-->
തിരുവനന്തപുരം: ആദര്‍ശശുദ്ധിയുടെ ആള്‍രൂപമായി ജനകോടികള്‍ ആരാധിച്ച മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ തേടി പത്മവിഭൂഷണ്‍ പുരസ്‌കാരമെത്തുമ്പോള്‍, അദ്ദേഹത്തിന്റെ അന്ത്യയാത്രയില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യം ഒരിക്കല്‍ക്കൂടി മുഴങ്ങുന്നു: ''ഇല്ലാ, ഇല്ല മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ'.
വി.എസിന്റെ ജീവിതത്തിലെ ലാളിത്യവും സത്യസന്ധതയും രാഷ്‌ട്രീയാദര്‍ശങ്ങളിലെ കാര്‍ക്കശ്യവും കൂടിയാണ് ഈ പുരസ്‌കാരലബ്‌ധിയിലൂടെ ആദരിക്കപ്പെടുന്നത്. 1923 ഒക്‌ടോബര്‍ 20-ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ ജനിച്ച വി.എസ്. തൊഴിലാളിജീവിതത്തിന്റെ കാഠിന്യങ്ങളിലൂടെയാണ് രാഷ്‌ട്രീയബോധം നേടിയെടുത്തത്. ഔപചാരികവിദ്യാഭ്യാസത്തിന്റെ കുറവ് പോരാട്ടങ്ങളുടെ ശക്‌തിയാല്‍ മറികടന്ന അദ്ദേഹം, കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിലൂടെ പുന്നപ്ര-വയലാര്‍ ഉള്‍പ്പെടെയുള്ള സമരമുഖങ്ങളില്‍ നായകനായി. പലതവണ അറസ്‌റ്റിലായി ജയില്‍വാസം അനുഭവിച്ചു.
പ്രതിപക്ഷനേതാവായിരുന്ന 2001-06 കാലയളവില്‍ ഭരണകൂടത്തിലെ അഴിമതികള്‍ നിയമസഭയ്‌ക്കകത്തും പുറത്തും തീക്ഷ്‌ണമായി തുറന്നുകാട്ടി. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഭൂമികൈയേറ്റങ്ങള്‍ക്കെതിരായ നടപടി, പൊതുസ്വത്ത് സംരക്ഷണം, പരിസ്‌ഥിതി നശീകരണത്തിനെതിരായ ഇടപെടല്‍, അഴിമതിയോടുള്ള വിട്ടുവീഴ്‌ചയില്ലായ്‌മ എന്നീ നിലപാടുകളിലൂടെ ശ്രദ്ധേയനായി. അധികാരത്തിന്റെ സൗകര്യങ്ങളെക്കാള്‍, ജനഹിതവും ആദര്‍ശനിഷ്‌ഠയും മുന്‍നിര്‍ത്തിയുള്ള സമീപനങ്ങളാണ് അദ്ദേഹത്തെ ജനകീയനേതാവാക്കിയത്. വി.എസിനു മരണാനന്തരം പത്മവിഭൂഷണ്‍ സമ്മാനിക്കപ്പെടുമ്പോള്‍ അത്, അഴിമതിക്കെതിരേ നിലകൊള്ളുന്ന രാഷ്‌ട്രീയത്തിനുള്ള അംഗീകാരം കൂടിയാണ്.