-->
രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനും ചര്‍ച്ചകള്‍ക്കും വിരാമമിട്ടുകൊണ്ട് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും (ഇ.യു.) തമ്മില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്.ടി.എ.) ആഗോള സാമ്പത്തിക ഭൂപടത്തില്‍ ഇന്ത്യയുടെ സ്‌ഥാനം കൂടുതല്‍ ഉറപ്പിക്കുന്ന ഒന്നാണ്. 'എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്' എന്നാണ് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ ഈ കരാറിനെ വിശേഷിപ്പിച്ചത്. കേവലം നികുതിയിളവുകള്‍ക്കപ്പുറം, അനിശ്‌ചിതത്വം നിറഞ്ഞ ആഗോള രാഷ്‌ട്രീയ സാഹചര്യത്തില്‍ രണ്ട് വന്‍ശക്‌തികള്‍ കൈകോര്‍ക്കുന്നുവെന്നത് ഈ കരാറിന് വലിയ രാഷ്‌ട്രീയ പ്രാധാന്യം കൂടി നല്‍കുന്നു. അമേരിക്കയുടെ താരിഫ് ഭീഷണികളും ചൈനയുടെ വിപണി ആധിപത്യവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രണ്ട് സമ്പദ്‌വ്യവസ്‌ഥകള്‍ ഒന്നിക്കുന്നത് ആഗോള വ്യാപാരത്തിന് പുതിയ ദിശാബോധം നല്‍കും.
നേട്ടങ്ങളുടെ
കണക്കുപുസ്‌തകം
കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള 99.5 ശതമാനം ഉല്‍പന്നങ്ങള്‍ക്കും യൂറോപ്യന്‍ വിപണിയില്‍ നികുതിയില്ലാതെ പ്രവേശനം ലഭിക്കും. തിരിച്ചിങ്ങോട്ട് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള 97.5 ശതമാനം ഉല്‍പന്നങ്ങള്‍ക്കും ഇന്ത്യയും തീരുവ ഇളവുകള്‍ നല്‍കുന്നു. 2007-ല്‍ ആരംഭിച്ച ചര്‍ച്ചകള്‍ പലതവണ വഴിമുട്ടിനിന്നെങ്കിലും, 2022-ല്‍ പുനരാരംഭിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ വിജയതീരത്തെത്തിയിരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, തൊഴില്‍ സാന്ദ്രതയുള്ള മേഖലകള്‍ക്ക് ഈ കരാര്‍ നല്‍കുന്ന ഉത്തേജനം ചെറുതല്ല. ടെക്‌സ്‌റ്റൈല്‍സ്, വസ്‌ത്രങ്ങള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, പാദരക്ഷകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, സുഗന്ധവ്യഞ്‌ജനങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍ തുടങ്ങി ഇന്ത്യയുടെ പരമ്പരാഗത കയറ്റുമതി മേഖലകള്‍ക്ക് പൂജ്യം ശതമാനം നികുതിയില്‍ യൂറോപ്യന്‍ വിപണിയിലേക്ക് കടക്കാം. നിലവില്‍ ഈ മേഖലകളില്‍ നാലു മുതല്‍ 26 ശതമാനം വരെയാണ് ഇറക്കുമതി തീരുവ. ഇത് ഒഴിവാക്കപ്പെടുന്നതോടെ ബംാദേശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുമായുള്ള മത്സരത്തില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കും. ഏകദേശം 33 ബില്യണ്‍ ഡോളര്‍ (ഏകദേശം 2.87 ലക്ഷം കോടി രൂപ) മൂല്യമുള്ള കയറ്റുമതിയെ ഇത് നേരിട്ട് സ്വാധീനിക്കുമെന്നാണ് വാണിജ്യ മന്ത്രാലയം കണക്കാക്കുന്നത്.
ഉപഭോക്‌താവിനും
ആശ്വാസം
സാധാരണക്കാരെയും മധ്യവര്‍ഗത്തെയും സംബന്ധിച്ചിടത്തോളം വിപണിയിലുണ്ടാകുന്ന വിലമാറ്റങ്ങളാണ് പ്രധാനം. യൂറോപ്യന്‍ കാറുകള്‍ക്കും മദ്യത്തിനും ഏര്‍പ്പെടുത്തിയിരുന്ന ഭീമമായ നികുതി കുറയുന്നത് വിപണിയില്‍ ചലനങ്ങളുണ്ടാക്കും. 15,000 യൂറോയ്‌ക്ക് (ഏകദേശം 16 ലക്ഷം രൂപ) മുകളില്‍ വിലയുള്ള കാറുകളുടെ ഇറക്കുമതി തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയും. മെഴ്‌സിഡീസ്, ബി.എം.ഡബ്ല്യു, ഔഡി തുടങ്ങിയ ആഡംബര കാറുകള്‍ക്ക് ഇത് വലിയ വിലക്കുറവ് നല്‍കും. എന്നാല്‍, ഇന്ത്യയിലെ സാധാരണക്കാരുടെ വിപണിയായ ചെറുകാറുകളെ (1025 ലക്ഷം രൂപ വരെ) സംരക്ഷിക്കുന്നതിനായി ഈ ഇളവ് ബാധകമാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
മറ്റൊരു പ്രധാന നേട്ടം മരുന്ന് വിപണിയിലാണ്. യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ക്യാന്‍സര്‍ മരുന്നുകള്‍ക്കും അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വില കുറയുന്നത് ആരോഗ്യമേഖലയ്‌ക്ക് ആശ്വാസമാകും. കൂടാതെ, മൊബൈല്‍ ഫോണുകള്‍, വിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍, ഹൈടെക് ഇലക്‌ട്രോണിക്‌സ് എന്നിവയുടെ നിര്‍മാണത്തിനാവശ്യമായ ഘടകങ്ങളുടെ തീരുവ കുറയുന്നത് 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് കരുത്തേകും.
കരുതലോടെയുള്ള കാല്‍വയ്‌പുകള്‍
വ്യാപാരം തുറന്നിടുമ്പോഴും സ്വന്തം കര്‍ഷകരെയും ചെറുകിട ഉല്‍പാദകരെയും സംരക്ഷിക്കാന്‍ ഇന്ത്യ കാണിച്ച ജാഗ്രത എടുത്തുപറയേണ്ടതാണ്. ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര മേഖലകളെ കരാറിന്റെ പരിധിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, കാര്‍ഷിക വിളകള്‍ എന്നിവയ്‌ക്ക് നിലവിലുള്ള സംരക്ഷണം തുടരും. യൂറോപ്യന്‍ യൂണിയനും തങ്ങളുടെ ബീഫ്, അരി, പഞ്ചസാര, കോഴിയിറച്ചി തുടങ്ങിയ മേഖലകളെ സംരക്ഷിച്ചുനിര്‍ത്തിയിട്ടുണ്ട്. ഇരുപക്ഷവും തങ്ങളുടെ 'സെന്‍സിറ്റീവ്' മേഖലകളെ തൊടാതെയാണ് കരാറില്‍ ഒപ്പുവച്ചത് എന്നത് ഇതിന്റെ പ്രായോഗികത വര്‍ധിപ്പിക്കുന്നു.
സേവന മേഖലയിലും ഇന്ത്യക്ക് നേട്ടമുണ്ട്. ഐ.ടി, പ്രഫഷണല്‍ സേവനങ്ങള്‍, വിദ്യാഭ്യാസം തുടങ്ങി 144 ഉപമേഖലകളില്‍ യൂറോപ്യന്‍ യൂണിയന്‍ വിപണി തുറന്നുതരും. ഇത് ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് യൂറോപ്പില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ വഴിയൊരുക്കും.
ഭാവിയെന്ത്?
നിയമപരമായ പരിശോധനകള്‍ക്കു ശേഷം 27 ഇ.യു. അംഗരാജ്യങ്ങളുടെയും യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും അംഗീകാരം ലഭിക്കുന്നതോടെ ഈ വര്‍ഷം തന്നെ കരാര്‍ പൂര്‍ണമായി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉഭയകക്ഷി വ്യാപാരം 4,000 കോടി ഡോളറായി വളര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
ആഗോള സമ്പദ്‌വ്യവസ്‌ഥ മാന്ദ്യഭീതിയിലും യുദ്ധസാഹചര്യങ്ങളിലും ഉഴലുമ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ ചേരികള്‍ തമ്മിലുള്ള ഈ കൈകോര്‍ക്കല്‍ സാമ്പത്തിക സഹകരണത്തിനപ്പുറം, നയതന്ത്രപരമായ ഒരു സഖ്യം കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചതുപോലെ, ആഗോള അസ്‌ഥിരതകള്‍ക്കിടയില്‍ 'സുസ്‌ഥിരത ശക്‌തിപ്പെടുത്താന്‍' ഈ കരാര്‍ സഹായിക്കും. കയറ്റുമതിയിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനും, അത്യാധുനിക സാങ്കേതികവിദ്യകള്‍ ലഭ്യമാക്കാനും, തദ്ദേശീയ വ്യവസായങ്ങളെ മത്സരക്ഷമമാക്കാനും ഈ കരാര്‍ ഇന്ത്യക്ക് അവസരമൊരുക്കുന്നു. ഈ അവസരങ്ങളെ എത്രത്തോളം കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നു എന്നതിലായിരിക്കും വരുംകാല ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ്.
ജോണ്‍ മാത്യു