-->
രണ്ട് സമുദായ സംഘടനകള്‍ ആണെങ്കിലും എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും തമ്മിലുള്ള ഐക്യനീക്കത്തെ ഏറെ രാഷ്‌ട്രീയ പ്രാധാന്യത്തോടെയാണ് കേരളം കണ്ടത്. അതുകൊണ്ടുതന്നെ , ഐക്യം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഈയൊരു നീക്കത്തില്‍നിന്ന് പിന്മാറാനുള്ള നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (എന്‍.എസ്.എസ്) തീരുമാനം ആളുകളെ അമ്പരപ്പിക്കുന്നതായി . സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലാണ് എന്‍.എസ്.എസ് നടത്തിയത്. മുസ്ലിം ലീഗിനെതിരേ എസ്.എന്‍.ഡി.പി. യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന കടുത്ത വിമര്‍ശനങ്ങള്‍ എന്‍.എസ്.എസ് പുലര്‍ത്തി പോരുന്ന സമദൂര നിലപാടിന് വെല്ലുവിളിയാണെന്ന് എന്‍.എസ്.എസ് വിലയിരുത്തുകയുണ്ടായി. എന്‍.എസ്.എസിനുള്ള എസ്.എന്‍.ഡി.പി. യുടെ മറുപടി വരാനിരിക്കുന്നതേയുള്ളൂ.
സംസ്‌ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന പശ്‌ചാത്തലത്തിലാണ് രണ്ടു സംഘടനകളുടെയും നീക്കങ്ങള്‍ ഇത്രയേറെ ശ്രദ്ധാകേന്ദ്രം ആകുന്നത് എസ്.എന്‍.ഡി.പിയുടെ ഭാഗത്തുനിന്ന് ഐക്യ ചര്‍ച്ചകള്‍ക്കായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ യുടെ ഭാഗമായ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിച്ചത് രാഷ്‌ട്രീയ ലക്ഷ്യങ്ങളോടയാണെന്ന് എന്‍.എസ്.എസ് വിശ്വസിക്കുന്നു. എന്‍.എസ്.എസിന്റെ പ്രഖ്യാപിത നയമായ സമദൂരത്തിനെതിരാണ് ഇതെന്നതുകൊണ്ടു കൂടിയാണ് എന്‍.എസ്.എസ് ഐക്യത്തിനു തയാറാകാതിരുന്നത് .
എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും തമ്മിലുള്ള ഐക്യ ശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്. മന്നത്ത് പത്മനാഭന്റെയും ആര്‍. ശങ്കറിന്റെയും നേതൃത്വത്തില്‍ 1950 ല്‍ രൂപീകൃതമായ ഹിന്ദു മഹാ മണ്ഡലം ആയിരുന്നു ഐക്യത്തിനുള്ള ആദ്യ കാല്‍വയ്‌പ്പ് . വിമോചന സമര കാലഘട്ടത്തില്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കമ്യൂണിസ്‌റ്റ് സര്‍ക്കാരിനെതിരേ ഇവരുടെ പോരാട്ടം സംസ്‌ഥാനത്ത് വലിയ ചലനമാണ് സൃഷ്‌ടിച്ചത്. പിന്നീട് എണ്‍പതുകളില്‍ എന്‍.എസ്.എസ്സിന്റെയും എസ്.എന്‍.ഡി.പിയുടെയും നേതൃത്വത്തില്‍ ഉണ്ടായിരുന്ന രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ ഐക്യമുന്നണിയുടെ ഭാഗമായി കൈകോര്‍ത്തിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം , ഉമ്മന്‍ചാണ്ടി സംസ്‌ഥാന മുഖ്യമന്ത്രിയായിരിക്കെ 2012 ല്‍ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ചേര്‍ന്ന് ഹിന്ദു ഗ്രാന്‍ഡ് അലയന്‍സ് രൂപീകരിച്ചു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്ന് 2014 ല്‍ സഖ്യം തകര്‍ന്നു. അതിനുശേഷം, ഐക്യത്തിനായി നടന്ന ചടുലനീക്കമാണ് അതിലും വേഗത്തില്‍ പൊട്ടിത്തകര്‍ന്നത് .
ഹിന്ദു ഐക്യം എന്നത് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഒരുപോലെ ആഗ്രഹിക്കുന്ന കാര്യമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, ഇരുകൂട്ടരും എത്ര തന്നെ ആഗ്രഹിച്ചാലും സംവരണ വിഷയത്തില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നിടത്തോളം ഐക്യം സാധ്യമാകില്ലെന്നതാണ് വസ്‌തുത. ഈയൊരു വിഷയത്തിലെ ഭിന്നത സംസ്‌ഥാനത്തെ സാമൂഹിക- രാഷ്‌ട്രീയ രംഗങ്ങളില്‍ പ്രതിഫലിക്കുക തന്നെ ചെയ്യും. മുന്നോക്ക വിഭാഗത്തിന്റെ സാമ്പത്തിക സംവരണത്തിനു വേണ്ടിയുള്ള എന്‍.എസ്.എസ് വാദം ഒരിക്കലും അംഗീകരിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തയാറായിട്ടില്ല. സാമ്പത്തിക സംവരണം നിലവില്‍ വന്നതോടെ സംവരണ വിഷയത്തിലെ പ്രസക്‌തി നഷ്‌ടപ്പെട്ടു എന്ന് ഇരു കൂട്ടരും പറയുന്നുണ്ടെങ്കിലും അടിസ്‌ഥാനപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുക തന്നെ ചെയ്യുന്നു. അതുപോലെ, മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളോടുള്ള ഇരു വിഭാഗത്തിന്റെയും നിലപാടിലും കാതലായ വ്യത്യാസമുണ്ട്.
നായാടി മുതല്‍ നമ്പൂതിരി വരെ എന്നതു തിരുത്തി 'നായാടി മുതല്‍ നസ്രാണി ' വരെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വെള്ളാപ്പള്ളി നടേശന്‍ ഇത്തവണ രംഗത്ത് എത്തിയത്. ഈ കൂട്ടായ്‌മയില്‍ മുസ്ലീങ്ങള്‍ ഇല്ല എന്നത് സംസ്‌ഥാനത്തിന്റെ മതേതരത്വ മനസിനെ ഏറെ മുറിവേല്‍പ്പിച്ചിരുന്നു. ഈയൊരു ഒറ്റപ്പെടുത്തലിനെ തുറന്ന് എതിര്‍ക്കാന്‍ സംസ്‌ഥാനത്തെ മുന്‍നിര രാഷ്‌ട്രീയ പാര്‍ട്ടികോ നേതാക്കളോ തയാറാകാതിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു ഐക്യത്തിന് തങ്ങളില്ല എന്ന എന്‍.എസ്.എസിന്റെ നിര്‍ണായക പ്രഖ്യാപനം പുറത്തുവന്നത്. ഇതിനെ ചരിത്രപരമായ നിലപാടെന്ന നിലയില്‍ കൂടി കാണുന്ന പലരുമുണ്ട്. തല്‍ക്കാലം , മുസ്ലീങ്ങളെ ഒറ്റപ്പെടുത്തിയുള്ള സാമുദായിക കൂട്ടുകെട്ടിനുള്ള വെള്ളാപ്പള്ളി നടേശന്റെ നീക്കത്തെ തകര്‍ക്കാനെങ്കിലും എന്‍.എസ്.എസിന് കഴിഞ്ഞിരിക്കുന്നു. ഇത് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഇച്‌ഛാഭംഗവും എതിരാളികള്‍ക്ക് ആശ്വാസവും സമ്മാനിക്കുന്ന കാര്യവുമാണ്.