Thursday, March 12, 2026 Last Updated 21 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 11.35 PM

'എല്ലാവര്‍ക്കും എ.ഐ' വനിതകളുടെയും യുവാക്കളുടെയും തൊഴിലാളികളുടെയും ശോഭനമായ ഭാവി ലക്ഷ്യമിടുന്നു

എ.ഐ. ഇംപാക്‌ട്‌ ഉച്ചകോടി 2026-ന്‌ ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍, കേവലം അല്‍ഗോരിതങ്ങളോ ഓട്ടോമേഷനോ മാത്രമല്ല ശ്രദ്ധാകേന്ദ്രമാകുന്നത്‌; സര്‍വാശ്ലേഷിത്വത്തെ അടിസ്‌ഥാനമാക്കിയുള്ള മനുഷ്യ കേന്ദ്രീകൃത പുരോഗതിയുടെ ശക്‌തമായ അനുഭവങ്ങളാണ്‌ മുന്‍നിരയില്‍ ദൃശ്യമാകുന്നത്‌.
മനുഷ്യശേഷിയെ വിപുലീകരിക്കുകയും പുതിയ അവസരങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുമ്പോഴാണ്‌ എ.ഐയുടെ യഥാര്‍ത്ഥ സാധ്യതകള്‍ ഇതള്‍ വിരിയുന്നത്‌ ദീര്‍ഘകാലമായി ഔപചാരിക സമ്പദ്‌വ്യവസ്‌ഥയുടെ അതിരുകളിലേക്ക്‌ പിന്തള്ളപ്പെട്ടു പോയ വനിതകള്‍, അനൗപചാരിക മേഖലയിലെ തൊഴിലാളികള്‍, യുവാക്കള്‍ എന്നിവരെ ശക്‌തിപ്പെടുത്തി അവര്‍ക്കായി പുതിയ അവസരങ്ങള്‍ സൃഷ്‌ടിക്കുകയെന്നതാണ്‌ പ്രധാനം.
''ഇന്ത്യയില്‍ എ.ഐ. വികസിപ്പിക്കുക, ഇന്ത്യയ്‌ക്കായി എ.ഐ. പ്രവര്‍ത്തിപ്പിക്കുക'' എന്ന ദര്‍ശനത്തെ ആധാരമാക്കി, 2024 മാര്‍ച്ചില്‍ കേന്ദ്ര മന്ത്രിസഭ ഇന്ത്യ എ.ഐ. ദൗത്യത്തിന്‌ അംഗീകാരം നല്‍കി. കേന്ദ്ര ഇലക്രേ്‌ടാണിക്‌സ്‌, വിവര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്‌ണവിന്റെ നേതൃത്വത്തില്‍, ഇന്ത്യഎ.ഐ. കമ്പ്യൂട്ട്‌ കപ്പാസിറ്റി, ഇന്ത്യ എഐ. ഇന്നൊവേഷന്‍ സെന്റര്‍, ഇന്ത്യ എ.ഐ. ഡേറ്റാസെറ്റ്‌ പ്ലാറ്റ്‌ഫോം, ഇന്ത്യ എ.ഐ. ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്‌ ഇനിഷ്യേറ്റീവ്‌, ഇന്ത്യ എ.ഐ .ഫ്യൂച്ചര്‍ സ്‌കില്‍സ്‌, ഇന്ത്യ എ.ഐ. സ്‌റ്റാര്‍ട്ടപ്പ്‌ ഫിനാന്‍സിംഗ്‌, സേഫ്‌ ആന്‍ഡ്‌ ട്രസ്‌റ്റഡ്‌ എ.ഐ. ഉള്‍പ്പെടെയുള്ള നിര്‍ണായക സംരംഭങ്ങള്‍ തന്ത്രപരമായി രൂപകല്‍പ്പന ചെയ്‌ത്‌ ഫലപ്രദമായി നടപ്പാക്കുന്നതിനായി ഇന്ത്യ എ.ഐ. ദൗത്യ സംഘം സജീവമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.
ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിച്ച്‌, ഇന്ത്യഎ.ഐ. ഇന്നൊവേഷന്‍ സെന്റര്‍ ബഹുഭാഷാ ലാര്‍ജ്‌ ലാംങ്ങ്വേജ്‌ മോഡലുകളും ഡൊമെയ്‌ന്‍-നിര്‍ദിഷ്‌ട അടിസ്‌ഥാന മോഡലുകളും വികസിപ്പിച്ചുവരുന്നു. ദേശീയ ജി.പി.യു. ഗ്രിഡ്‌ ഉപയോഗിച്ച്‌ പരിശീലിപ്പിക്കപ്പെടുന്ന ഈ മോഡലുകള്‍, വനിതാ സംരംഭകര്‍, കര്‍ഷകര്‍, ഗിഗ്‌ തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍ എന്നിവര്‍ക്കായി പ്രാദേശിക ഭാഷകളിലുള്ള എ.ഐ. സഹായക സംവിധാനങ്ങള്‍, മൈക്രോ-അഡൈ്വസറി ഉപകരണങ്ങള്‍, മേഖലാ-നിര്‍ദിഷ്‌ട വിജ്‌ഞാന എഞ്ചിനുകള്‍ എന്നിവയിലൂടെ സേവനം നല്‍കുന്നതിനായി രൂപകല്‍പന ചെയ്‌തിരിക്കുന്നു.
ആഗോളതലത്തില്‍ എ.ഐ.യെ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ കൂടുതലായും ഉല്‍പാദനക്ഷമതയിലും മത്സരക്ഷമതയിലും കേന്ദ്രീകരിക്കുമ്പോള്‍, തൊഴില്‍, വിദ്യാഭ്യാസം, സുരക്ഷ, അവസരങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം ജനാധിപത്യവത്‌ക്കരിക്കുന്നതിലൂന്നിയാണ്‌ ഇന്ത്യയില്‍ അതിന്റെ ശക്‌തമായ സ്വാധീനം പ്രകടമാകുന്നത്‌. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്‌ക്കുള്ള ഉപാധിയായി എ.ഐയെ കാണുന്ന ഈ ദര്‍ശനമാണ്‌ ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ-എ.ഐ. ഇംപാക്‌ട്‌ ഉച്ചകോടി 2026-ന്റെ പ്രമേയം. നയരൂപകര്‍ത്താക്കള്‍, നൂതനാശയക്കാര്‍, വ്യവസായ പ്രമുഖര്‍ എന്നിവരെ ഒരുമിച്ചു ചേര്‍ത്ത്‌, ജനങ്ങള്‍, പുരോഗതി, ഭൂമി എന്നീ മൂന്ന്‌ ഘടകങ്ങളുടെയും ശോഭനമായ ഭാവിക്കായി എ.ഐ. എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള അര്‍ത്ഥവത്തായ സംവാദം സംഘടിപ്പിക്കുകയാണ്‌ ലക്ഷ്യം.
ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഗിഗ്‌, പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്‌ഥയില്‍, എ.ഐയാല്‍ ശാക്‌തീകരിക്കപ്പെട്ട ഒരു പുതിയ ഡിജിറ്റല്‍ തൊഴില്‍ ശക്‌തിയെ രൂപപ്പെടുത്തുകയാണ്‌ വനിതകള്‍. എ.ഐ. അധിഷ്‌ഠിത വിപണികള്‍ പ്രയോജനപ്പെടുത്തുന്ന വനിതാ സംരംഭകരായാലും, എ.ഐ. അധിഷ്‌ഠിത സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന വനിതാ ൈഡ്രവര്‍മാരായാലും, വനിതാ ഡെലിവറി തൊഴിലാളികളായാലും, സാങ്കേതികവിദ്യ അവരുടെ ആത്മവിശ്വാസത്തെയും അവസരങ്ങളെയും നിശബ്‌ദമായി പുനര്‍നിര്‍മിക്കുകയാണ്‌. ഉദാഹരണമായി, സൗന്ദര്യവെല്‍നെസ്‌ പ്ലാറ്റ്‌ഫോമുകള്‍ സാമീപ്യം, വൈദഗ്‌ദ്ധ്യം, മുന്‍കാല പ്രകടനം എന്നിവയ്‌ക്കനുപൂരകമായി ഉപഭോക്‌താക്കളെ സമന്വയിപ്പിക്കാന്‍ എ.ഐ. അധിഷ്‌ഠിത അല്‍ഗോരിതങ്ങള്‍ ഉപയോഗിക്കുന്നു. എ.ഐ. അധിഷ്‌ഠിത നിരീക്ഷണം, തിരിച്ചറിയല്‍, പ്രവചനാത്മകമായ വരുമാനം, മെച്ചപ്പെട്ട സുരക്ഷ എന്നിവയുടെ ഗുണങ്ങള്‍ ആസ്വദിക്കുന്ന വനിതകളാണ്‌ ഈ പ്രഫഷണലുകളില്‍ ഭൂരിഭാഗവും. അതുപോലെ, റൈഡ്‌-ഹെയ്‌ലിങ്‌ പ്ലാറ്റ്‌ഫോമുകള്‍ തത്സമയ ലൊക്കേഷന്‍ പങ്കിടല്‍ മുതല്‍ വോയ്‌സ്‌-ആക്‌ടിവേറ്റഡ്‌ എമര്‍ജന്‍സി സവിശേഷതകള്‍ വരെ സമന്വയിപ്പിച്ച എ.ഐ. അധിഷ്‌ഠിത സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇത്‌ കൂടുതല്‍ ആത്മവിശ്വാസത്തോടെയും സ്വാതന്ത്ര്യത്തോടെയും പ്രവര്‍ത്തിക്കാന്‍ വനിതാ ൈഡ്രവര്‍മാരെ സഹായിക്കുന്നു. മുന്‍പും ഇത്തരം സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, എ.ഐയിലൂടെ സുരക്ഷ, വിശ്വാസ്യത, കാര്യക്ഷമത എന്നിവ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്‌.
ഇന്ത്യയുടെ ഗ്രാമീണവും അര്‍ധനഗരവുമായ പ്രദേശങ്ങളില്‍, എ.ഐ. പിന്തുണയുള്ള ധനകാര്യ ഉപാധികള്‍ ഡിജിറ്റല്‍ സര്‍വാശ്ലേഷിത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശിക ഭാഷകളിലുള്ള എ.ഐ. സഹായക സംവിധാനങ്ങളും ശബ്‌ദാധിഷ്‌ഠിത ഡിജിറ്റല്‍ പേയ്‌മെന്റ്‌ സംവിധാനങ്ങളും സാക്ഷരതയുടെയും ഭാഷയുടെയും പരിമിതികളെ മറികടക്കാന്‍ വനിതകളെ സഹായിക്കുന്നു. ഇതിലൂടെ അവര്‍ക്ക്‌ സാമ്പത്തിക കാര്യങ്ങള്‍ സ്വതന്ത്രമായും സുരക്ഷിതമായും കൈകാര്യം ചെയ്യാന്‍ കഴിയുന്നു.
ഇന്ത്യയിലെ യുവജനങ്ങളെ സംബന്ധിച്ചിടത്തോളം, എ.ഐ. കേവലം ഒരു ഉപകരണമല്ല;ഒരു നൂതന സമ്പദ്‌വ്യവസ്‌ഥയിലേക്കുള്ള പ്രവേശന കവാടമാണ്‌. രാജ്യത്തിന്റെ വിവിധ സംസ്‌ഥാനങ്ങളിലുടനീളം, സര്‍ക്കാര്‍സ്വകാര്യ സഹകരണ ഉദ്യമങ്ങള്‍ അടിസ്‌ഥാന ഡിജിറ്റല്‍ സാക്ഷരത മുതല്‍ ആധുനിക മെഷീന്‍ ലേണിങ്‌ വരെ, എ.ഐ. നൈപുണ്യമുള്ള പ്രതിഭകളുടെ ശൃംഖല സൃഷ്‌ടിച്ചുവരുന്നു. ഇന്ത്യ എ.ഐ. ദൗത്യത്തിന്റെ ഭാഗമായി, ഭാരത സര്‍ക്കാര്‍ അടുത്തിടെ യുവ എ.ഐ. ഫോര്‍ ഓള്‍ എന്ന ദേശീയ എ.ഐ. സാക്ഷരതാ പ്രചാരണം ആരംഭിച്ചിട്ടുണ്ട്‌.
ഹ്രസ്വവും സ്വയം-വേഗതയില്‍ പ്രവര്‍ത്തിക്കുന്നതുമായ 'എ.ഐ. 101' കോഴ്‌സ്‌ മുഖേന ലക്ഷക്കണക്കിന്‌ വിദ്യാര്‍ത്ഥികളിലും യുവ പഠിതാക്കളിലും അടിസ്‌ഥാന എ.ഐ. അവബോധം സൃഷ്‌ടിക്കുകയാണ്‌ ദേശീയ യുവജന ദിനത്തില്‍ ആരംഭിച്ച ഈ സംരംഭത്തിന്റെ ലക്‌ഷ്യം. നിലവിലുള്ള സ്‌കൂള്‍, ഉന്നതവിദ്യാഭ്യാസ, ഡിജിറ്റല്‍ പഠന പരിസരങ്ങള്‍ പ്രയോജനപ്പെടുത്തി, എ.ഐ. വിജ്‌ഞാനത്തിലേക്കുള്ള പ്രവേശനം ജനാധിപത്യവത്‌ക്കരിക്കുക എന്നതും ലക്ഷ്യമാണ്‌. എ.ഐ. സാക്ഷരതയെ ഒരു പ്രത്യേക അവകാശമെന്ന നിലയ്‌ക്കല്ല, മറിച്ച്‌ അവശ്യ ജീവിത നൈപുണ്യമായി സ്‌ഥാപിക്കുകയും, പ്രദേശങ്ങള്‍, ഭാഷകള്‍, സാമൂഹ്യസാമ്പത്തിക പശ്‌ചാത്തലങ്ങള്‍ എന്നിവയ്‌ക്കതീതമായി ഇന്ത്യയിലെ യുവജനങ്ങള്‍ എ.ഐ. അധിഷ്‌ഠിത സമ്പദ്‌വ്യവസ്‌ഥയില്‍ അര്‍ത്ഥവത്തായി പങ്കാളികളാകാന്‍ സജ്‌ജരാണെന്ന്‌ ഉറപ്പാക്കുകയും ചെയ്യുക കൂടിയാണ്‌ ഈ പദ്ധതിയുടെ ദര്‍ശനം.
കാര്‍ഷിക മേഖലയില്‍, കിസാന്‍ എഐ പോലുള്ള എ.ഐ. ഉപകരണങ്ങള്‍ മെഷീന്‍ ലേണിങ്‌ മോഡലുകള്‍ ഉപയോഗിച്ച്‌ കീടബാധ, കാലാവസ്‌ഥാ മാറ്റങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ പ്രവചിക്കുന്നു. ഇതുവഴി, വനിതാ കര്‍ഷകര്‍ക്ക്‌ കൂടുതല്‍ വിവരസമ്പന്നവും പ്രതിരോധശേഷിയുള്ളതുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിയും. അതുപോലെ, ഇന്‍ഡിഫി, കിനാരാ ക്യാപിറ്റല്‍ പോലുള്ള ഫിന്‍ടെക്‌ സ്‌റ്റാര്‍ട്ടപ്പുകള്‍, എ.ഐ. അധിഷ്‌ഠിത ക്രെഡിറ്റ്‌ സ്‌കോറിങ്‌ പ്രയോജനപ്പെടുത്തി, ചരിത്രപരമായി ഔപചാരിക സാമ്പത്തിക സംവിധാനങ്ങളില്‍ പ്രവേശനം ലഭിക്കാത്ത വനിതാ സംരംഭങ്ങള്‍ക്ക്‌ വായ്‌പകള്‍ ലഭ്യമാക്കുന്നു.

