Thursday, March 12, 2026 Last Updated 11 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.31 PM

ആണുങ്ങള്‍ക്ക്‌ വാഴയില മതി!

അയാള്‍ രാവിലെ ഭക്ഷണം കഴിക്കാന്‍ റെഡിയായി ഡൈനിങ്‌ റൂമിലേക്ക്‌ വന്നു.
മേശപ്പുറത്ത്‌ വലിയ പാത്രത്തില്‍ ആഹാരം അടച്ചുസൂക്ഷിച്ചിട്ടുണ്ട്‌.
പ്ലേറ്റുകളും ഗ്ലാസും കമഴ്‌ത്തി വച്ച നിലയിലാണ്‌.
ഭാര്യ വന്ന്‌ ഭക്ഷണം വിളമ്പിത്തരുമെന്നു പ്രതീക്ഷിച്ച്‌ അയാള്‍ ഇരിപ്പായി.
തെല്ലു നേരം കഴിഞ്ഞപ്പോള്‍ മഹിളാ നേതാവുകൂടിയായ ധര്‍മപത്‌നി പുഞ്ചിരിച്ചുകൊണ്ട്‌ പ്രത്യക്ഷയായി.
'എന്താണ്‌ ഒന്നും കഴിക്കാതിരിക്കുന്നത്‌? ആഹാരം ഞാന്‍ കഷ്‌ടപ്പെട്ട്‌ റെഡിയാക്കി മേശപ്പുറത്ത്‌ വച്ചിട്ടില്ലേ? അത്‌ പ്ലേറ്റിലെടുത്തുവച്ച്‌ കഴിച്ചാല്‍പ്പോരേ? ഇനി, വെള്ളം വേണമെങ്കില്‍ ജഗ്ഗില്‍നിന്ന്‌ ഗ്ലാസിലൊഴിച്ചു കുടിക്കണം. അതിനൊന്നും ഒരു സഹായിയെ ആവശ്യമില്ല.' തെല്ലും ദയയില്ലാതെ പ്രിയതമ പറഞ്ഞു.
ഭാര്യയുടെ ഭാവമാറ്റത്തിനു കാരണമെന്താണെന്ന്‌ അയാള്‍ക്ക്‌ മനസിലായില്ല.
നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട്‌ മൂപ്പര്‍ കോപം കടിച്ചമര്‍ത്തി. എന്നിട്ട്‌ അടച്ചുവച്ച പാത്രത്തിന്റെ മൂടി മെല്ലെത്തുറന്ന്‌ ഭക്ഷണം പ്ലേറ്റിലേക്കെടുത്ത്‌ കഴിച്ചുതുടങ്ങി. ആഹാരം തൊണ്ടയില്‍ തടഞ്ഞപ്പോള്‍ തിടുക്കപ്പെട്ട്‌ ജഗ്ഗിലെ വെള്ളമെടുത്ത്‌ ഗ്ലാസിലൊഴിച്ച്‌ ഒറ്റ വലിക്ക്‌ കുടിച്ചു. കൈലേസെടുത്ത്‌ മുഖം തുടച്ചു. ഇത്രയും പണി ചെയ്‌തതോടെ വിശപ്പും ദാഹവും പറന്നുപോയി.
അയാള്‍ക്ക്‌ അടക്കാന്‍ വയ്യാത്ത ദേഷ്യം വന്നു. കൈകഴുകാനായി അദ്ദേഹം എഴുന്നേറ്റപ്പോള്‍ ഭാര്യ വീണ്ടും ചിരിച്ചു.
ഭാര്യ: 'ആഹാരം വെച്ചുണ്ടാക്കിയ എന്നോടെന്തിനാണ്‌ പിണങ്ങുന്നത്‌? എന്തായാലും മിച്ചമുള്ള ഭക്ഷണം വേസ്‌റ്റുബക്കറ്റില്‍ ഇട്ട ശേഷം പാത്രവും കാപ്പിഗ്ലാസും കഴുകിവച്ചിട്ട്‌ പോയാല്‍ മതി.'
അയാള്‍: 'എന്ത്‌? ഞാനിനി എച്ചിലെടുക്കണമെന്നോ? പാത്രവും കഴുകണമെന്നോ? നിനക്കെന്താ ഭ്രാന്തു പിടിച്ചോ? ഒരു ഗ്ലാസ്‌ വെള്ളം പോലും എനിക്കിപ്പോള്‍ തനിയെയെടുത്ത്‌ കുടിക്കേണ്ട അവസ്‌ഥ വന്നു. അതോടെ എന്റെ വിശപ്പു കെട്ടുപോയി.'
ഭാര്യ: 'ഒരേയൊരു ദിവസം ഒരു നേരം മാത്രം ഒരു ഗ്ലാസ്‌ വെള്ളം സ്വയമെടുത്തു കുടിച്ചപ്പോള്‍ നിങ്ങളുടെ വിശപ്പു കെട്ടുപോയെങ്കില്‍ പോകട്ടെ! അപ്പോള്‍, ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ ഒരിക്കലും വിശപ്പുണ്ടാകാന്‍ പാടില്ലല്ലോ!'
അയാള്‍: 'എന്നെ വെറുതെ വെള്ളം കുടിപ്പിക്കരുത്‌.'
ഭാര്യ: 'ഹേ, മനുഷ്യാ! ഡൈനിങ്‌ റൂമില്‍നിന്ന്‌ ഭക്ഷണം കഴിച്ചിട്ട്‌ വെറുതെ എഴുന്നേറ്റു പോകുന്നത്‌ ആണുങ്ങളുടെ പ്രിവിലേജാണെന്നു കരുതുന്ന കാലം മാറി.'
അയാള്‍: 'വിപ്ലവം അടുക്കളയിലെ എച്ചില്‍പ്പാത്രം വഴിയും വരുമെന്ന്‌ ഇതോടെ തെളിഞ്ഞു. അടുക്കളയില്‍നിന്ന്‌ അരങ്ങത്തേക്ക്‌ എന്നാണല്ലോ പറയുന്നത്‌.'
ഭാര്യ: 'എച്ചില്‍പാത്രങ്ങള്‍ കഴുകുക എന്നത്‌ ഒരു നിസാര കാര്യമല്ല. അക്കാര്യത്തില്‍ പെണ്ണുങ്ങളെ സഹായിക്കുക എന്നത്‌ ഒരു വലിയ വിപ്ലവപ്രവര്‍ത്തനമാണ്‌. ഞങ്ങളുടെ പരമോന്നത നേതാവ്‌ കഴിഞ്ഞ ദിവസം അടുക്കളയില്‍ കയറി പാത്രം കഴുകി വച്ച വാര്‍ത്ത നിങ്ങളും വായിച്ചതല്ലേ?'
അയാള്‍: 'മുല്ലപ്പൂ വിപ്ലവം പോലെ ഇപ്പോഴിതാ, എച്ചില്‍പ്ലേറ്റു വിപ്ലവവും!'
ഭാര്യ (ശബ്‌ദമുയര്‍ത്തി): 'അടുക്കളയെക്കുറിച്ച്‌ നിങ്ങള്‍ക്കൊക്കെ എന്തറിയാം? അടുക്കളയില്‍ ഒരു ദിവസം കഴുകാന്‍ കൂട്ടിയിട്ടിരിക്കുന്ന എച്ചില്‍പ്പാത്രങ്ങള്‍ കണ്ടാല്‍ ആര്‍ക്കും തലകറക്കമുണ്ടാകും. ഞങ്ങള്‍, പെണ്ണുങ്ങളുടെ മാനസികപ്രശ്‌നങ്ങളുടെ മൂലകാരണം ഇത്തരം ആധികളാണ്‌. ഈ ആധിവ്യാധികള്‍ വീടിനേയും നാടിനേയും ബാധിച്ച്‌ വലിയ സാമൂഹിക പ്രശ്‌നമായി മാറുമെന്ന സത്യം ഓര്‍മിപ്പിക്കാനാണ്‌ ഞങ്ങളുടെ നേതാവ്‌ മറ്റൊരു വീട്ടില്‍ ചെന്ന്‌ ഭക്ഷണം കഴിച്ച പാത്രം വൃത്തിയായി കഴുകിവച്ചത്‌. വീട്ടമ്മമാര്‍ക്കു വേണ്ടിയുള്ള ഈ രക്ഷാപ്രവര്‍ത്തനത്തിന്റെ അര്‍ത്‌ഥമറിയാതെ നിങ്ങള്‍ വെറുതെ അലമ്പുണ്ടാക്കരുത്‌.'
അയാള്‍: 'ആടിനെ പട്ടിയാക്കാന്‍ നിങ്ങള്‍ക്ക്‌ നല്ല മിടുക്കുണ്ട്‌. അടുക്കളയിലെ എച്ചിലിന്റെ കാര്യം പശ്‌ചിമേഷ്യ പോലെ ആഗോളപ്രശ്‌നമാക്കേണ്ടതില്ലായിരുന്നു.'
ഭാര്യ: 'നിങ്ങളുടെ എച്ചില്‍പ്പാത്രം നിങ്ങളുടേതു മാത്രമായ ഉത്തരവാദിത്വമാണ്‌. ഞങ്ങളുടെ പരമോന്നത നേതാവിന്‌ പാത്രം കഴുകി വയ്‌ക്കാമെങ്കില്‍ വെറും പൗരനായ നിങ്ങള്‍ക്കും അങ്ങനെ ചെയ്യാം.'

ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചണ്‍ സര്‍ക്കസ്‌
അയാള്‍: 'നിങ്ങളുടെ നേതാവ്‌ ഇലക്‌ഷന്‍ വരുന്നതിന്റെ ഭാഗമായുള്ള ഭവനസന്ദര്‍ശന വേളയില്‍ ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചണില്‍ പോയി പ്ലേറ്റു കഴുകിയത്‌ നല്ല സംഗതിയാണ്‌. അത്‌ വീട്ടമ്മമാര്‍ക്കു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനമാണ്‌. സമ്മതിച്ചു. പ്ലേറ്റും വോട്ടും പരസ്‌പര പൂരകങ്ങളാണു താനും. പക്ഷേ, ഇക്കാര്യം എന്തിനാണ്‌ പത്രത്തില്‍ കൊടുക്കുന്നത്‌? എന്തിനാണ്‌ അതിന്റെ ഫോട്ടോയെടുക്കുന്നത്‌?'
ഭാര്യ: 'അദ്ദേഹം മഹത്തായ മാതൃകയാണ്‌ സമൂഹത്തിന്‌ കാണിച്ചുതന്നത്‌. ഇതാണ്‌ ഗ്രേറ്റ്‌ ഇന്ത്യന്‍ സര്‍ക്കസ്‌. നിങ്ങള്‍ക്കത്‌ ഇഷ്‌ടപ്പെടുന്നില്ല, അല്ലേ? ഇനി നിങ്ങള്‍ നോക്കിക്കോളൂ ഇനി എല്ലാ പാര്‍ട്ടി നേതാക്കളും വീടുകളുടെ അടുക്കളകള്‍ കയറിയിറങ്ങി പാത്രങ്ങള്‍ കഴുകും, മീന്‍ വെട്ടും, മുറ്റം ക്ലീനാക്കും! ഇലക്‌ഷന്‍ വരികയാണ്‌.'
അയാള്‍: 'ചിലര്‍ ഹോട്ടലില്‍ കഴിച്ചശേഷം പണം കൊടുത്തില്ലെങ്കില്‍ ഹോട്ടലുകാര്‍ അവരെക്കൊണ്ട്‌ പാത്രം കഴുകിക്കാറുണ്ട്‌.'
ഭാര്യ: 'ഞങ്ങളുടെ നേതാവിനെ നിങ്ങള്‍ക്കറിഞ്ഞുകൂടാ! ഉണക്കാനിട്ടിരിക്കുന്ന മത്തി തിരിച്ചിടുന്നത്‌ ഒരു സോഷ്യലിസ്‌റ്റിന്റെ ഡ്യൂട്ടിയാണെന്ന്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌.'
അയാള്‍: 'എങ്കില്‍, ഞാന്‍ മറ്റു വീടുകളില്‍ പോയി ഭക്ഷണം കഴിച്ച ശേഷം അവിടുത്തെ അടുക്കളയില്‍ പോയി എന്റെ പാത്രം കഴുകി വെച്ചോട്ടേ? നീ അതിന്‌ സമ്മതിച്ചാല്‍ മതി!'
ഭാര്യ: 'അതു ശരി! നല്ല ആഗ്രഹം! അങ്ങനെ മറ്റുള്ളവരുടെ അടുക്കള നിരങ്ങിയാല്‍ ഞാന്‍ നിങ്ങടെ പല്ലടിച്ചു കൊഴിക്കും!'

ചേമ്പിലയും ആവാം!

