-->
രാജ്യത്തിനു പ്രതീക്ഷയായിരുന്ന മറ്റൊരു രാഷ്‌ട്രീയ നേതാവിനെക്കൂടി വിമാനാപകടത്തിലൂടെ നഷ്‌ടമായിരിക്കുന്നു. മഹാരാഷ്‌ട്രയിലെ ബാരാമതിയില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി. നേതാവും നിര്‍ണായക സാന്നിധ്യവുമായിരുന്ന അജിത് പവാര്‍ (66) ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. മഹാരാഷ്‌ട്രയില്‍ ഏറ്റവും കൂടുതല്‍ കാലം ഉപമുഖ്യമന്ത്രി പദവി അലങ്കരിച്ച നേതാവ് എന്ന നിലയിലും അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു. വിവിധ സര്‍ക്കാരുകളിലായി ആറു തവണ ഉപമുഖ്യമന്ത്രി സ്‌ഥാനത്ത് അദ്ദേഹമുണ്ടായി. അദ്ദേഹത്തിന്റെ വേര്‍പാട് മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലും എന്‍.സി.പിയിലും വലിയൊരു നേതൃശൂന്യതയാകും സൃഷ്‌ടിക്കുക.
മഹാരാഷ്‌ട്രയില്‍ ഭരണം കൈയാളുന്ന മഹായുതി സഖ്യത്തിലെ പ്രധാനികളില്‍ ഒരാളായിരുന്നു അജിത് പവാര്‍. ബി.ജെ.പിയും ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന ശിവസേനയും ഉള്‍പ്പെടുന്ന സഖ്യത്തിലെ മൂന്നാമത്തെ പ്രധാന കക്ഷിയായ എന്‍.സി.പിക്കു നേതാവിനെ നഷ്‌ടമാകുമ്പോള്‍ മുന്നണിക്കാകെയാണ് ആഘാതം. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി പദം കൈകാര്യം ചെയ്യുന്ന മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്‌ഥാനംമാത്രമല്ല ധനമന്ത്രിയുടെ ചുമതലയും പവാര്‍ വഹിച്ചിരുന്നു. മൂന്നു പതിറ്റാണ്ടിലേറെയായി ബാരാമതിയില്‍നിന്നുള്ള ജനപ്രതിനിധിയാണ് അദ്ദേഹം.
മുംബൈയില്‍നിന്നു പറന്നുയര്‍ന്ന് ഒരു മണിക്കൂറിനകം ബാരാമതി വിമാനത്താവളത്തിനു സമീപമായിരുന്നു അപകടം. റണ്‍വേയിലേക്കു ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഏകദേശം 100 അടി മുമ്പായി വിമാനം തകര്‍ന്നു വീഴുന്നതാണ് ദൃക്‌സാക്ഷികള്‍ കണ്ടത്. സിഗില പരിഷത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനുള്ള പവാറിന്റെ യാത്രയാണ് അന്ത്യയാത്രയായത്.
ദുരന്തത്തിനിരയായ ലിയര്‍ജെറ്റ് 45 വിമാനം 2023 ലും അപകടത്തില്‍പ്പെട്ടതായ വിവരം പുറത്തുവന്നിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ ഉന്നതതല അന്വേഷണത്തിലൂടെ അപകടകാരണം വ്യക്‌തമാകേണ്ടതിന്റെ പ്രാധാന്യം ഏറെ.
