-->
തിരുവനന്തപുരം: കൃഷിക്ക് 2071 കോടി രൂപയും മൃഗസംരക്ഷണത്തിന് 318 കോടി രൂപയും സംസ്‌ഥാന ബജറ്റില്‍ വകയിരുത്തി. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്‌ക്കായി ലോക ബാങ്ക് വായ്‌പാ സഹായത്തോടെ സംസ്‌ഥാനത്ത് നടപ്പാക്കിവരുന്ന കേരള ക്‌ലൈമറ്റ് റസിലിയന്റ്‌റ് അഗ്രി വാല്യൂ ചെയിന്‍ മോഡനൈസേഷന്‍ (കേര) എന്ന പദ്ധതിക്ക് ബജറ്റില്‍ 100 കോടി രൂപ നീക്കിവച്ചു.
കാര്‍ഷികമേഖലയ്‌ക്ക് പ്രത്യേക ഊന്നല്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. കാര്‍ഷികാനുബന്ധ മേഖലയുടെ ആകെ പദ്ധതി അടങ്കല്‍ 2071.95 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇതില്‍ 234.73 കോടി രൂപ കേന്ദ്ര വിഹിതമായി പ്രതീക്ഷിക്കുന്നതാണ്. നെല്ല് വികസന പദ്ധതികളുടെ സംയോജനത്തിനായി ബജറ്റില്‍ 150 കോടി രൂപ വകയിരുത്തി.
കൃഷി, മൃഗസംരക്ഷണം
ഒറ്റനോട്ടത്തില്‍
സമഗ്ര പച്ചക്കറി വികസന പദ്ധതിയായി 78.45 കോടി രൂപ. നാളികേര വികസനത്തിനായി 73 കോടി രൂപ. സുഗന്ധവ്യഞ്‌ജന വികസന പദ്ധതിയുടെ അടങ്കല്‍ 7.60 കോടി രൂപയില്‍ നിന്ന് 15 കോടി രൂപയായി വര്‍ധിപ്പിച്ചു. പഴവര്‍ഗങ്ങള്‍, പൂക്കള്‍, ഔഷധസസ്യങ്ങള്‍ എന്നിവയുടെ കൃഷി വ്യാപനത്തിന് 20.92 കോടി രൂപ. കേരള കാര്‍ഷിക സര്‍വകലാശാലയ്‌ക്ക് 78 കോടി രൂപ. ഉത്‌പാദക സംഘങ്ങളുടെ വികസനത്തിനും സാങ്കേതിക വിദ്യാ പിന്തുണയ്‌ക്കുമായുള്ള പദ്ധതിക്ക് അഞ്ചുകോടി രൂപ. മണ്ണിന്റെ ആരോഗ്യപരിപാലനവും, ഉത്‌പാദനക്ഷമത മെച്ചപ്പെടുത്തലും എന്ന പദ്ധതിക്ക് 31.15 കോടി രൂപ. വിള ആരോഗ്യപരിപാലന പദ്ധതിക്കായി 13 കോടി രൂപ. ജൈവ കൃഷിയും, ഉത്തമ കൃഷി രീതികളും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് 5.25 കോടി രൂപ. ഗുണമേന്മയുള്ള നടീല്‍ വസ്‌തുക്കളുടെ ഉത്‌പാദനത്തിനും വിതരണത്തിനും കൃഷി വകുപ്പിന്റെ കീഴിലുള്ള ഫാമുകള്‍ മെച്ചപ്പെടുത്തുന്നതിനുമായി 13.44 കോടി രൂപ.
കാര്‍ഷിക മേഖലയില്‍ ശാസ്ര്‌തസാങ്കേതിക വിജ്‌ഞാന വ്യാപനം ശക്‌തിപ്പെടുത്തുന്നതിനുവേണ്ടി 15.40 കോടി രൂപ. തൊഴിലാളി ക്ഷാമം മറികടക്കുന്നതിനും, യന്ത്രവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ കാര്‍ഷിക സേവന കേന്ദ്രങ്ങള്‍, കാര്‍ഷിക കര്‍മ സേനകള്‍, കസ്‌റ്റം ഹയറിങ് സെന്ററുകള്‍ എന്നിവ ശക്‌തിപ്പെടുത്തുന്നതിനുമായി 10 കോടി രൂപ. ജലസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 81.24 കോടി രൂപ.
മൃഗസംരക്ഷണം
സങ്കരയിന ബീജസങ്കലന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 9.20 കോടി രൂപ. മൃഗസംരക്ഷണ സേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് 18.50 കോടി രൂപ. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഫാമുകളുടെ സംരക്ഷണത്തിനും ശക്‌തിപ്പെടുത്തലിനുമായി 18 കോടി രൂപ. സംസ്‌ഥാനത്തെ വെറ്ററിനറി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 2.82 കോടി രൂപ. പ്രത്യേക കന്നുകുട്ടി പരിപാലന പരിപാടിക്ക് 7.5 കോടി രൂപ. മൃഗചികിത്സ സേവനങ്ങള്‍ ശക്‌തിപ്പെടുത്താന്‍ 44.50 കോടി രൂപ. കേരള ലൈവ് സ്‌റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 30.46 കോടി രൂപ മീറ്‌േറ് പ്രാഡക്‌ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡിന് 6.14 കോടി രൂപ. കേരള ഫീഡ്‌സിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 22.20 കോടി രൂപ. കേരള വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 69 കോടി രൂപ.
ക്ഷീരവികസന
മേഖലയ്‌ക്ക് 128.05 കോടി
ക്ഷീര വികസന മേഖലയ്‌ക്ക് സംസ്‌ഥാന ബജറ്റില്‍ 128.05 കോടി രൂപ വകയിരുത്തി. ധര്‍മ്മടംവേങ്ങാട് ഗ്‌ളോബല്‍ ഡയറി വില്ലേജ് പദ്ധതിയുടെ തുടര്‍ നടത്തിപ്പിന് 10 കോടി രൂപയും വാണിജ്യ ക്ഷീരവികസന പ്രവര്‍ത്തനങ്ങളും മില്‍ക്ക് ഷെഡ് വികസന പ്രവര്‍ത്തനങ്ങളും ശക്‌തിപ്പെടുത്തുന്നതിന് 5.20 കോടി രൂപയും അധികം അനുവദിച്ച് പദ്ധതി വിഹിതം 45 കോടി രൂപയായും വര്‍ധിപ്പിച്ചു. സംസ്‌ഥാനത്തെ ഗ്രാമീണ ക്ഷീര വിപുലീകരണത്തിനും കാര്‍ഷിക ഉപദേശക സേവനങ്ങള്‍ക്കുമുള്ള വിഹിതം 12 കോടി രൂപയായി വര്‍ധിപ്പിച്ചു.
പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളുടെ പശ്‌ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ആധുനികവത്‌കരിക്കുകയും ചെയ്യുന്നതിനായി 22.55 കോടി രൂപ വകയിരുത്തി. സ്‌റ്റേറ്റ് ഫോഡര്‍ ഫാമും മോഡല്‍ ഡയറി യൂണിറ്റും തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്‍ത്തേരിയില്‍ സ്‌ഥാപിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തി.