-->
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാകുന്ന ജനനായകന്‍. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയാണ്. ഇപ്പോഴിതാ ഇതില്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. വിവാദമായ കേരള സ്റ്റോറിക്കും കശ്മീര്‍ ഫയല്‍സിനും എളുപ്പത്തില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചെന്നും എന്നാല്‍ ജനനായകന്‍ സിനിമയോട് കാണിക്കുന്നത് വിവേചനമാണെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു. പുതിയ സിനിമയുടെ വാര്‍ത്താ സമ്മേളനത്തിലാണ് നടന്റെ പ്രതികരണം.
'സിനിമ ഒരു വലിയ ബിസിനസ് ശൃംഖലയാണ്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണം നൽകുന്നുണ്ട്. അതിൻ്റെ ലോഞ്ചിനായുള്ള നീണ്ട കാത്തിരിപ്പ് വളരെ നിരാശാജനകമാണ്. വിജയ്‌യെ പോലൊരു മാസ് ഹീറോയെ എന്തിനാണ് ലക്ഷ്യമിടുന്നതെന്ന് അറിയില്ല. വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും നേരിട്ട ‘ദി കശ്മീർ ഫയൽസ്’, ‘ദി കേരള സ്റ്റോറി’ തുടങ്ങിയ സിനിമകൾക്ക് സുഗമമായി സർട്ടിഫിക്കേഷൻ ലഭിച്ചു. എന്നാൽ ‘ജന നായകൻ’ തുടർച്ചയായി സെൻസർഷിപ്പ് പ്രശ്‌നങ്ങൾ നേരിടുകയാണ്,' മൻസൂർ അലി ഖാൻ പറഞ്ഞു.
എച്ച് വിനോദ് ആണ് ജനനായകന്റെ സംവിധാനം. രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്‍ വിജയ്യുടെ അവസാന ചിത്രമാണ് ജനനായകന്‍. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ െകയുമാണ് സഹനിര്‍മാണം.