വിപ്ലവകാരിണിയായ ഭാര്യയുടെ തീപാറുന്ന ഡയലോഗുകള്‍ കേട്ടപ്പോള്‍ അയാള്‍ക്ക്‌ ഉത്തരം മുട്ടി. ഭാര്യ രണ്ടും കല്‍പിച്ചാണെന്ന്‌ മനസിലായി. ഇതങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റാത്ത കാര്യമാണ്‌.
അയാള്‍: 'ഇങ്ങനെയാണെങ്കില്‍ ഞാന്‍ ഹോട്ടലില്‍നിന്നു കഴിച്ചോളാം! അല്ലെങ്കില്‍ എനിക്ക്‌ വാഴയിലയില്‍ വിളമ്പുക!
അല്ലെങ്കില്‍ ചേമ്പില മതി.'
ഭാര്യ: 'കാലം മാറിയതറിയാത്ത ഒരു മനുഷ്യന്‍! ചേമ്പിലയില്‍നിന്ന്‌ മാറി ചിന്തിക്കാന്‍ പറ്റുന്നില്ലല്ലേ? ഇന്ന്‌ ചേമ്പിലയെക്കുറിച്ച്‌ പറയുന്ന നിങ്ങള്‍ നാളെ താമരയിലയെക്കുറിച്ച്‌ പറയും.'
അയാള്‍: 'ഇന്നു പാത്രം കഴുകിയാല്‍ നാളെ അടുക്കളയും ഈ ഞാന്‍ തന്നെ കഴുകേണ്ടി വരും. അതാണ്‌ ചരിത്രം.'
ഭാര്യ: 'യെസ്‌! വേണ്ടിവരും!'
അയാള്‍: 'പിന്നീട്‌ എനിക്ക്‌ ഇവിടുത്തെ മുറ്റമടിക്കേണ്ടതായും വരും!'
ഭാര്യ: 'ഷുവര്‍!
''ഞാന്‍ മുറ്റമടിച്ചാലും
താന്‍ മുറ്റമടിച്ചാലും
തന്റെ മാതാവ്‌ മുറ്റമടിച്ചാലും
ചൂലു പിണങ്ങില്ല.
പാത്രം കഴുകിയാല്‍
പ്ലേറ്റു പിണങ്ങില്ല.''
അയാള്‍: 'തള്ളേ! ഇതെന്തു പാട്ട്‌?'
ഭാര്യ: 'ഇതാണ്‌ പാട്ട്‌. പള്ളിക്കൂടത്തില്‍ കുട്ടികള്‍ പഠിക്കുന്ന പാട്ട്‌. അതില്‍ ഞാന്‍ ചില്ലറ വ്യത്യാസങ്ങള്‍ വരുത്തിയെന്നു മാത്രം!'

ഒരു രക്‌തസാക്ഷി ജനിക്കുന്നു
പ്രിയ സഖിയുടെ മധുരമനോഹരമായ പടപ്പാട്ടു കേട്ടതോടെ തരള, സരളഹൃദയനായ അയാള്‍ക്ക്‌ കീഴടങ്ങാതെ വയ്യന്നായി.
അദ്ദേഹം ദയനീയമായി മുരണ്ടു: 'ഞാനെന്തു വേണമെന്ന്‌ ഭവതി പറഞ്ഞാല്‍ മതി. അടുക്കളയിലെ സമത്വത്തിനായി ഒരു രക്‌തസാക്ഷിയാകാനും അടിയന്‍ തയ്യാര്‍!'
ഭാര്യ: 'മുട്ട പുഴുങ്ങുക, ചമ്മന്തിയരയ്‌ക്കുക, മുറ്റത്ത്‌ ഉണക്കാന്‍ വച്ച മീന്‍ മറിച്ചിടുക, പാത്രം തുടയ്‌ക്കുക എന്നീ പ്രാഥമിക ജോലികള്‍ ആദ്യം ചെയ്‌ത്‌ പതം വരട്ടെ! ബാക്കി കാര്യം പിന്നീട്‌ ആലോചിക്കാം.'
അയാള്‍(പാടുന്നു): 'ചോര തുടിക്കും ചെറു കയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍!
നവയുഗ ദിനകരനുണരട്ടെ!
നാടിന്‍ ഭേരി മുഴങ്ങട്ടെ!
വാരുറ്റോരു നവീനയുഗത്തിന്‍
വാകത്തോപ്പുകള്‍ വിരിയട്ടെ!'

(ഫോണ്‍: 9447809631)

Ads by Google
Tuesday 27 Jan 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW