-->
തിരുവനന്തപുരം/കോട്ടയം: ധൈര്യവും സ്വതന്ത്രചിന്തയും ഇഴചേര്‍ന്ന വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനാണ് രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്‌റ്റിസ് കെ. ടി. തോമസ്.
വിരമിച്ചശേഷവും നീതിന്യായരംഗത്ത് ദശകങ്ങളായി തുടരുന്ന സേവനങ്ങള്‍ക്കും ഭരണഘടനാമൂല്യങ്ങള്‍ കാക്കുന്നതില്‍ കൈക്കൊണ്ട നിലപാടുകള്‍ക്കുമുള്ള ബഹുമതിയാണ് അദ്ദേഹത്തെ തേടിയെത്തിയത്.
കേരള ഹൈക്കോടതിയില്‍നിന്നാണ് ജസ്‌റ്റിസ് കെ.ടി. തോമസ് രാജ്യത്തെ പരമോന്നതനീതിപീഠത്തിലേക്ക് എത്തിയത്. മനുഷ്യാവകാശങ്ങള്‍, അഭിപ്രായസ്വാതന്ത്ര്യം, സ്വതന്ത്ര നീതിന്യായസംവിധാനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ചരിത്രപ്രധാനവിധികളിലൂടെ അദ്ദേഹം ദേശീയശ്രദ്ധ നേടി. അധികാരകേന്ദ്രങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ, നിയമത്തിന്റെ ആത്മാവ് മുന്‍നിര്‍ത്തിയുള്ള സമീപനമാണ് അദ്ദേഹത്തിന്റെ വിധികള്‍ വേറിട്ടതാക്കിയത്.
നിയമവ്യവസ്‌ഥയിലെ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള തുറന്ന അഭിപ്രായങ്ങളും പൊതുജീവിതത്തിലെ സജീവ ഇടപെടലുകളും ജസ്‌റ്റീസ് തോമസിനെ വ്യത്യസ്‌തനാക്കി. നീതിപീഠത്തിന്റെ വിശ്വാസ്യതയും ജനാധിപത്യത്തിന്റെ അടിത്തറയും ശക്‌തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ നിര്‍ണായകമായിരുന്നു.
സജീവരാഷ്‌ട്രീയത്തില്‍നിന്ന് അഭിഭാഷകവൃത്തിയിലേക്കും പിന്നീട് നീതിപീഠത്തിലേക്കും നീണ്ട സംഭവബഹുലമായ ജീവിതമാണ് ജസ്‌റ്റിസ് കെ.ടി. തോമസിന്റേത്. വിരമിച്ചശേഷവും കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടില്‍ കര്‍മനിരതനാണ് അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസിനു രൂപം നല്‍കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു വിളിച്ചുചേര്‍ത്ത ക്യാമ്പില്‍ കേരളത്തില്‍നിന്നുള്ള ഏകപ്രതിനിധി കെ.ടി. തോമസായിരുന്നു. എറണാകുളത്തെ ബിരുദപഠനകാലത്ത് അന്നത്തെ രാഷ്‌ട്രീയക്കാരെല്ലാം ചെയ്‌തതുപോലെ നിയമപഠനത്തിലേക്കു തിരിയാന്‍ തീരുമാനിച്ചു. പിന്നീട് കോട്ടയത്ത് അഭിഭാഷകനായി. അഭിമുഖത്തില്‍ ഒന്നാമനായാണ് ജുഡീഷ്യല്‍ ഓഫീസറായത്. തൃശൂരിലായിരുന്നു ആദ്യനിയമനം.
മൊറാര്‍ജി ദേശായിയെ ആരാധ്യപുരുഷനായി കാണുന്ന ജസ്‌റ്റിസ് തോമസ് രാജീവ് ഗാന്ധി വധക്കേസ് ഉള്‍പ്പെടെയുള്ള കേസുകള്‍ പരിഗണിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി അംഗവും പോലീസ് പരിഷ്‌കരണ നിരീക്ഷണസമിതി അധ്യക്ഷനുമായിരുന്നു. ഭാര്യ: തരുണി തോമസ്. മക്കള്‍: ഡോ. ബിനു പ്രതാപ് തോമസ്, ജസ്‌റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ഡോ. ബിപിന്‍ ചെറിയാന്‍ തോമസ്‌്.