-->
മുംബൈ : മഹാരാഷ്ട്രയിലെ സ്‌കൂളുകളില്‍ 1 മുതല്‍ 5 വരെ ക്ലാസുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കിയാല്‍ തന്റെ പാര്‍ട്ടി സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. മീര ഭയാന്‍ഡറില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാഷയ്ക്കും താന്‍ എതിരല്ലെന്നും എന്നാല്‍ ഏതെങ്കിലും ഒരു ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നും രാജ് താക്കറെ പറഞ്ഞു.
ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്തെ പ്രൈമറി ക്ലാസുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കി പുറത്തിറക്കിയ രണ്ട് ഉത്തരവുകള്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും നിരവധി സംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍ എന്ത് വിലകൊടുത്തും സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഹിന്ദി പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു .
20 വര്‍ഷത്തിനിടെ ആദ്യമായാണ് 'അവാജ് മറാത്തിച്ച'എന്ന പേരില്‍ നടന്ന വിജയാഘോഷത്തിനായി ഇരുവരും ഒന്നിക്കുന്നത്. ജൂലൈ 5നായിരുന്നു വര്‍ഷങ്ങളുടെ വൈര്യം മറന്ന് താക്കറെ സഹോദരങ്ങള്‍ ത്രിഭാഷ നയത്തിനെതിരെ ഒന്നിച്ചത്. 2005ലായിരുന്നു രാഷ്ട്രീയപരമായും അല്ലാതെയും താക്കറെ സഹോദരങ്ങള്‍ പിരിഞ്ഞത്.
അതേസമയം മറാത്തി അറിയാത്തവര്‍ക്കെതിരെ ഭീഷണിയുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ പ്രതികരിച്ചു .മഹാരാഷ്ട്രയില്‍ താമസിക്കുമ്പോള്‍ മറാത്തി അറിഞ്ഞിരിക്കണമെന്നും അല്ലാത്തവര്‍ക്ക് കനത്ത് തല്ല് ലഭിക്കുമെന്നുമാണ് രാജ് താക്കറെ പറഞ്ഞത് . മുംബൈയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവേയായിരുന്നു താക്കറെയുടെ പരാമര്‍ശം .