Friday, March 13, 2026 Last Updated 34 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.39 PM

താങ്ങുവിലയുടെ തണലില്‍ റബറിന്‌ ഡബിള്‍ സെഞ്ചുറി; തിളങ്ങി സ്വര്‍ണം

ടയര്‍ കമ്പനികള്‍ക്കു വേണ്ടി വിതരണക്കാര്‍ വില ഉയര്‍ത്തി വാങ്ങിയതോടെ കഴിഞ്ഞ ആഴ്‌ച റബര്‍ വിറ്റ കര്‍ഷകര്‍ക്ക്‌ കിലോ എട്ട്‌ രൂപ ലാഭം. റബറിന്റെ താങ്ങുവിലയായ ഇരുനൂറ്‌ രൂപ കര്‍ഷകര്‍ക്ക്‌ പുതു വര്‍ഷത്തില്‍ കിട്ടി. ഉത്‌പാദന കുറവില്‍, റബറിന്റെ ലഭ്യത കുറഞ്ഞതോടെ ടയര്‍ കമ്പനികള്‍ വിതരണക്കാരോട്‌ വില ഉയര്‍ത്തി വാങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. വില്‍പ്പനക്ക്‌ ഷീറ്റ്‌ വരവ്‌ കുറഞ്ഞിരിക്കെ വിതരണക്കാര്‍ റബര്‍വാങ്ങി സ്‌റ്റോക്ക്‌ ചെയ്യാന്‍ തുടങ്ങിയെന്ന്‌ കൊച്ചിയിലെ റബര്‍ വ്യാപാരികള്‍ പറഞ്ഞു. വിതരണക്കാര്‍ തിരക്കിട്ട്‌ വില ഉയര്‍ത്തി വാങ്ങിയത്‌ വരുംദിവസങ്ങളില്‍ റബര്‍ വില ഇരുനൂറ്‌ കടക്കുമെന്ന പ്രതീക്ഷയിലാണ്‌ കര്‍ഷകര്‍.

കഴിഞ്ഞ ആഴ്‌ചയില്‍ വില കൂടാന്‍ തുടങ്ങിയതോടെ ഇടനിലക്കാര്‍ വില്‍പ്പനക്കെത്തിയില്ല ചെറുകിട കര്‍ഷകരാണ്‌ വില്‍പ്പനക്ക്‌ ഷീറ്റ്‌ എത്തിച്ചതെന്ന്‌ വ്യാപാരികള്‍. ഇരുനൂറ്‌ രൂപയില്‍ വ്യാപാരം നിര്‍ത്തിയെങ്കിലും ഇരുനൂറ്റി ഒന്ന്‌ രൂപയ്‌ക്കും വ്യാപാരം നടന്നു. രാജ്യാന്തര വിലയില്‍ തയ്യാര്‍ നിരക്കില്‍ ബാങ്കോക്കില്‍ കിലോ ആറ്‌ രൂപ കൂടിയതും ചൈന അവധി കച്ചവടത്തില്‍ ഒമ്പത്‌ രൂപയും വില ഉയര്‍ത്തിയതോടെയാണ്‌ ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തി വാങ്ങാന്‍ വിതരണക്കാര്‍ക്ക്‌ നിര്‍ദേശം നല്‍കിയത്‌. ഉത്‌പാദന കുറവില്‍ വില്‍പ്പനക്ക്‌ റബര്‍ വരവ്‌ കുറഞ്ഞിരിക്കെ വില ഉയര്‍ത്തി വാങ്ങിയവിതരണക്കാര്‍ക്ക്‌ ആവശ്യത്തിന്‌ റബര്‍ കിട്ടിയല്ലന്ന്‌ കൊച്ചിയിലെ വ്യാപാരികള്‍ പറഞ്ഞു. വിതരണക്കാര്‍ വരും ദിവസങ്ങളില്‍ വില ഉയര്‍ത്തി വാങ്ങുമെന്ന പ്രതീക്ഷയിലാണ്‌ കര്‍ഷകരും വ്യപാരികളും. ബാങ്കോക്കില്‍ റബര്‍ കിലോ നൂറ്റി ഒന്ന്‌ രൂപയില്‍ വിലയെത്തിനില്‍ക്കെ ഇവിടെ ഇരുനൂറ്റിപത്ത്‌ രൂപയെങ്കിലും കിട്ടേണ്ടതായിരുന്നു എന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌. വാരാന്ത്യ വില ആര്‍.എസ്‌.എസ്‌-4 കിലോ 200 രൂപ. ആര്‍.എസ്‌.എസ്‌. - 195 രൂപ.

കുരുമുളക്‌ വില വാരാന്ത്യം മാറ്റമില്ലാതെ തുടര്‍ന്നു. സീസണ്‍ തുടങ്ങിയെങ്കിലും വില്‍പ്പനക്ക്‌ പുതിയ മുളകിന്റെ വരവ്‌ പ്രതീക്ഷയ്‌ക്കൊത്ത്‌ കഴിഞ്ഞ വാരവും എത്തിയില്ല. വില്‍പ്പനയ്‌ക്കെത്തിയ മുളകില്‍ പഴയ ഇറക്കുമതി മുളകും കലര്‍ത്തിയിരുന്നു. സീസണ്‍ തുടങ്ങിയെങ്കിലും വില്‍പ്പനക്ക്‌ കുരുമുളക്‌ വരവ്‌ കുറവായിരുന്നു. 198 ടണ്‍ കുരുമുളക്‌ വില്‍പ്പനക്കെത്തി മുന്‍ വാരത്തെ അപേക്ഷിച്ച്‌ എട്ട്‌ ടണ്‍ കുറവായിരുന്നു. ഡിമാന്റ്‌ പൊതുവെ കുറവാണ്‌. നാട്ടിന്‍ പുറങ്ങളില്‍നിന്ന്‌ നേരിട്ട്‌ അയല്‍ സംസ്‌ഥാന കച്ചവടക്കാരും സ്വദേശികളായ കച്ചവടക്കാരും വാങ്ങി തുടങ്ങിയത്‌ കൊച്ചി ടെര്‍മിനല്‍ വിപണിയെ ബാധിച്ചു. കുരുമുളക്‌ സംസ്‌ക്കരിച്ചെടുക്കുന്നത്‌ എറണാകുളം ജില്ലയിലെ ആലുവ, പെരുമ്പാവൂര്‍, അങ്കമാലി കാലടി, പുത്തന്‍ കുരിശ്‌, കണ്ണമാലി, ആലപ്പുഴ ജില്ലയിലെ അരൂര്‍ മേഖലകളിലേക്കും മാറി. കൊച്ചിയില്‍ തൊഴില്‍ കൂലി കൂടുതലായത്‌ കൊണ്ടാണ്‌ കുരുമുളകിന്റെ സംസ്‌ക്കരണം വഴിമാറിയെതെന്ന്‌ കയറ്റുമതിക്കാര്‍ പറയുന്നു. വന്‍കിട കയറ്റുമതിക്കാരും അന്തര്‍ സംസ്‌ഥാനകച്ചവടക്കാരുമാണ്‌ ഇപ്പോള്‍ കൊച്ചി വിപണിയെ ആശ്രയിക്കുന്നത്‌.ബിഹാര്‍, മധ്യപ്രദേശ്‌, ഝാര്‍ഖണ്ഡ്‌, ഡല്‍ഹി മേഖലകളിലെ കച്ചവടക്കാര്‍ കുറഞ്ഞ നിരക്കിലുള്ള മുളകാണ്‌ ആവശ്യപ്പെടുന്നത്‌. കര്‍ണാടകയിലെ ഇടനിലക്കാരും മറ്റ്‌ കച്ചവടക്കാരും കിലോ 300 രൂപയുടെ ബില്ലില്‍ നികുതി വെട്ടിച്ചാണ്‌ കച്ചവടം തുടരുന്നത്‌. അവര്‍ക്ക്‌ വേണ്ടിയാണ്‌ കൊച്ചിയെ തഴഞ്ഞ്‌ നാട്ടിന്‍പുറങ്ങളില്‍നിന്ന്‌ അയല്‍ സംസ്‌ഥാനകച്ചവടക്കാര്‍ നേരിട്ട്‌ കുരുമുളക്‌ വാങ്ങുന്നത്‌. കൊച്ചിയില്‍ കഴിഞ്ഞ വാരം അണ്‍ ഗാര്‍ബിള്‍ഡ്‌ മുളക്‌ കിലോ 698 രൂപ വരെ വില ഉയര്‍ന്നെങ്കിലും കൂടിയ വിലയ്‌ക്ക്‌ വാങ്ങാന്‍ ആളില്ലാതെ വന്നതോടെ ഒരു രൂപ കുറച്ച്‌ 697-ല്‍ വാരാന്ത്യം വ്യാപാരം നിറുത്തി. ഗാര്‍ബിള്‍ഡ്‌ മുളക്‌ 717 രൂപ പുതിയ മുളക്‌ 687 രൂപ. പച്ച കുരുമുളകിന്‌ ഡിമാന്‍ഡ്‌് തുടരുന്നതിനിടെ ഹൈറേഞ്ച്‌ മേഖലകളിലെ കര്‍ഷകര്‍ പച്ച കുരുമുളക്‌ പറിച്ച്‌ വില്‍പ്പന തുടരുകയാണ്‌. മൂടല്‍മഞ്ഞ്‌ മൂലം പച്ച കുരുമുളക്‌ ഉണക്കാന്‍ പറ്റാത്ത അവസ്‌ഥയാണെന്ന്‌ കര്‍ഷകര്‍ പറയുന്നു. വടക്കെ ഇന്ത്യയില്‍ പച്ച കുരുമുളകിന്റെ അച്ചാറിന്‌ നിലവില്‍നല്ല ഡിമാന്റാണ്‌.
രൂപയുടെ മൂല്യ തകര്‍ച്ച വിവിധ രാജ്യങ്ങളില്‍ കറന്‍സിയെ ബാധിച്ചത്‌ കയറ്റുമതി നിരക്കില്‍ ഇടിവുണ്ടായി. ഇന്ത്യയുടെ കയറ്റുമതി നിരക്കില്‍ നൂറ്‌ ഡോളറിന്റെ ഇടിവുണ്ടായി. ഇന്ത്യയുടെ കയറ്റുമതി നിരക്ക്‌ കുരുമുളക്‌ ടണ്ണിന്‌ 7,950 ഡോളര്‍, ഇന്തോനീഷ്യ- 7,200, ശ്രീലങ്ക- 7,000 വിയറ്റ്‌നാം- 6,500, ബ്രസീല്‍ - 6,000 ഡോളര്‍. നാളികേര സീസണ്‍ തുടങ്ങിയതോടെ ഡിമാന്റ്‌ കുറഞ്ഞത്‌ സംസ്‌ഥാനത്ത്‌ വെളിച്ചെണ്ണ കൊപ്ര വിലയില്‍ ഇടിവ്‌ തുടര്‍ന്നു. വെളിച്ചെണ്ണയ്‌ക്ക്‌ വില കുറഞ്ഞെങ്കിലും പ്രാദേശിക മാര്‍ക്കറ്റുകളില്‍ തോന്നിയ വില നിലനില്‍ക്കെ വെളിച്ചെണ്ണയെക്കാള്‍ വില കുറഞ്ഞ മറ്റ്‌ ഭക്ഷ്യ എണ്ണകളിലേക്ക്‌ ഉപയോക്‌താക്കള്‍ വഴി മാറിയതാണ്‌ സംസ്‌ഥാനത്ത്‌ പൊതുവെ വെളിച്ചെണ്ണയ്‌ക്ക്‌ ആവശ്യക്കാര്‍ കുറഞ്ഞത്‌. വില കുറഞ്ഞിട്ടും പ്രാദേശിക മാര്‍ക്കറ്റുകളില്‍ 380 മുതല്‍ 400 നു മുകളിലാണ്‌ വില. കൊച്ചിയിലും തൃശൂരിലും കഴിഞ്ഞ വാരം വെളിച്ചെണ്ണ ലിറ്ററിന്‌ ആറ്‌ രൂപ വീതവും കോഴിക്കോട്‌ അഞ്ച്‌ രൂപയുമാണ്‌ വില കുറഞ്ഞത്‌. കൊച്ചിയില്‍ കൊ പ്രകിലോ മൂന്ന്‌ രൂപയും തൃശൂരില്‍ രണ്ട്‌ രൂപയും കോഴിക്കോട്‌ ആറ്‌ രൂപയുമാണ്‌ വില കുറഞ്ഞത്‌. കൊച്ചി വെളിച്ചണ്ണ മില്ലിംഗ്‌ ലിറ്ററിന്‌ 307 രൂപ, തയാര്‍ 302 രൂപ, കൊപ്ര തെളിവ്‌ കിലോ 185 രൂപ,ഓടെ 183 രൂപ. തൃശൂര്‍ 189, കോഴിക്കോട്‌ 195 രൂപ. കൊച്ചിയില്‍ കഴിഞ്ഞ വാരം 30,200 ലിറ്റര്‍ വെളിച്ചെണ്ണ വില്‍പ്പനക്കെത്തി.സ്വര്‍ണ വില കുതിച്ച്‌ കയറി. കഴിഞ്ഞ വാരം സ്വര്‍ണം പവന്‌ 12,080 രൂപയാണ്‌ കുതിച്ച്‌ കയറിയത്‌. അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ യുദ്ധഭീഷണിയാണ്‌ ആഗോള തലത്തില്‍ സ്വര്‍ണ്‌ വില ഉയര്‍ന്നത്‌. രാജ്യാന്തര വിലയില്‍ സ്വര്‍ണം ഔണ്‍സിന്‌ (31.1 ഗ്രാം) 387 ഡോളറാണ്‌ കഴിഞ്ഞ വാരം വില കൂടിയത്‌. വാരാന്ത്യ വില സ്വര്‍ണം ഔണ്‍സിന്‌ 4,983 ഡോളര്‍, ആഭ്യന്തര വിലപവന്‌ 1,17,520 രൂപ. രൂപയ്‌ക്ക്‌ കഴിഞ്ഞ വാരം 81 പൈസ നഷ്‌ടം. വിനിമയ നിരക്കില്‍ രൂപ 90.87 ല്‍നിന്ന്‌ 91.68 ആയി ഇടിഞ്ഞു.കഴിഞ്ഞ ആറ്‌ ആഴ്‌ചത്തെ ഇടവേളയ്‌ക്കു ശേഷം കഴിഞ്ഞ വാരം നടന്ന ലേലത്തില്‍ തേയില വില മാറ്റമില്ലാതെയാണ്‌ ലേലം നടന്നത്‌. കടുത്ത തണുപ്പില്‍ ഉത്‌പാദനം കുറഞ്ഞതോടെ വില്‍പ്പനക്ക്‌ തേയില വരവ്‌ കുറവായിരുന്നു. ഇലത്തേയില 3,12,000 കിലോയും പൊടിതേയില 6,71,300 കിലോയും ലേലത്തില്‍ വില്‍പ്പനക്കെത്തി.

Ads by Google
Sunday 25 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW