-->
പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഷാഫി പറമ്പില്‍ എം.പിക്ക് ആയിരംരൂപ പിഴയും കോടതി പിരിയുംവരെ തടവും. പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യാണു ശിക്ഷ വിധിച്ചത്. 2022 ലെ കേസില്‍ ഷാഫി കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ കോടതി അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് പരിഗണിച്ച ഇന്നലെ അദ്ദേഹം നേരിട്ട് കോടതിയില്‍ ഹാജരായത്.
ഉച്ചയ്‌ക്ക് രണ്ടുമണിക്കുശേഷം കേസ് പരിഗണിച്ചപ്പോള്‍ ഷാഫിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയും കുറ്റം ചെയ്‌തിട്ടുണ്ടോയെന്ന് കോടതി ചോദിക്കുകയും ചെയ്‌തു. ചെയ്‌തിട്ടുണ്ടെന്ന് എം.പി. സമ്മതിച്ചതോടെയാണു ശിക്ഷ വിധിച്ചത്.വയനാട്ടില്‍ രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് 2022 ജൂണ്‍ 24 ന് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചിരുന്നു. അന്ന് അദ്ദേഹം പാലക്കാട് എം.എല്‍.എയായിരുന്നു. സംഭവത്തില്‍ ഷാഫി പറമ്പില്‍ ഉള്‍പ്പെടെ 16 പേര്‍ക്കെതിരേ കസബ പോലീസാണ് കേസെടുത്തിരുന്നത്.