-->
കാഞ്ഞിരപ്പള്ളി (കോട്ടയം): കേരള സംസ്‌ഥാന ഭാഗ്യക്കുറിയുടെ ക്രിസ്‌മസ്- പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്. ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്.
20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ എക്‌സ്.സി. 138455 നമ്പര്‍ ടിക്കറ്റ് പേട്ടക്കവലയിലെ ന്യൂ ലക്കി സെന്ററില്‍ നിന്നാണ് വിറ്റുപോയത്. ഇവിടെ ടിക്കറ്റ് വാങ്ങുന്നവരില്‍ 90 ശതമാനം പേരും കാഞ്ഞിരപ്പള്ളിക്കാരാണെന്ന് ടിക്കറ്റ് വിറ്റ ചിറക്കടവ് ഇടഭാഗം സ്വദേശി തടിക്കംപറമ്പില്‍ സുദിഖ് (സിദ്ധിഖ്). ശബരിമല തീര്‍ഥാടന കാലമായതിനാല്‍ ഇതര സംസ്‌ഥാനക്കാരടക്കം ടിക്കറ്റ് എടുത്തിരിക്കാമെന്ന് നാട്ടുകാരും.ക്രിസ്‌മസ്- പുതുവത്സര ബമ്പറിന് ഇക്കുറി വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 54,08,880 ടിക്കറ്റുകളുടെ റെക്കോഡ് വില്‍പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം. ഇത് 47,65,650 ആയിരുന്നു.ഇക്കുറി കൂടുതല്‍ വില്‍പന പാലക്കാട് ജില്ലയിലാണ്, 13,09,300 ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. തൃശ്ശൂരില്‍ 5,91,100 ടിക്കറ്റുകള്‍ വിറ്റു. തിരുവനന്തപുരത്ത് 5,55,920 ടിക്കറ്റുകളുടെ വില്‍പന നടന്നു.
ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും.