Saturday, March 14, 2026 Last Updated 7 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.44 AM

രക്‌തസാക്ഷി ഫണ്ട്‌ തട്ടിപ്പ്‌: ആരോപണം തള്ളി ജയരാജനും രാഗേഷും

കണ്ണൂര്‍: വി. കുഞ്ഞിക്കൃഷ്‌ണന്‍ നടത്തിയ ആരോപണങ്ങള്‍ തീര്‍ത്തും വസ്‌തുതാ വിരുദ്ധമാണെന്ന്‌ സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. വ്യക്‌തിപരമായ ലാഭത്തിനു വേണ്ടി ആരും പണം തട്ടിയിട്ടില്ല. വരവ്‌ ചെലവ്‌ കണക്ക്‌ അവതരിപ്പിക്കുന്നതില്‍ വീഴ്‌ച സംഭവിച്ചതാണ്‌ തെറ്റായി ചിത്രീകരിക്കുന്നതെന്നും ജയരാജന്‍.
2021ല്‍ ഉയര്‍ന്ന പരാതികളെക്കുറിച്ച്‌ ജില്ലാ കമ്മിറ്റി നിയോഗിച്ച കമ്മിഷന്‍ അന്വേഷിച്ചതാണ്‌. ഫണ്ട്‌ ക്രമക്കേട്‌ നടന്നില്ലെന്ന കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ജില്ലാ കമ്മിറ്റി അംഗീകരിച്ചതുമാണ്‌. ബോധപൂര്‍വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതും വിഭാഗീയത ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ചതുമാണ്‌ കുഞ്ഞികൃഷ്‌ണനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കാരണമെന്നും എം.വി. ജയരാജന്‍ പറഞ്ഞു.
ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്ന്‌ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും പറഞ്ഞു.
പയ്യന്നൂരില്‍ സി.പി.എം രക്‌തസാക്ഷി ഫണ്ട്‌ പിരിച്ചതിലെ ക്രമക്കേട്‌ സംബന്ധിച്ച്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷിക്കണമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ ആവശ്യപ്പെട്ടു. കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്‌ ഫണ്ടില്‍നിന്നും പണം നഷ്‌ടപ്പെട്ടിട്ടില്ല. കെ.പി.സി.സി അധ്യക്ഷന്റെ പേരിലാണ്‌ ഫണ്ടുള്ളത്‌. അതിന്‌ കൃത്യമായ കണക്കുണ്ടെന്നും ഭൂമിയുടെ രേഖയും കെ.പി.സി.സി പ്രസിഡന്റിന്റെ പേരിലാണെന്നും സണ്ണി ജോസഫ്‌ പറഞ്ഞു.
ധനരാജ്‌ രക്‌തസാക്ഷി ഫണ്ട്‌, ചിറ്റാരിപ്പറമ്പ്‌ സി.വി. ഫണ്ട്‌ എന്നിവയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നെന്നാണ്‌ വി. കുഞ്ഞികൃഷ്‌ണന്‍ ആരോപിച്ചത്‌. തിരിമറിയുടെ കണക്കുകള്‍ കൈയിലുണ്ട്‌. അഞ്ചു വര്‍ഷമായി ഉന്നയിക്കുന്ന പരാതികളില്‍ കൃത്യമായ അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്നും കുഞ്ഞിക്കൃഷ്‌ണന്‍ ആരോപിച്ചു.

Ads by Google
Sunday 25 Jan 2026 10.44 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW