Thursday, March 12, 2026 Last Updated 10 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.38 PM

മഞ്ഞക്കുറ്റികള്‍ വീണ്ടും ചര്‍ച്ചയില്‍

uploads/news/2026/01/822576/ed.jpg

തെരഞ്ഞെടുപ്പ്‌ അടുത്തതോടെ അതിവേഗ റെയില്‍വേ പദ്ധതിയും സില്‍വര്‍ ലൈനിനു വേണ്ടി സ്‌ഥാപിച്ച മഞ്ഞക്കുറ്റികളും സംസ്‌ഥാനത്ത്‌ വീണ്ടും ചര്‍ച്ചയായിരിക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ 'സില്‍വര്‍ ലൈന്‍' നടക്കില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ സംസ്‌ഥാനം ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടി വന്നത്‌. മെടേ്രാമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ സമര്‍പ്പിക്കപ്പെട്ട പുതിയ പദ്ധതി രേഖ കേരള സര്‍ക്കാരിനു പ്രതീക്ഷയും ജനങ്ങള്‍ക്ക്‌ ആശങ്കയുമാണ്‌ സമ്മാനിച്ചിരിക്കുന്നത്‌.
കേരള സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി തള്ളിയ കേന്ദ്രം മറ്റൊരു അതിവേഗ റെയില്‍വേ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള നിര്‍ദേശമായിരുന്നു ഇ. ശ്രീധരനു നല്‍കിയത്‌. റെയില്‍വേ മന്ത്രാലയം പദ്ധതിയില്‍ പ്രകടിപ്പിക്കുന്ന താല്‌പര്യം മെടേ്രാമാന്‍ തുറന്നു പറഞ്ഞതോടെ ഈയൊരു വിഷയത്തില്‍ ഭരണ , പ്രതിപക്ഷാംഗങ്ങള്‍ രംഗത്ത്‌ വരുകയും ചെയ്‌തു. ശ്രീധരന്‍ വ്യക്‌തമാക്കിയത്‌ അനുസരിച്ച്‌ , രണ്ടാഴ്‌ച്ചക്കുള്ളില്‍ പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകും. ഡല്‍ഹി മെടേ്രാ റെയില്‍ കോര്‍പ്പറേഷനാണ്‌ വിശദ പദ്ധതി രേഖ തയാറാക്കാനുള്ള ചുമതല. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ പാതയാണ്‌ ലക്ഷ്യമിടുന്നത്‌. യാത്രാസമയം മൂന്നു മണിക്കൂര്‍ 15 മിനിറ്റ്‌. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍ എയര്‍പോര്‍ട്ട്‌ , എന്നിവയുമായി ബന്ധിപ്പിച്ചാകും റെയില്‍പാത യെന്നും ശ്രീധരന്‍ വിശദീകരിക്കുകയുണ്ടായി.
കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുന്നതോടെ വലിയ രീതിയിലുള്ള കുടിയിറക്കു ഭീഷണിയായിരുന്നു സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ ഉണ്ടായ കടുത്ത വെല്ലുവിളി. പദ്ധതി ചെലവ്‌ എങ്ങനെ കണ്ടെത്തും എന്ന കാര്യത്തിലും യാതൊരു വ്യക്‌തതയും ഉണ്ടായിരുന്നില്ല. കേരളത്തിന്റെ പരിസ്‌ഥിതിക്ക്‌ കടുത്ത ആഘാതവും ആയിരക്കണക്കിന്‌ ആളുകളുടെ ജീവിതത്തിന്‌ ഭീഷണിയുമായി മാറിയതോടെയാണ്‌ ജനം പ്രതിഷേധിച്ചു തെരുവിലിറങ്ങിയത്‌. സില്‍വര്‍ ലൈന്‍ പാതയുടെ സര്‍വേക്കായി സ്‌ഥാപിച്ച മഞ്ഞക്കുറ്റികള്‍ ആളുകള്‍ പിഴുതെറിഞ്ഞു.
ശ്രീധരന്റെ നേതൃത്വത്തില്‍ സമര്‍പ്പിക്കപ്പെട്ട പുതിയ പദ്ധതിയില്‍ കൂടുതലും മേല്‍പാതകള്‍ ആയിരിക്കും ഉണ്ടാവുക. മേല്‍പ്പാലം ഉള്ളിടത്ത്‌ തൂണുകളുടെ പണി കഴിഞ്ഞാല്‍ സ്‌ഥലം ഉടമയ്‌ക്ക്‌ വ്യവസ്‌ഥകളോടെ ഉപയോഗിക്കാന്‍ നല്‍കും. അഞ്ചുവര്‍ഷം കൊണ്ട്‌ ഒരു ലക്ഷം കോടി ചെലവഴിച്ചു നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ്‌ ശ്രീധരന്റെ വിശദീകരണത്തില്‍ ഉള്ളത്‌.
ഈയൊരു സാഹചര്യത്തില്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച സില്‍വര്‍ ലൈന്‍ നടക്കില്ലെന്ന്‌ പൂര്‍ണമായും ഉറപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ , പാതയുടെ സര്‍വേക്കായി സ്‌ഥാപിച്ച മഞ്ഞക്കുറ്റികള്‍ , ഒന്ന്‌ ഊരി കളയാമോ , എന്നുള്ള കോണ്‍ഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ അഭ്യര്‍ത്ഥന തികച്ചും പ്രസക്‌തമാണ്‌. പദ്ധതിക്കായി സ്‌ഥാപിച്ച മഞ്ഞക്കുറ്റികള്‍ ഇന്നും നാടിന്റെ പല ഭാഗത്തും ജനങ്ങള്‍ക്ക്‌ ആശങ്കയായി നില്‍ക്കുന്നുണ്ട്‌. ഇതുമൂലം ഭൂമിയുടെ ക്രയവിക്രയം ഉള്‍പ്പെടെ തടസപ്പെട്ട്‌ പ്രതിസന്ധിയിലായവര്‍ നിരവധി. സില്‍വര്‍ ലൈന്‍ അപ്രസക്‌തമായി കഴിഞ്ഞെങ്കിലും മഞ്ഞക്കുറ്റികള്‍ പൂര്‍ണമായി നീക്കം ചെയ്യുന്നതോടെ മാത്രമേ ഭൂമിക്ക്‌ മേലുള്ള ജനങ്ങളുടെ അവകാശം തിരിച്ചുകിട്ടൂ. ജനങ്ങള്‍ക്ക്‌ അവരുടെ സ്വന്തം ഭൂമിയിലുള്ള അവകാശം ഇത്തരത്തില്‍ പിടിച്ചുവയ്‌ക്കാതെ തിരിച്ചു നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ കാട്ടണം.
സില്‍വര്‍ ലൈന്‍ പദ്ധതി തള്ളിയ കേന്ദ്ര റെയില്‍ മന്ത്രാലയം ശ്രീധരന്റെ അതിവേഗ റെയില്‍വേ പദ്ധതിക്ക്‌ അംഗീകാരം നല്‍കുമെന്ന പ്രതീക്ഷയിലാണ്‌ സംസ്‌ഥാന സര്‍ക്കാര്‍. ഈയൊരു പദ്ധതി തങ്ങളുടെ നേട്ടമെന്ന നിലയില്‍ അവതരിപ്പിക്കാനാകും സര്‍ക്കാര്‍ ശ്രമം. എന്നാല്‍ , ശ്രീധരന്റെ നേതൃത്വത്തിലുള്ള പദ്ധതിയോടും കോണ്‍ഗ്രസ്‌ നേതാക്കള്‍ കടുത്ത എതിര്‍പ്പ്‌ പ്രകടിപ്പിച്ചു കഴിഞ്ഞു. അതിവേഗ റെയില്‍ പദ്ധതി കേരളത്തിനു ആവശ്യമില്ലാത്ത ഒന്നാണെന്ന അഭിപ്രായമാണ്‌ കോണ്‍ഗ്രസ്‌ പ്രകടിപ്പിച്ചിട്ടുള്ളത്‌. യാത്ര സൗകര്യങ്ങള്‍ മെച്ചപ്പെടണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ എല്ലാ വിഭാഗം ജനങ്ങളും. അതിനുവേണ്ടി ജീവിതം ദുരിതത്തിലാക്കുന്നതിനോടാണ്‌ ആളുകള്‍ക്ക്‌ എതിര്‍പ്പുള്ളത്‌. സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ എന്നപോലെ ശ്രീധരന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെടുന്ന പദ്ധതിയും എത്രമാത്രം ജനങ്ങള്‍ അംഗീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ഭാവി. സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ ജനത്തിന്റെ ആശങ്കയ്‌ക്ക്‌ യാതൊരു പരിഹാരവും കണ്ടെത്താന്‍ സര്‍ക്കാരിന്‌ കഴിഞ്ഞിരുന്നില്ല. ജനങ്ങളുടെ ആശങ്ക പരിഹരിച്ചും അവരുടെ വിശ്വാസം നേടിയും മാത്രമേ ഇത്തരത്തിലുള്ള വലിയ വികസന പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയൂ.

Ads by Google
Sunday 25 Jan 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW