിശേഷിപ്പിക്കപ്പെടും. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ക്കായി 14,500 കോടി രൂപയും സ്‌ത്രീ സുരക്ഷാ പെന്‍ഷനായി 3820 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്നതു ജനക്ഷേമത്തിലുള്ള സര്‍ക്കാരിന്റെ ഊന്നല്‍ പ്രകടമാക്കുന്നു.
ഇന്ത്യയില്‍ ആദ്യമായി വയോജനങ്ങള്‍ക്കായി പ്രത്യേക ബജറ്റ് രേഖ അവതരിപ്പിക്കാനായതും സര്‍ക്കാര്‍ നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി കെ.എഫ്.സി. വഴി 100 കോടി രൂപയുടെ പുതിയ പദ്ധതി പ്രഖ്യാപിക്കപ്പെട്ടു. അതേസമയം, ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കുമായി അപകട- ജീവിത ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കുകയും 15 കോടി രൂപ വകയിരുത്തുകയും ചെയ്‌തു.
പന്ത്രണ്ടാം ക്ലാസുവരെ വിദ്യാഭ്യാസം സൗജന്യമായ സംസ്‌ഥാനത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും ഇനി ബിരുദ വിദ്യഭ്യാസം സൗജന്യമായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിനുശേഷം തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കായി പ്രതിമാസം 1000 രൂപ ധനസഹായം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പിനായി 400 കോടി രൂപയാണ് അനുവദിച്ചത്. വിദ്യാഭ്യാസ മേഖലയ്‌ക്കും വിദ്യാര്‍ഥികള്‍ക്കും ബജറ്റില്‍ പ്രത്യേക ശ്രദ്ധ ലഭിച്ചു.
സില്‍വര്‍ലൈന്‍ പദ്ധതി നടക്കില്ലെന്ന് ഉറപ്പായെങ്കിലും അതിവേഗ റെയില്‍വേ പദ്ധതിക്ക് പിന്നാലെതന്നെയാണ് സര്‍ക്കാര്‍ ഇപ്പോഴുമെന്ന് വ്യക്‌തമാക്കുന്നതാണ് ബജറ്റ് പ്രഖ്യാപനം. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്‌റ്റത്തിനു (ആര്‍.ആര്‍.ടി.എസ്) 100 കോടി രൂപ അനുവദിക്കുകയും വിഴിഞ്ഞം മുതല്‍ കൊച്ചി വരെ നീളുന്ന 'റെയര്‍ എര്‍ത്ത് കോറിഡോര്‍' പദ്ധതി പ്രഖ്യാപിക്കുകയും ചെയ്‌തു. കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമായി 2,071.95 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന റബര്‍, നെല്‍ കര്‍ഷകര്‍ക്ക് സന്തോഷിക്കാനുള്ള വക ബജറ്റില്‍ ഇല്ല എന്നത് വിമര്‍ശനമായിട്ടുണ്ട്.
സംസ്‌ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറച്ചുവച്ച് ജനങ്ങളെ കബളിപ്പിക്കുന്ന പൊള്ളയായ പ്രഖ്യപാപനങ്ങളാണ് ബജറ്റിലുള്ളതെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു. പദ്ധതി നിര്‍വഹണത്തിലെ കുറവ് ചുണ്ടിക്കാട്ടിയ പ്രതിപക്ഷം അതുകൊണ്ടുതന്നെ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് വിശ്വാസ്യതയില്ലെന്നും വാദിക്കുന്നു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റായിരുന്നു ഇന്നലെ അവതരിപ്പിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും ജനങ്ങളെ എത്രത്തോളം സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നതിന്റെ ഉത്തരമാകും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്. എല്ലാ മേഖലകളിലും കേരളം പുതിയ നോര്‍മല്‍ സൃഷ്‌ടിച്ചിരിക്കുകയാണെന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറയുകയുണ്ടായി. പ്രളയം ഉള്‍പ്പെടെയുള്ള വലിയ പ്രതിസന്ധികള്‍ക്കുശേഷം കേരള സമൂഹം കൈവരിച്ച മാറ്റത്തെയും നിലവാരത്തെയുമാണ് ഈയൊരു പ്രയോഗത്തിലൂടെ ധനമന്ത്രി ഉദ്ദേശിച്ചത്. ധനമന്ത്രിയുടെ വിലയിരുത്തലില്‍ കേരള ജനതയുടെ മറുപടിക്കായി കാത്തിരിക്കാം.