-->
ആലപ്പുഴ: പത്തു വര്‍ഷം പാഴാക്കിയതിന്റെ സാക്ഷ്യപത്രമാണ് സംസ്‌ഥാന ബജറ്റെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കുറ്റപ്പെടുത്തി. ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങളാണ് ഏറിയ പങ്കും.
ഈ സര്‍ക്കാരിന് ഇനി ഒരിക്കലും നടപ്പിലാക്കേണ്ടി വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് പൊള്ളയായ വാഗ്‌ദാനങ്ങള്‍ കുത്തിനിറച്ചിരിക്കുകയാണ്. സര്‍ക്കാര്‍ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം 2024 ല്‍ നടപ്പാക്കേണ്ടതായിരുന്നു. അതിനുള്ള ശമ്പള കമ്മിഷനെ നിയമിച്ചത് പോലും ഈ ബജറ്റിലാണ്. അതും അടുത്ത സര്‍ക്കാരിന്റെ തലയില്‍ക്കെട്ടിവച്ചിട്ടാണ് പിണറായി സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഓടിയൊളിച്ചത്. പങ്കാളിത്ത പെന്‍ഷനു പകരം അഷ്യേര്‍ഡ് പെന്‍ഷന്‍ കൊണ്ടുവരുന്നു എന്ന് പറയുമ്പോഴും ജീവനക്കാര്‍ വിഹിതം നല്‍കണം. വന്യമൃഗശല്യം പ്രതിരോധിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും കഴിഞ്ഞ തവണ പ്രഖ്യാപിച്ചതിന്റെ പകുതിപോലുമില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച എത്ര പദ്ധതികള്‍ നടപ്പാക്കിയെന്നു ധവളപത്രം പുറത്തിറക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.