-->
കൊച്ചി; ഒന്‍പതു വര്‍ഷങ്ങള്‍ക്കുശേഷം സംസ്‌ഥാനത്ത് ലൈസന്‍സുള്ള ആധാരമെഴുത്തുകാരാകാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് പരീക്ഷ നടത്തുന്നു. അടുത്ത സെപ്‌റ്റംബര്‍ 12 ന് രണ്ടു മുതല്‍ നാലര വരെയാണു പരീക്ഷ. 2017 ലാണ് ഒടുവില്‍ ഈ പരീക്ഷ നടന്നത്.
കേരളത്തില്‍ ലൈസന്‍സുള്ള ആധാരമെഴുത്തുകാരാകാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് നടത്തുന്ന പരീക്ഷ പാസാകേണ്ടതുണ്ട്. 1960 ലാണ് ഈ പരീക്ഷ ഏര്‍പ്പെടുത്തിയത്. പരീക്ഷ നടത്തുന്ന സ്‌ഥലങ്ങള്‍ അതതു സബ് രജിസ്‌ട്രാര്‍/ ജില്ലാ രജിസ്‌ട്രാര്‍ ഓഫീസുകളില്‍ പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ 18 വയസു പൂര്‍ത്തിയായവര്‍ ആയിരിക്കണം. പത്താം ക്ലാസാണ് അടിസ്‌ഥാന യോഗ്യത. മലയാളത്തിനു പുറമേ തമിഴ്, കന്നട ഭാഷകളിലും പരീക്ഷയെഴുതാം. അടുത്തമാസം 21 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി.
നിലവില്‍ ഈ പരീക്ഷ പാസായവര്‍ കുറവാണ്. പലപ്പോഴും ഒരു സ്‌ഥാപനത്തില്‍ ഒരാള്‍ക്കു മാത്രമേ ലൈസന്‍സുണ്ടാകൂ. ഇതുമൂലം ലൈസന്‍സ് ഇല്ലാത്തവര്‍ പ്രമാണം തയാറാക്കുന്നതും വ്യാപകമാണ്. തിരിമറി നടക്കാനുള്ള പ്രധാന കാരണം ഇതാണെന്നാണ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വിലയിരുത്തല്‍. രജിസ്‌ട്രേഷന്‍ നടപടികള്‍ കമ്പ്യൂട്ടറൈസ്‌ഡ് ആക്കിയതോടെ ലൈസന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍, പരീക്ഷ പാസാകുന്നത് എളുപ്പമല്ല. 2017 ലെ പരീക്ഷയില്‍ മുപ്പതു ശതമാനം പേരേ പാസായിരുന്നുള്ളൂ.
കേരള രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ചട്ടങ്ങളനുസരിച്ച് ആധാരമെഴുത്ത്, പ്രമാണം തയാറാക്കല്‍, നിയമപരമായ വശങ്ങള്‍, സ്‌റ്റാമ്പ് ഡ്യൂട്ടി എന്നിവയിലുള്ള അറിവാണ് പരീക്ഷിക്കുന്നത്. അഭിഭാഷകര്‍ക്ക് ഇതില്‍ ഇളവുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്. പരീക്ഷയ്‌ക്കു രണ്ടുഭാഗങ്ങളുണ്ടാകും.
1959 ലെ കേരള മുദ്രപ്പത്ര നിയമം, 1908 ലെ രജിസ്‌ട്രേഷന്‍ നിയമം, 1960 ലെ കേരള ആധാരമെഴുത്തുകാരുടെ ലൈസന്‍സ് ചട്ടം, അനുബന്ധ വിഷയങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ആദ്യ ഭാഗത്ത് 50 ശതമാനം ഡിസ്‌ക്രിപ്‌റ്റീവ് ടൈപ്പ് ചോദ്യങ്ങളും. 50 ശതമാനം ഒബ്‌ജക്‌ടീവ് ടൈപ്പ് ചോദ്യങ്ങളുമുണ്ടാകും. രണ്ടാം ഭാഗം ആധാരങ്ങളുടെ നക്കല്‍ തയാറാക്കലാണ്. ഒരോ ഭാഗത്തിനും കുറഞ്ഞത് 40 ശതമാനം മാര്‍ക്ക് ലഭിക്കണം. ജില്ലാ രജിസ്‌ട്രാറാണ് (ജനറല്‍) ലൈസന്‍സ് നല്‍കുന്ന അതോറിറ്റി.
ജെബി പോള്‍