-->
പത്തനംതിട്ട: കോട്ടാങ്ങലില്‍ കാമുകന്റെ വീട്ടില്‍ നഴ്‌സ് തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി. മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്‌മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39) ആണ് പ്രതി. വീട്ടില്‍ തടിക്കച്ചവടത്തിനു വന്ന നസീര്‍ നഴ്‌സിനെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചാണ് പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി നാളെ വിധി പ്രഖ്യാപിക്കും.
പെരുമ്പെട്ടി പോലീസ് 2019 ഡിസംബറില്‍ രജിസ്‌റ്റര്‍ ചെയ്‌ത മല്ലപ്പള്ളിനിയുടെ ആത്മഹത്യയാണ് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസിന് തുമ്പുണ്ടാക്കിയതു ജില്ലാ ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന പ്രതാപന്‍ നായരായിരുന്നു. കുറച്ചു കാലം അന്വേഷണത്തിനു നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. ഭര്‍തൃമതിയായ യുവതി ഭര്‍ത്താവിനോടു പിണങ്ങി കാമുകനായ യുവാവിനൊപ്പം താമസിച്ചുവരികയായിരുന്നു. യുവാവിന്റെ വീടിന്റെ കിടപ്പുമുറിയിലാണ് യുവതിയെ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.
ലോക്കല്‍ പോലീസും മാതാപിതാക്കളും സ്വാഭാവികമായും യുവാവിനെ സംശയിച്ചു. യുവാവിനെ കസ്‌റ്റഡിയിലെടുത്ത് പെരുമ്പെട്ടി എസ്.ഐയായിരുന്ന ഷെരീഫ് കുമാര്‍ മര്‍ദിച്ചവശനാക്കി. ചോര ഛര്‍ദിച്ച് ആശുപത്രിയിലായ യുവാവ് കോടതിയെ സമീപിച്ച് എസ്.ഐക്കെതിരേ കേസെടുപ്പിച്ചു. ഈ കേസില്‍ സസ്‌പെന്‍ഷനിലായ എസ്‌ഐയ്‌ക്കെതിരേ തുടരന്വേഷണം നടക്കുകയാണ്. 2019 ഡിസംബര്‍ 15 നായിരുന്നു കൊലപാതകം. കിടപ്പുമുറിയില്‍ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കവെ കട്ടിലില്‍ തലയിടിപ്പിച്ച് അബോധാവസ്‌ഥയിലായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത പ്രതി, മുറിയുടെ മേല്‍ക്കൂരയിലെ ഇരുമ്പ് ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ഒന്‍പതേ മുക്കാലിനും വൈകിട്ട് 4.30 നുമിടയിലുള്ള സമയം മരണം സംഭവിച്ചുവെന്നായിരുന്നു കേസ്. തൂങ്ങിമരണം എന്ന നിലയ്‌ക്കായിരുന്നു ലോക്കല്‍ പോലീസിന്റെ പ്രാഥമികാന്വേഷണം. സംഭവദിവസം യുവാവും അച്‌ഛനും പുറത്തുപോയശേഷം യുവതി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഈ സമയത്താണ് കൊലപാതകം നടന്നത്. മല്ലപ്പള്ളി തഹസീല്‍ദാറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്‌റ്റിനു ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടവും നടത്തി.
പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 53 മുറിവുകള്‍ യുവതിയുടെ ശരീരത്തില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. പരാതിക്കാരനായ കാമുകന്റെയും ഒപ്പം താമസിക്കുന്ന പിതാവിന്റെയും രക്‌തസാമ്പിളുകളും ശാസ്‌ത്രീയ പരിശോധനയ്‌ക്ക് ശേഖരിച്ചിരുന്നു. തുടര്‍ന്ന് കേസ് 2020 ഫെബ്രുവരിയില്‍ ജില്ലാ ൈക്രം ബ്രാഞ്ചിനെ ഏല്‍പിച്ചു ജില്ലാ പോലീസ് മേധാവി ഉത്തരവായി. ശാസ്‌ത്രീയ പരിശോധനയില്‍ യുവതിയുടെ രഹസ്യഭാഗങ്ങളില്‍ ശുക്ലവും ബീജാണുവും കണ്ടെത്തി. ജില്ലാ ൈക്രം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ യുവതി ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്കും ശാരീരിക പീഡനത്തിനും വിധേയമായി എന്നു കണ്ടെത്തി.