-->
ഒരു ആകാശ ദുരന്തം ഒരു പാര്‍ട്ടിയുടെ ഭാവിയെ തന്നെ സ്വാധീനിച്ചേക്കാം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇന്ദിരാ ഗാന്ധി പിന്‍ഗാമിയായി വളര്‍ത്തിക്കൊണ്ടുവന്ന സഞ്‌ജയ് ഗാന്ധി വിടപറഞ്ഞപ്പോള്‍ സംഭവിച്ചത് അതാണ്. വൈ.എസ്. രാജശേഖര്‍ റെഡ്‌ഡി ഹെലികോപ്‌റ്റര്‍ ദുരന്തത്തില്‍ മരിച്ചപ്പോള്‍ ആന്ധ്രാ പ്രദേശ് എന്ന സംസ്‌ഥാനത്തിന്റെ ഭാവി മാറി.
ഐക്യ ആന്ധ്രയ്‌ക്കുവേണ്ടി വാദിച്ച രാജശേഖര്‍ റെഡ്‌ഡി അന്തരിച്ചതിനെ തുടര്‍ന്ന് ആന്ധ്രാ പ്രദേശ് പിളര്‍ന്ന് തെലങ്കാന രൂപീകരിക്കപ്പെട്ടു. ആന്ധ്രയില്‍ രാജശേഖര്‍ റെഡ്‌ഡിയുടെ പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ് നാമാവശേഷമായി. എന്‍.സി.പി. എന്ന രാഷ്‌ട്രീയ പാര്‍ട്ടിയാണ് അജിത് പവാര്‍ വിടപറഞ്ഞതോടെ പ്രതിസന്ധിയിലായത്. വ്യോമ ദുരന്തങ്ങളില്‍ വിടപറഞ്ഞ പ്രമുഖര്‍ ഇവരാണ്.
സഞ്‌ജയ് ഗാന്ധി (1980)
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകനും അടിയന്തരാവസ്‌ഥ കാലഘട്ടത്തിലെ ശക്‌തനുമായിരുന്ന സഞ്‌ജയ് ഗാന്ധി 1980 ജൂണ്‍ 23ന് ഡല്‍ഹിയില്‍ വിമാനാപകടത്തില്‍ മരിച്ചു. 33 വയസായിരുന്നു അന്ന് അദ്ദേഹത്തിന്. സഫ്‌ദര്‍ജങ് വിമാനത്താവളത്തിന് സമീപം ഒരു ടെസ്‌റ്റ് ഫൈ്ലറ്റിനിടെ അദ്ദേഹം പറത്തിയ രണ്ട് സീറ്റര്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
മാധവ്‌റാവു സിന്ധ്യ (2001)
ഗ്വാളിയോര്‍ രാജകുടുംബാംഗവും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവുമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധവ്‌റാവു സിന്ധ്യ 2001 സെപ്‌റ്റംബര്‍ 30ന് മരിച്ചു.
ഒരു രാഷ്‌ട്രീയ റാലിയെ അഭിസംബോധന ചെയ്യാന്‍ യാത്ര ചെയ്യുമ്പോള്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ചാര്‍ട്ടേഡ് വിമാനം ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയില്‍ തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടു.
വിജയ് രൂപാണി (2025)
അഹമ്മദാബാദില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിങ് 7878 ഡ്രീംലൈനര്‍ വിമാനം ടേക്ക് ഓഫ് ചെയ്‌ത് നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീണ് മരിച്ച 241 പേരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്‍പ്പെടുന്നു. ലണ്ടന്‍ ഗാറ്റ്വിക്ക് ലക്ഷ്യമിട്ട ഈ വിമാനം ഒരു മെഡിക്കല്‍ കോളജ് ഹോസ്‌റ്റല്‍ കോംപ്ലക്‌സിലാണ് വീണത്.
ജി.എം.സി. ബാലയോഗി (2002)
അന്നത്തെ ലോക്‌സഭാ സ്‌പീക്കറും മുതിര്‍ന്ന തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായിരുന്ന ഗാന്റി മോഹന്‍ ചന്ദ്ര ബാലയോഗി 2002 മാര്‍ച്ച് 3ന് ആന്ധ്രാപ്രദേശിലെ പശ്‌ചിമ ഗോദാവരി ജില്ലയില്‍ ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മരിച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് ഹെലികോപ്‌റ്റര്‍ അപകടത്തില്‍പ്പെട്ടതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ദോര്‍ജി ഖണ്ഡു (2011)
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു 2011 ഏപ്രില്‍ 30ന് ഇന്ത്യചൈന അതിര്‍ത്തിക്ക് സമീപമുള്ള മലയോര മേഖലയില്‍ പവന്‍ ഹാന്‍സ് ഹെലികോപ്‌റ്റര്‍ തകര്‍ന്നു വീണ് മരിച്ചു. വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ അഞ്ച് ദിവസത്തെ തിരച്ചിലിന് ശേഷമാണ് കണ്ടെത്തിയത്.
വൈ.എസ്. രാജശേഖര റെഡ്‌ഡി (2009)
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്‌ഡി (വൈ.എസ്.ആര്‍.) 2009 സെപ്‌റ്റംബര്‍ 2ന് നല്ലാമല കുന്നുകളില്‍ ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മരിച്ചു. വലിയ തിരച്ചിലിന് ശേഷമാണ് അപകടസ്‌ഥലം കണ്ടെത്തിയത്.
ഒ.പി. ജിന്‍ഡാല്‍, സുരേന്ദര്‍ സിങ് (2005)
വ്യവസായിയും ഹരിയാന വൈദ്യുതി മന്ത്രിയുമായിരുന്ന ഒ.പി. ജിന്‍ഡാല്‍, മുന്‍ കേന്ദ്രമന്ത്രിയും മുന്‍ രാഷ്‌ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ മകനുമായ സുരേന്ദര്‍ സിങ് എന്നിവര്‍ 2005 മാര്‍ച്ച് 31ന് ഉത്തര്‍പ്രദേശിലെ സഹാരണപൂരില്‍ ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മരിച്ചു.
ഗുര്‍ണാം സിങ് (1973)
പഞ്ചാബിന്റെ മുന്‍ മുഖ്യമന്ത്രി ഗുര്‍ണാം സിങ് 1973 മേയ് 31ന് ഡല്‍ഹിയിലുണ്ടായ വിമാനാപകടത്തിലാണു കൊല്ലപ്പെട്ടത്.