-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ സമരം. നിയമസഭാ സമ്മേളനം തടസ്സപ്പെടുത്താതെ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ നടപടി ഹൈക്കോടതിക്കെതിരേ ആണെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. സി.ആര്‍. മഹേഷും നജീബ് കാന്തപുരവുമാണ് സത്യാഗ്രഹം ഇരിക്കുന്നത്.
പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് വിവാദവും സഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വന്നെങ്കിലും സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. അടിയന്തരപ്രാധാന്യം ഉള്ള വിഷയമല്ലെന്നും സബ്മിഷനായി ഉന്നയിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പയ്യന്നൂരില്‍ മര്‍ദ്ദനമേറ്റ വിഷമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അതിന് അടിയന്തരപ്രാധാന്യം ഉണ്ടെന്നും പ്രതിപക്ഷം പറഞ്ഞു.
എന്തു ചട്ടത്തിന്റെ പേരിലാണ് പ്രാധാന്യമില്ലെന്ന് സ്പീക്കര്‍ പറയുന്നതെന്നും പ്രതിപക്ഷം ചോദിച്ചു. ഇത് അടിയന്തിരപ്രാധാന്യമുള്ള വിഷയമാണെന്നും പ്രതിപക്ഷം പറഞ്ഞു. എന്നാല്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട അടിയന്തരപ്രാധാന്യം വിഷയത്തിനില്ല എന്നായിരുന്നു ഇതിന് സ്പീക്കര്‍ നല്‍കിയ മറുപടി. ഇതോടെ പ്രതിപക്ഷം നടുത്തളത്തില്‍ എത്തി സ്പീക്കര്‍ക്കെതിരേ പ്രതിഷേധിച്ചു. നടപടികള്‍ തുടര്‍ന്നതോടെ പ്രതിപക്ഷം സഭവിട്ടിറങ്ങി. സജിജോസഫായിരുന്നു അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കോണ്‍ഗ്രസുകാരെ സിപിഐഎം. പ്രവത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും അത് ഉന്നയിക്കാന്‍ പാടില്ലേയെന്നും ചോദിച്ചു. ശബരിമല വിഷയത്തില്‍ സഭാ കവാടത്തിന് മുന്നില്‍ എംഎല്‍എമാര്‍ സത്യാഗ്രഹം ഇരിക്കും. പ്രതിപക്ഷ സമരം ഹൈക്കോടതിക്കെതിരേയാണെന്നും മുഖ്യമന്ത്രി ആക്ഷേപിച്ചു. സഭാ കവാടത്തില്‍ രണ്ട് എംഎല്‍എമാരുടെ സത്യാഗ്രഹവുമായി മുമ്പോട്ട് പോകുകയാണ് പ്രതിപക്ഷം.