-->
സ്വാതന്ത്ര്യലബ്‌ധി മുതല്‍, ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചുള്ള സങ്കല്‍പങ്ങളെ രൂപപ്പെടുത്തിയത് അടിസ്‌ഥാനസൗകര്യമാണ്. ദൂരദേശങ്ങളെ റെയില്‍വേ ബന്ധിപ്പിക്കുമെന്നും, ദേശീയപാതയിലൂടെ സംസ്‌ഥാനങ്ങള്‍ക്കിടയിലെ വാണിജ്യ ബന്ധം വര്‍ധിക്കുമെന്നും, ഊര്‍ജത്തിനും ജലസേചനത്തിനുമായി അണക്കെട്ടുകള്‍ നിലകൊള്ളുമെന്നും, വൈദ്യുതിലൈനുകള്‍ വിദൂര ഗ്രാമങ്ങളിലേക്ക് വെളിച്ചമെത്തിക്കുമെന്നും ഉള്ള കാഴ്‌ചപ്പാട് വ്യക്‌തമായിരുന്നു. പദ്ധതികള്‍ വലുതാകുന്തോറും അവ കൂടുതല്‍ സങ്കീര്‍ണമായി മാറി. ഭൂമിയേറ്റെടുക്കല്‍ അനുമതികള്‍ക്കായി കാത്തുനിന്നു;അനുമതികള്‍ രൂപകല്‍പനകള്‍ക്കും, രൂപകല്‍പനകള്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കാത്തിരുന്നു. സൗകര്യങ്ങള്‍ ഒരുക്കുന്നതാകട്ടെ മറ്റൊരു ഓഫീസിലോ, മറ്റൊരു അധികാര പരിധിയിലോ, മറ്റൊരു ഫയലിലോ കുടുങ്ങിക്കിടക്കുന്ന അനുമതികള്‍ക്കായി കാത്തുനില്‍ക്കേണ്ടി വന്നു. ഓരോ കാലതാമസത്തിനും കൃത്യമായ കാരണങ്ങളുണ്ടായിരുന്നു;ഓരോ കാരണത്തിനും ഉത്തരവാദികളുമുണ്ടായിരുന്നു;എന്നാല്‍, ആത്യന്തിക ഫലത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല. വര്‍ഷങ്ങളോളം, പല പദ്ധതികളും ഒറ്റപ്പെട്ട രീതിയില്‍ അവലോകനം ചെയ്യപ്പെടുകയും, വൈകിയതിനു ശേഷം മാത്രം കാരണങ്ങള്‍ വിശദീകരിക്കപ്പെടുകയും, അനന്തമായി നീണ്ടുപോകുകയും ചെയ്യുന്ന അവസ്‌ഥയിലായിരുന്നു. പുരോഗതി നിലയ്‌ക്കുമ്പോള്‍, അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് കേവലം നടപടിക്രമങ്ങളില്‍ ഒതുങ്ങിപ്പോയി. നീക്കം എല്ലായിടത്തും ഉണ്ടായിരുന്നുവെങ്കിലും എവിടെയും കൃത്യമായ വേഗം കൈവരിക്കാന്‍ കഴിഞ്ഞില്ല.
ഇവിടെ കുറവായിരുന്നത് ഇച്‌ഛാശക്‌തിയോ നിക്ഷേപമോ ആയിരുന്നില്ല;മറിച്ച്, പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്ന തടസങ്ങളെ ഒന്നിച്ച് കാണാനും ഒന്നിച്ചു പരിഹരിക്കാനും അവ പൂര്‍ത്തിയാക്കാന്‍ പ്രേരിപ്പിക്കാനുമുള്ള വേദിയായിരുന്നു. പദ്ധതി നടത്തിപ്പിലെ നിശബ്‌ദമെങ്കിലും നിര്‍ണായകമായ ഈ വിടവ് നികത്താനാണ് പ്രഗതിയുടെ നേതൃത്വത്തിലുള്ള ആവാസവ്യവസ്‌ഥ ലക്ഷ്യമിട്ടത്.
അവലോകനത്തിന്റെ മറ്റൊരു തലം എന്നതിലുപരി, സമാന്തരമായി പോയിരുന്ന പ്രവര്‍ത്തനങ്ങള്‍ ഒത്തുചേരുന്ന സംഗമസ്‌ഥാനമായാണ് പ്രഗതി നിലവില്‍ വന്നത്. 2015ല്‍ വിഭാവനം ചെയ്‌ത ഇതിന്റെ പിന്നില്‍ ലളിതമായ ആശയമുണ്ടായിരുന്നു: മേല്‍നോട്ടം തീരുമാനങ്ങളിലേക്ക് നയിക്കണം, തീരുമാനങ്ങള്‍ ലക്ഷ്യപ്രാപ്‌തിയില്‍ അവസാനിക്കണം. പ്രധാനമന്ത്രി അധ്യക്ഷനായ ഈ വേദിയില്‍ കേന്ദ്ര സെക്രട്ടറിമാരും സംസ്‌ഥാന ചീഫ് സെക്രട്ടറിമാരും ഒത്തുചേര്‍ന്നു. ദേശീയ പ്രാധാന്യമുള്ള പദ്ധതികളും അവയിലെ തടസ്സങ്ങളും ഒരുപോലെ വീക്ഷിക്കാനും അവ കൈകാര്യം ചെയ്യുന്നവരെ ഏകോപിപ്പിക്കാനും ഇതിലൂടെ സാധിച്ചു. ആ വേദിയില്‍, ഭാഷാപ്രയോഗങ്ങള്‍ കൊണ്ട് കാലതാമസത്തെ ഒളിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലായിരുന്നു. ഓരോ നാഴികക്കല്ലും പരിശോധിക്കപ്പെട്ടു;പ്രശ്‌നങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യപ്പെട്ടു;ചോദ്യങ്ങള്‍ നേരിട്ട് ചോദിക്കപ്പെട്ടു. എല്ലാത്തിനുമുപരിയായി, ഓരോ ഉത്തരവാദിത്വവും ഒരു വ്യക്‌തിയുമായും കൃത്യമായ സമയപരിധിയുമായും കൂട്ടിയിണക്കപ്പെട്ടു.
എങ്കിലും, 'പ്രഗതി'യുടെ യഥാര്‍ത്‌ഥ വിജയം ഈ ഉന്നതതല അവലോകനങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. ആ അവലോകനങ്ങള്‍ക്ക് മുന്‍പും ശേഷവും നടക്കുന്ന നിശബ്‌ദവും എന്നാല്‍, നിരന്തരവുമായ പ്രവര്‍ത്തനങ്ങളിലാണ് അതിന്റെ കരുത്ത്. ഈ പ്രാരംഭ അച്ചടക്കം, മുന്‍കാല പഠനങ്ങള്‍, തുടര്‍ച്ചയായ മേല്‍നോട്ടം എന്നിവ ഉറപ്പാക്കുന്നത് ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനപരമായ നട്ടെല്ലായ പദ്ധതിനിരീക്ഷണ സംഘം (പി.എം.ജി.) ആണ്.
അപൂര്‍വമായി മാത്രം സംഭവിക്കുന്ന രീതിയില്‍, ലക്ഷ്യബോധത്തോടെയുള്ള പി.എം.ജിയുടെ വളര്‍ച്ചയ്‌ക്ക് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ലളിതമായ ഡിജിറ്റല്‍ ഇന്റര്‍ഫേസായി ആരംഭിച്ചത് ഇന്ന് ഇന്ത്യയിലെ അടിസ്‌ഥാനസൗകര്യ പദ്ധതികള്‍ നിരീക്ഷിക്കുന്ന രീതിയെത്തന്നെ പുനര്‍നിര്‍മിച്ച, സാങ്കേതികവിദ്യയില്‍ അധിഷ്‌ഠിതമായ പ്ലാറ്റ്‌ഫോമായി പരിണമിച്ചിരിക്കുന്നു. ഈ ഘടനയ്‌ക്കുള്ളില്‍, വിവരങ്ങളുടെ ഏകീകരണത്തിനും വിശകലനത്തിനുമുള്ള ആദ്യ കേന്ദ്രമായാണ് പി.എം.ജി. പ്രവര്‍ത്തിക്കുന്നത്. ഓരോ പദ്ധതിയെയും അതിന്റെ സൂക്ഷ്‌മതലത്തില്‍ നിരീക്ഷിക്കുകയും, പ്രായോഗിക തടസ്സങ്ങള്‍ തിരിച്ചറിയുകയും, അവകാശവാദങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്‌ത്, പ്രഗതിയുടെ ഉന്നതതല അവലോകനങ്ങള്‍ക്കായി കൃത്യമായ വിവരങ്ങള്‍ അവര്‍ കൈമാറുന്നു.
മുമ്പ് പല ഫയലുകളിലും കത്തുകളിലുമായി ചിതറിക്കിടന്നിരുന്ന വിവരങ്ങള്‍ ഇപ്പോള്‍ ഒരൊറ്റ ഡിജിറ്റല്‍ സംവിധാനത്തില്‍ ലഭ്യമാണ്. പദ്ധതിയുടെ പുരോഗതി, ചെലവ്, സമയപരിധി, നാഴികക്കല്ലുകള്‍ എന്നിവയുടെ തത്‌സമയ വിവരങ്ങളും പദ്ധതി പ്രദേശത്ത് നിന്നുള്ള ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന്, കേന്ദ്രമന്ത്രിസഭ അംഗീകരിക്കുന്ന പദ്ധതികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ സംവിധാനത്തിന്റെ ഭാഗമാകുന്നു. മുന്‍കാല റിപ്പോര്‍ട്ടുകളെ മാത്രം ആശ്രയിക്കാതെ, നിലവിലെ യാഥാര്‍ത്‌ഥ്യങ്ങള്‍ മനസിലാക്കി തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന രീതിയിലാണ് ഈ ഡേറ്റാ വിനിമയം ക്രമീകരിച്ചിരിക്കുന്നത്.
ഈ പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത പദ്ധതിയും പ്രശ്‌നങ്ങളും പിന്തുടരുന്ന അതിന്റെ സുസംഘടിതമായ സംവിധാനമാണ്. പദ്ധതിനടത്തിപ്പിലെ തടസ്സങ്ങള്‍ ഇനിമുതല്‍ കത്തുകളിലോ അനുബന്ധരേഖകളിലോ മറഞ്ഞുകിടക്കില്ല;അവ കൃത്യമായി രേഖപ്പെടുത്തുകയും, സമയവിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും, പരിഹാരത്തിനുള്ള കൃത്യമായ സമയപരിധിയോടെ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്ക് ഉത്തരവാദിത്വം നല്‍കുകയും ചെയ്യുന്നു. സുതാര്യത ഇതിന്റെ രൂപകല്‍പനയില്‍ത്തന്നെ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. കേന്ദ്ര മന്ത്രാലയങ്ങള്‍, സംസ്‌ഥാന ഗവണ്‍മെന്റുകള്‍, ജില്ലാ ഭരണസംവിധാനങ്ങള്‍, പദ്ധതി നിര്‍മാതാക്കള്‍ എന്നിവര്‍ക്ക് ഒരേ വിവരങ്ങള്‍ ഒരേസമയം കാണാനും, അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും, പുതിയ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനും, പ്രശ്‌നപരിഹാരം വരെ അതിന്റെ പുരോഗതി വിലയിരുത്താനും സാധിക്കും.
വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നത് ഉത്തരവാദിത്വബോധത്തില്‍ വലിയ മാറ്റം കൊണ്ടുവരുന്നു. ഓരോരുത്തരുടെ ചുമതലകള്‍ക്ക് അനുസരിച്ചുള്ള ഡാഷ്‌ബോര്‍ഡുകള്‍, ഉന്നത ഉദ്യോഗസ്‌ഥര്‍ മുതല്‍ ജില്ലാ ഭരണാധികാരികള്‍ വരെയുള്ളവര്‍ക്ക് തങ്ങളുടെ പരിധിയില്‍ വരുന്ന ശ്രദ്ധയര്‍പ്പിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ സഹായിക്കുന്നു. സ്വയം പ്രവര്‍ത്തിക്കുന്ന മുന്നറിയിപ്പ് സംവിധാനങ്ങളും ഓര്‍മപ്പെടുത്തലും വഴി പ്രശ്‌നങ്ങള്‍ കാലക്രമേണ വിസ്‌മരിക്കപ്പെടില്ലെന്ന് ഉറപ്പാക്കുന്നു;പകരം, പരിഹരിക്കപ്പെടുന്നത് വരെ അവ ചര്‍ച്ചാവിഷയമായി തുടരുന്നു. യോഗങ്ങളുടെ കാര്യപരിപാടികള്‍, മിനിറ്റ്‌സുകള്‍, മറ്റ് അവലോകന രേഖകള്‍ എന്നിവ ഡേറ്റയില്‍നിന്ന് നേരിട്ട് തയാറാക്കുന്നതിലൂടെ റിപ്പോര്‍ട്ടിംഗിനായുള്ള അധ്വാനം കുറയുകയും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
ഇതിന്റെ ഫലമായി, മിക്ക പ്രശ്‌നങ്ങളും സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഈ ഏകോപനത്തിലൂടെ നിശബ്‌ദമായി പരിഹരിക്കപ്പെടുന്നു;എന്നാല്‍, അന്തര്‍മന്ത്രാലയ തലത്തിലുള്ള കൂടുതല്‍ സങ്കീര്‍ണമായ തടസ്സങ്ങള്‍ ഒരു നിശ്‌ചിത ചട്ടക്കൂടിലൂടെ ഉന്നതതല പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കുന്നു. ഇവിടെ പ്രശ്‌നപരിഹാരത്തിനായുള്ള കൈമാറ്റം പെട്ടെന്നുണ്ടാകുന്ന ഒന്നല്ല, മറിച്ച് ബോധപൂര്‍വമായ പ്രക്രിയയാണ്. ഈ രീതിയില്‍, പി.എം.ജി. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രഗതി നയിക്കുന്ന ഈ സംവിധാനം സാങ്കേതികവിദ്യയെയും ഭരണനിര്‍വഹണത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. ഇത് വിവരങ്ങളെ തീരുമാനങ്ങളായും, തീരുമാനങ്ങളെ പ്രായോഗിക നേട്ടങ്ങളായും മാറ്റുന്നു. ഈ വ്യവസ്‌ഥിതിയില്‍, ഒരു കാര്യം പൂര്‍ത്തീകരിക്കുക എന്നത് വെറും ആഗ്രഹമല്ല, മറിച്ച് അനിവാര്യതയാണ്.
മന്ത്രാലയങ്ങളിലും സംസ്‌ഥാനങ്ങളിലും പെരുമാറ്റരീതികള്‍ എങ്ങനെ മാറിയെന്നതിന് ഞാന്‍ സാക്ഷിയാണ്. എല്ലാവരും ഒരേ വസ്‌തുതകള്‍ കാണുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്‌തമായ രീതിയില്‍ കൈകാര്യം ചെയ്യുന്നത് അസ്വസ്‌ഥതയുണ്ടാക്കുന്നു. പ്രധാനമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന സംവിധാനത്തില്‍, കാലതാമസം എന്നത് കൃത്യമായി അടയാളപ്പെടുത്തപ്പെടുകയും ആവര്‍ത്തിച്ച് പരിശോധിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ അത് ഒളിച്ചുവയ്‌ക്കുക പ്രയാസമാണ്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന വിമാനത്താവളങ്ങള്‍, റെയില്‍ പാതകള്‍, ഹൈവേകള്‍, വൈദ്യുതിലൈനുകള്‍ തുടങ്ങിയ പദ്ധതികള്‍ ചലിക്കാന്‍ തുടങ്ങിയത് അവയുടെ സ്വഭാവം മാറിയതുകൊണ്ടല്ല;മറിച്ച് അവയ്‌ക്ക് ചുറ്റുമുണ്ടായിരുന്ന അവ്യക്‌തത നീങ്ങിയതുകൊണ്ടാണ്. ഇന്ന്, 85 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള മൂവായിരത്തിലധികം പദ്ധതികള്‍ ഈ സംവിധാനത്തിലൂടെ മുന്നോട്ട് പോകുന്നു. പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അവ പരിഹരിക്കപ്പെടുകയും ഒടുവില്‍ കൃത്യമായ വ്യവസ്‌ഥിതിയിലൂടെ പൂര്‍ത്തിയാക്കപ്പെടുകയും ചെയ്യുന്നു. ഇത് ഭരണനിര്‍വഹണത്തിന്റെ നാടകീയതയല്ല, മറിച്ച് അതിന്റെ അച്ചടക്കമാണ്. സാധാരണ പൗരന്മാരെ സംബന്ധിച്ചിടത്തോളം, ഇതിന്റെ ഫലം വെറുമൊരു സങ്കല്‍പ്പമല്ല. ഒടുവില്‍ തുറന്നുകൊടുക്കുന്ന പാലത്തിലൂടെയും, കൃത്യസമയത്ത് ഓടുന്ന ട്രെയിനിലൂടെയും, പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങാത്ത വിമാനത്താവളങ്ങളിലൂടെയും അവര്‍ക്കത് അനുഭവവേദ്യമാകുന്നു. ഓരോ പദ്ധതി പൂര്‍ത്തിയാകുമ്പോഴും, ഭരണസംവിധാനത്തിന് കൃത്യനിഷ്‌ഠ പാലിക്കാന്‍ കഴിയുമെന്ന വിശ്വാസം പൗരന്മാരില്‍ നിശബ്‌ദമായി പുനഃസ്‌ഥാപിക്കപ്പെടുന്നു.
ഇന്ത്യ മുന്നോട്ട് നോക്കുമ്പോള്‍, മൂലധനവും ലക്ഷ്യബോധവും പ്രധാനമാണ്, പക്ഷേ എല്ലാത്തിനേക്കാളും പ്രധാനം പദ്ധതികളുടെ നടത്തിപ്പാണ്. അത് വ്യക്‌തിപരമായ മിടുക്കിലോ ഇടയ്‌ക്കിടെയുള്ള ഇടപെടലുകളിലോ മാത്രം അധിഷ്‌ഠിതമാകരുത്;പകരം അത് ഭരണവ്യവസ്‌ഥയുടെ ഭാഗവും സുസ്‌ഥിരവുമാകണം. അതാണ് പ്രഗതി കൈവരിച്ച നിശബ്‌ദമായ നേട്ടം. ഭരണനിര്‍വഹണത്തിന് കാലങ്ങളായി ഇല്ലാതിരുന്ന ഒന്ന് ഇത് നല്‍കി: സമയത്തെ കൈകാര്യം ചെയ്യാനുള്ള മാര്‍ഗ്ഗം. അധികാരത്തെ ഉത്തരവാദിത്വത്തോടും, ഡേറ്റയെ തീരുമാനങ്ങളോടും, മേല്‍നോട്ടത്തെ പൂര്‍ത്തീകരണത്തോടും കൂട്ടിയിണക്കുന്നതിലൂടെ, കാലതാമസം എന്ന ശീലത്തെ അംഗീകരിക്കാനാകാത്ത വീഴ്‌ചയായി മാറ്റാന്‍ ഇതിന് സാധിച്ചു.
പുരോഗതി എന്നത് എപ്പോഴും ശബ്‌ദമുഖരിതമാകണമെന്നില്ല എന്ന് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നു. ചിലപ്പോള്‍ അത് കാര്യങ്ങള്‍ പാളിപ്പോകാന്‍ അനുവദിക്കാത്ത വ്യവസ്‌ഥിതിയായിട്ടാകും നമ്മുടെ മുന്നിലെത്തുന്നത്.
അരിഹന്ത് കുമാര്‍
(ലേഖകന്‍ പദ്ധതി നിരീക്ഷണ സംഘത്തിന്റെ മേധാവിയും സീനിയര്‍ അസിസ്‌റ്റന്റ് വൈസ് പ്രസിഡന്റുമാണ്.)