സാമ്പത്തിക, സാമൂഹിക സംവിധാനങ്ങളില്‍ എ.ഐ. കൂടുതല്‍ കൂടുതല്‍ സംയോജിപ്പിക്കപ്പെടുമ്പോള്‍, അതിന്റെ ധാര്‍മ്മികവും സമഗ്രവുമായ ഉപയോഗം ഉറപ്പാക്കുകയെന്നത്‌ ഒരു ദേശീയ മുന്‍ഗണനയായി മാറിയിരിക്കുന്നു. 'എല്ലാവര്‍ക്കും എ.ഐ.' എന്ന തത്വത്തില്‍ അടിയുറച്ച ഇന്ത്യയുടെ സമീപനം അസമത്വങ്ങള്‍ കുറച്ച്‌, അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ നീതി, സുതാര്യത, ഉത്തരവാദിത്തം എന്നിവയ്‌ക്ക്‌ പ്രാധാന്യം നല്‍കുന്നു.
പണമിടപാടുകള്‍, ലോജിസ്‌റ്റിക്‌സ്‌, വിദ്യാഭ്യാസം, പൊതുസേവനങ്ങള്‍ അടക്കമുള്ള ദൈനംദിന പ്ലാറ്റ്‌ഫോമുകളില്‍ എ.ഐ. സമന്വയിപ്പിക്കുന്നതിലൂടെ, സമസ്‌ത തലങ്ങളിലുമുള്ള ജനങ്ങളെ ശാക്‌തീകരിക്കുന്ന സമഗ്ര ഡിജിറ്റല്‍ ആവാസവ്യവസ്‌ഥ ഇന്ത്യ സജ്‌ജമാക്കുകയാണ്‌. ഇന്ത്യയുടെ അനൗപചാരിക സമ്പദ്‌വ്യവസ്‌ഥയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ സംയോജിപ്പിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട ദേശീയ ദൗത്യമായ ഡിജിറ്റല്‍ ശ്രം സേതുവും ഇന്ത്യ നടപ്പിലാക്കിയിട്ടുണ്ട്‌. ഇതിന്റെ നിര്‍വഹണം നാലു സ്‌തംഭങ്ങളിലൂന്നി രൂപകല്‍പന ചെയ്‌തിരിക്കുന്നു: മേഖല അല്ലെങ്കില്‍ വ്യക്‌തിത്വം അടിസ്‌ഥാനമാക്കി പ്രധാന ആവശ്യങ്ങള്‍ തിരിച്ചറിയല്‍, നിര്‍വഹണത്തിനായി സംസ്‌ഥാന സര്‍ക്കാരുകളെ ശാക്‌തീകരിക്കല്‍, അനുകൂല നിയമപരിസ്‌ഥിതി സൃഷ്‌ടിക്കല്‍, ചെലവ്‌ കുറയ്‌ക്കാനും വ്യാപക പ്രവേശനം ഉറപ്പാക്കാനും പങ്കാളിത്തങ്ങള്‍ രൂപപ്പെടുത്തല്‍ എന്നിവയാണ്‌ നാലു സ്‌തംഭങ്ങള്‍. ഫലങ്ങള്‍ വിലയിരുത്തുന്നതിനായി കര്‍ശന സംവിധാനം ഉള്ളതിനാല്‍, സര്‍ക്കാര്‍, ബിസിനസ്‌ സ്‌ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ ഒറ്റെക്കെട്ടായി പ്രവര്‍ത്തിക്കുന്നു. ഈ പ്രവേശനക്ഷമതയുടെയും തുല്യതയുടെയും മാതൃക ഗേ്ലാബല്‍ സൗത്ത്‌ രാജ്യങ്ങള്‍ക്ക്‌ എ.ഐയെ സാമൂഹികവും സാമ്പത്തികവുമായ വലിയ പരിവര്‍ത്തനത്തിന്‌ ഉപയോക്‌താക്കാന്‍ കഴിയുന്ന ബ്ലൂപ്രിന്റ്‌ ആയി സേവനമൊരുക്കുന്നു.
ഡിജിറ്റല്‍ ഇന്ത്യയും യു.പി.ഐയും നയിച്ച ഡിജിറ്റല്‍ വിപ്ലവത്തിന്റെ ആദ്യ തരംഗം പൗരന്മാരെ പരസ്‌പരം ബന്ധിപ്പിച്ചപ്പോള്‍, അടുത്ത തരംഗത്തില്‍ എ.ഐ. മുഖേന അവരെ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നുവെന്ന്‌ ഉറപ്പാക്കുകയാണ്‌ പ്രധാനം. അതിനര്‍ത്ഥം, ബഹുഭാഷീയവും, ലിംഗസംവേദനശീലമുള്ളതുമായ, എല്ലാവര്‍ക്കും പ്രാപ്യവുമായ സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുക എന്നതാണ്‌. അവിടെ ഗ്രാമീണ വനിതാ സംരംഭകര്‍, നാഗാലാന്‍ഡിലെ ഡേറ്റ ലേബലര്‍, ഭോപ്പാലിലെ യുവ കോഡര്‍ തുടങ്ങി എല്ലാവര്‍ക്കും ഇന്ത്യയുടെ എ.ഐ. ഭാവിയില്‍ പങ്കാളികളാകാന്‍ സാധിക്കണം.

ഇന്ത്യയുടെ എ.ഐ. ശേഷി അതിന്റെ അല്‍ഗോരിതങ്ങളുടെ സങ്കീര്‍ണതയാല്‍ മാത്രം അളക്കപ്പെടേണ്ടതല്ല;വ്യത്യസ്‌ത പശ്‌ചാത്തലങ്ങളിലുള്ള ജനങ്ങളെ ഉള്‍പ്പെടുത്തി സന്തുലിതമായ മുന്നേറ്റം സൃഷ്‌ടിക്കാനുള്ള രാജ്യത്തിന്റെ തനതായ ശേഷി വിലയിരുത്തപ്പെടണ്ടതാണ്‌. വനിതകള്‍, യുവാക്കള്‍, അനൗപചാരിക തൊഴിലാളികള്‍ എന്നിവര്‍ക്ക്‌ എ.ഐ. കേവലം ഉപകരണമല്ല;നീതിപൂര്‍വകവും സമഗ്രവുമായ എ.ഐ.സമ്പദ്‌വ്യവസ്‌ഥയുടെ സ്രഷ്‌ടാക്കളായി അവര്‍ മാറുകയാണ്‌. 2026 ലെ ഇന്ത്യഎ.ഐ. ഇംപാക്‌ട്‌ ഉച്ചകോടിയില്‍, ലോകം ഇന്ത്യയെ ഉറ്റുനോക്കുമ്പോള്‍, സര്‍വാശ്ലേഷിത്വം സാങ്കേതികവിദ്യയുടെ ഒരു ഉപോത്‌പന്നമല്ല, മറിച്ച്‌ ഏറ്റവും വലിയ നൂതനാശയമാണെന്ന്‌ തെളിയിക്കുന്ന ഒരു രാജ്യം ദൃശ്യമാകും.
കവിത ഭാട്ടിയ

Ads by Google
Friday 23 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW