Saturday, March 14, 2026 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.37 PM

മൊഴിപ്പകര്‍പ്പുകള്‍ ആവശ്യപ്പെട്ട്‌ എസ്‌.ഐ.ടിക്കു കത്തയച്ച്‌ ഇ.ഡി.

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ മൊഴിപ്പകര്‍പ്പുകള്‍ ആവശ്യപ്പെട്ട്‌ എസ്‌.ഐ.ടിക്കു കത്തയച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌(ഇ.ഡി.).
വിശദമായ മൊഴിപ്പകര്‍പ്പുകള്‍ ആവശ്യമാണെന്ന്‌ ഇ.ഡി. കത്തില്‍ വ്യക്‌തമാക്കി. നിര്‍ണായക മൊഴിവിവരങ്ങള്‍ സൂക്ഷിക്കുന്നത്‌ അന്വേഷണ ഉദ്യോഗസ്‌ഥനായ എസ്‌. ശശിധരനാണ്‌. ഇതിനാല്‍ നിയമോപദേശം തേടിയ ശേഷമായിരിക്കും എസ്‌.ഐ.ടിയുടെ തീരുമാനം.
അതിനിടെ, ഉണ്ണികൃഷ്‌ണന്‍ പോറ്റിയെ എസ്‌.ഐ.ടി. വീണ്ടും ചോദ്യം ചെയ്‌തു. കട്ടിളപ്പാളി കേസില്‍ കൂടുതത വ്യക്‌തത തേടിയായിരുന്നു ചോദ്യംചെയ്യല്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളും എസ്‌.ഐ.ടി. വേഗത്തിലാക്കി. കൂടുതല്‍ ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ എസ്‌.ഐ.ടി, വി.എസ്‌.എസ്‌.സി. ശാസ്‌ത്രജ്‌ഞരുടെ മൊഴിയെടുത്തു. പഴുതടച്ച കുറ്റപത്രം തയാറാക്കാനുള്ള ശ്രമത്തിലാണെന്ന്‌ എസ്‌.ഐ.ടി. അറിയിച്ചു.
2025-ലെ ഇടപാടില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ പി.എസ്‌. പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞദിവസം, ശബരിമലയിലെ സ്വര്‍ണ ഉരുപ്പടികളുടെ പരിശോധനാ റിപ്പോര്‍ട്ട്‌ പ്രത്യേക അന്വേഷണ സംഘം തേടിയിരുന്നു. റിപ്പോര്‍ട്ട്‌ ലഭിക്കാന്‍ എസ്‌.ഐ.ടി. കോടതിയില്‍ വൈകാതെ അപേക്ഷ സമര്‍പ്പിക്കും. ദ്വാരപാലക ശില്‍പ്പത്തിനും കട്ടിളപ്പാളിക്കും പുറമേ കൂടുതല്‍ സ്വര്‍ണം ശബരിമലയില്‍നിന്ന്‌ കടത്തിയിട്ടുണ്ടോയെന്നു പരിശോധനാഫലം ലഭിക്കുന്നതിലൂടെ വ്യക്‌തമാകും.
കേസില്‍ അറസ്‌റ്റിലായ കെ.പി. ശങ്കരദാസിനെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍നിന്ന്‌ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ഡോക്‌ടര്‍മാര്‍ വ്യക്‌തിമാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്‌.
മുഖ്യപ്രതി ഉണ്ണികൃഷ്‌ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ നേരത്തേ കൊല്ലം വിജിലന്‍സ്‌ കോടതി തള്ളിയിരുന്നു. ഇനിയും തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ ഉണ്ടെന്ന എസ്‌ഐടിയുടെ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.

Ads by Google
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW