-->
മുംബൈ: വിമാനം അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപിയുടെ നേതാവുമായ അജിത്പവാര്‍ മരണമടഞ്ഞു. മൂംബൈയില്‍ നിന്നും തന്റെ ജന്മനാടായ ബാരാമതിയിലേക്ക് പോകുമ്പോള്‍ ഇന്ന് രാവിലെ 8.45 നായിരുന്നു അപകടം. അജിത്പവാറിനൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്ന പൈലറ്റ്, ഒരു എന്‍സിപി പ്രവര്‍ത്തകന്‍, മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരും കൊല്ലപ്പെട്ടു.
ആറുപേരുമായി പോയ വിമാനം ബാരാമതിയിലെ ചെറിയ എയര്‍സ്ട്രിപ്പില്‍ റണ്‍വേയില്‍ നിന്നും തെന്നിമാറി തകരുകയും തീപിടിക്കുകയും ആയിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അജിത്പവാറിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയില്‍ വെച്ച് മരണമടയുകയായിരുന്നു. വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നെന്നാണ് പുറത്തുവരുന്ന വിവരം.
അജിത്പവാറിന്റെ സ്വകാര്യവിമാനമായിരുന്നു ഇത്. പരിക്കേറ്റവരെ ആംബുലന്‍സുകള്‍ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്ന സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളും കാണാം. 1991 മുതല്‍ ഇവിടെ എംഎല്‍എ ആയ അജിത്പവാര്‍ തുടര്‍ച്ചയായി ആറു തവണ തെരഞ്ഞെടുക്കപ്പെട്ട സ്ഥലമാണ് ബരാമതി. ഇവിടെ നാലു പരിപാടികളിലായിരുന്നു പവാര്‍ ഇന്ന് പങ്കെടുക്കേണ്ടിയിരുന്നത്.