വിമാനാപകടത്തിലൂടെ അപ്രതീക്ഷിതമായി പൊലിഞ്ഞ രാഷ്‌ട്രീയ നക്ഷത്രങ്ങളില്‍ ഒന്നായി അജിത് പവാറും മാറി. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അഹമ്മദാബാദില്‍ നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം ആയിട്ടില്ല. കഴിഞ്ഞ ജൂണ്‍ 12 നായിരുന്നു രൂപാണിയുടെ വിയോഗം. അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദോര്‍ജി ഖണ്ഡു (2011 ഏപ്രില്‍ 30), ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഢി (2009), ഹരിയാനയിലെ മന്ത്രിമാരായിരുന്ന ഒ.പി. ജിന്‍ഡാല്‍, സുരേന്ദ്ര സിങ് (2005), ലോക്‌സഭാ സ്‌പീക്കറായിരുന്ന ജി.എം.സി. ബാലയോഗി (2002), കോണ്‍ഗ്രസ് നേതാക്കളായിരുന്ന മാധവറാവു സിന്ധ്യ (2001), സഞ്‌ജയ് ഗാന്ധി (1980) എന്നിവരുടെയെല്ലാം ജീവനെടുത്ത വിമാനാപകടം തുടര്‍ക്കഥയാകുമ്പോള്‍ ഈയൊരു മേഖലയില്‍ ജാഗ്രതയും കരുതലും വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് വ്യക്‌തമാകുന്നത്. ഇന്ത്യയുടെ ആദ്യ സംയുക്‌ത സൈനിക മേധാവി ആയിരുന്ന ജനറല്‍ വിപിന്‍ റാവത്തും ഭാര്യയും 11 ഉദ്യോഗസ്‌ഥരും തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹൈലികോപ്‌ടര്‍ അപകടത്തില്‍ (2021 ഡിസംബര്‍ 8) മരിച്ച സംഭവം രാജ്യത്തിന് ഇന്നുമൊരു ഞെട്ടലാണ്.
മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ അതികായനായ ശരദ് പവാറും അദ്ദേഹത്തിന്റെ സഹോദര പുത്രനായ അജിത് പവാറും ഒരുമിച്ചായിരുന്നു വര്‍ഷങ്ങളോളം സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ നിര്‍ണായക സ്വാധീനമായി നിറഞ്ഞുനിന്നത്. പിന്നീട് അജിത് പവാര്‍ വലിയ വിഭാഗം എം.എല്‍.എമാരുമായി എന്‍.സി.പി. വിട്ടു ബി.ജെ.പി- ശിവസേന സഖ്യത്തിനൊപ്പം ചേര്‍ന്നു സര്‍ക്കാരിന്റെ ഭാഗമായതു നിര്‍ണായക നീക്കമായി. ശരദ് പവാര്‍ സ്‌ഥാപിച്ച എന്‍.സി.പിയുടെ ഔദ്യോഗിക പേരും കേ്ലാക്ക് ചിഹ്‌നവും സ്വന്തം പക്ഷത്തിന്റേതാക്കാന്‍ കരുത്തു കാട്ടിയ നേതാവാണ് അജിത് പവാര്‍. കോണ്‍ഗ്രസിലായിരുന്നപ്പോഴും പുറത്തുപോയി എന്‍.സി.പി. രൂപവത്‌കരിച്ചശേഷവും രാഷ്‌ട്രീയ ചാണക്യനെന്നാണ് എതിരാളികള്‍ പോലും ശരദ്‌പവാറിനെ വിശേഷിപ്പിച്ചത്. 'രാഷ്‌ട്രീയ ചാണക്യനെ വീഴ്‌ത്തിയ അനന്തരവന്‍' എന്ന വിശേഷണത്തിലേക്ക് അജിത് പവാര്‍ വളര്‍ന്നു.
മഹായുതി സഖ്യത്തിലെ പ്രമുഖ നേതാവ് എന്നതിലുപരി മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ -സാമ്പത്തിക അടിത്തറയുടെ പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്ന സഹകരണ ബാങ്കുകള്‍, പഞ്ചസാര മില്ലുകള്‍ എന്നിവയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന നേതാവു കൂടിയായിരുന്നു അജിത് പവാര്‍. രാഷ്‌ട്രീയമെയ്‌വഴക്കവും ജനസ്വാധീനവും വേണ്ടുവോളമുള്ള നേതാക്കളില്‍ ഒരാളായിരുന്നു അജിത് പവാറെന്ന് നിസംശയം പറയാം.