-->
1991 മുതല്‍ സംസ്‌ഥാനം ഭരിച്ചിരുന്ന വിവിധ സര്‍ക്കാരുകളുടെ പരാജയപ്പെട്ട വികസന ശ്രമങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, അന്നത്തെ തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ജെയിംസ് ജോസഫും, അദാനി പോര്‍ട്ടിന്റെ മാനേജിങ് ഡയറക്‌ടറായിരുന്ന മഹാപത്രയും 2015 ഓഗസ്‌റ്റ് 17ന്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും, തുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവിന്റെയും, അദാനി പോര്‍ട്ട് മേധാവി ഗൗതം അദാനിയുടെയും സാന്നിധ്യത്തില്‍, സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ വിഴിഞ്ഞം പദ്ധതിയുടെ കരാറില്‍ ഒപ്പുവച്ചത്. ഈ കരാറിനെ അന്നത്തെ ഒരു പത്രം വിശേഷിപ്പിച്ചത് 'കടല്‍ക്കൊള്ള' എന്നായിരുന്നു.
7525 കോടി രൂപയാണ് ഈ പദ്ധതിക്കായി അന്ന് കണക്കാക്കിയ നിര്‍മാണ ചെലവ്. അതില്‍ 2800 കോടി രൂപയാണ് അദാനി ഗ്രൂപ്പിന്റെ മുതല്‍മുടക്ക്. 206.89 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കി. 524 കോടി രൂപയാണ് ഭൂമി വാങ്ങാന്‍ സര്‍ക്കാര്‍ 2015 ല്‍ ചെലവഴിച്ചത്. കടല്‍ നികത്തി എടുക്കുന്ന 131 ഏക്കര്‍ അടക്കം ഭൂമിയുടെയും തുറമുഖത്തിന്റെയും ഉടമസ്‌ഥാവകാശം സംസ്‌ഥാന സര്‍ക്കാരിന് ആയിരിക്കുമെന്നും കരാറില്‍ പ്രത്യേകം എഴുതി ചേര്‍ത്ത് സംസ്‌ഥാന താല്‍പര്യം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉറപ്പിച്ചു. പക്ഷേ, ഇതൊക്കെ കണ്ടില്ലെന്നു നടിച്ചാണ് അന്നത്തെ സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ 6000 കോടി രൂപയുടെ അഴിമതിയാണ് വിഴിഞ്ഞം പോര്‍ട്ടിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയതെന്ന് ആരോപിച്ചത്.
കേന്ദ്ര പ്ലാനിങ് കമ്മീഷന്‍ നിശ്‌ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചും, അവര്‍ തയാറാക്കിയ മാതൃകകള്‍ സ്വീകരിച്ചുമാണ് വിഴിഞ്ഞം തുറമുഖ കരാര്‍ തയാറാക്കിയതുും ഒപ്പുവച്ചതും. പദ്ധതിയുടെ കേവല സാമ്പത്തിക സാദ്ധ്യതക്കുറവിനെ തരണം ചെയുന്ന വിധം കേന്ദ്ര-കേരള സര്‍ക്കാരുകളുടെ വി.ജി.എഫ്. (വയബിലിറ്റി ഗ്യാപ് ഫണ്ട്) വിഹിതതോടു കൂടിയാണ് പദ്ധതി തയാറാക്കിയതും കരാര്‍ ഒപ്പുവച്ചതും. അന്നത്തെ കേന്ദ്ര പ്ലാനിങ് കമ്മിഷന്‍ ഉപാധ്യക്ഷനും, അറിയപ്പെടുന്ന സാമ്പത്തിക ശാസ്‌ത്രജ്‌ഞനുമായ മൊണ്ടേക് സിങ് അലുവാലിയ നല്‍കിയ പിന്തുണയില്‍ പൊതു-സ്വകാര്യ ആസൂത്രണ (പി.പി.പി.) വിദഗ്‌ധനായ ഗജേന്ദ്ര ഹാല്‍ദിയ തയാറാക്കിയ കരാര്‍ കുറ്റമറ്റതും സംസ്‌ഥാന താല്‍പര്യം സംരക്ഷിക്കുന്നതുമാണെന്ന് ഉറപ്പു വരുത്താന്‍ അന്നത്തെ സംസ്‌ഥാന പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനായിരുന്ന കെ.എം. ചന്ദ്രശേഖറിന്റെ മേല്‍നോട്ടത്തിനു കഴിഞ്ഞു. 2011 മുതലുള്ള നാല് വര്‍ഷം കൊണ്ട് പദ്ധതിക്കാവശ്യമായ പാരിസ്‌ഥിതീക പഠനങ്ങള്‍ പൂര്‍ത്തിയാക്കി പാരിസ്‌ഥിതീക അനുമതി നേടിയെടുക്കാനും, 90 ശതമാനും ഭൂമി ഏറ്റെുടുക്കാനും കഴിഞ്ഞു. ഇതിനു പുറമെ പദ്ധതിക്കുും പ്രദേശ വാസികള്‍ക്കുും ഉപകാരപ്പെടും വിധം കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കാനും കഴിഞ്ഞു.
1000 ദിവസം കൊണ്ട് ഒന്നാംഘട്ടം പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാറിലെ വ്യവസ്‌ഥ. അതനുസരിച്ചു പദ്ധതി 2019 ഡിസംബര്‍ മാസത്തില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. 2015 ഡിസംബര്‍ അഞ്ചാം തീയതി പദ്ധതിയുടെ നിര്‍മാണത്തിനു തറക്കല്ലിട്ടപ്പോള്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷം ആ ചടങ് ബഹിഷ്‌കരിച്ചു. മാത്രമല്ല, പദ്ധതിക്ക് ആവശ്യമായി വരുന്ന നിര്‍മാണ സാമഗ്രികള്‍ സമയബന്ധിതമായി ലഭ്യമാക്കാന്‍ പിന്നീട് അധികാരത്തിലേറിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ വേണ്ട വിധത്തില്‍ ശ്രമിച്ചില്ല. 2021ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഭരണം പൂര്‍ത്തിയാക്കുമ്പോള്‍, സര്‍ക്കാരിന്റെ കെടുകാര്യസ്‌ഥതകാരണം പദ്ധതിയുടെ പകുതിപോലും പൂര്‍ത്തീകരിച്ചിട്ടില്ലായിരുന്നു. പിന്നീട് ഏതാണ്ട് അഞ്ചു വര്‍ഷത്തെ കാലവിളംബത്തിനൊടുവില്‍, 2024ല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയെങ്കിലും കരാറില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതും സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതുമായ ഉത്തരവാദിത്തങ്ങളില്‍ പലതും സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങള്‍
റോഡ് കണക്‌ടിവിറ്റി :
കരാര്‍ പ്രകാരം പദ്ധതി പൂര്‍ത്തിയാക്കുന്നതിന് ഒപ്പമോ അതിനു മുമ്പോ പദ്ധതിയുടെ റോഡ് കണക്‌ടിവിറ്റി സര്‍ക്കാര്‍ പൂര്‍ത്തിയാക്കേണ്ടതാണ്. എന്നാല്‍ നാളിതുവരെ പോര്‍ട്ട് അപ്രോച്ച് റോഡിനെ ദേശിയ പാതയുമായി ബന്ധിപ്പിക്കുന്ന സ്‌ഥിരമായതും, സ്‌ഥായിയായതുമായ ഇന്റര്‍സെക്‌ഷന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനോ, തുടങ്ങിവയ്‌ക്കാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിലവിലെ പരിമിതമായ ഭൂമി ഉപയോഗിച്ച് കരാറുകാരനെക്കൊണ്ടുതന്നെ നിര്‍മിച്ച താത്‌കാലിക ഇന്റര്‍സെക്‌ഷന്‍ ആണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത്. ഇത് വിഴിഞ്ഞം പോലുള്ള ഒരു വന്‍കിട തുറമുഖത്തിന് തികച്ചും അപര്യാപ്‌തമാണ്. തുറമുഖത്തെ എക്‌സിം ഗതാഗതം തുടങ്ങി, കുറച്ചു നാള്‍ക്കകം തന്നെ വന്‍ ഗതാഗത കുരുക്കുകള്‍ ഉണ്ടാകുവാന്‍ ഇടയാക്കും. സര്‍ക്കാരിന്റെ കെടുകാര്യസ്‌ഥത കാരണം വിഴിഞ്ഞം പദ്ധതിയുടെ അനന്തമായ എക്‌സിംസാധ്യതകളെ ഇത് ഗുരുതരമായി ബാധിക്കും.
റെയില്‍വേ ലൈന്‍
കരാര്‍ പ്രകാരം വിഴിഞ്ഞം തുറമുഖത്തുനിന്നും ബാലരാമപുരത്തേക്കുള്ള റെയില്‍വേ ലൈന്‍ 2021-ല്‍ പൂര്‍ത്തിയാക്കി നല്‍കേണ്ട ചുമതല സംസ്‌ഥാന സര്‍ക്കാരിനാണ്. എന്നാല്‍, ഒന്നാം ഘട്ടം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും റെയില്‍ പാതയ്‌ക്ക് ആവശ്യമായ സ്‌ഥലം ഏറ്റെടുക്കാനോ, നിര്‍മാണം തുടങ്ങാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, എന്ന് തുടങ്ങുമെന്നോ, എന്ന് പൂര്‍ത്തിയാക്കുമെന്നോ ഒരു നിശ്‌ചയവുമില്ല. ഇത് കാരണം പത്ത് വര്‍ഷം തുടര്‍ഭരണത്തിലിരുന്ന സര്‍ക്കാര്‍ വിഴിഞ്ഞത്തിന്റെ എക്‌സിം സാധ്യതകളെ സംസ്‌ഥാനത്തിന് ഗുണകരമായി വിനിയോഗിക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടു എന്ന് പറയേണ്ടിവരുന്നു.
മത്സ്യബന്ധന തുറമുഖവും മത്സ്യ സംസ്‌കരണപാര്‍ക്കും
പദ്ധതിയുടെ ഒപ്പം തന്നെ പദ്ധതി മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഒരു മത്സ്യ ബന്ധനത്തുറമുഖവും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിഭാവനം ചെയ്‌തിരുന്നു. മത്സ്യ ബന്ധന തുറമുഖത്തിന് കരാറില്‍ തന്നെ 140 കോടി രൂപ വകയിരുത്തിയിരുന്നു. സംസ്‌കരണ കേന്ദ്രത്തിനായി മൂന്ന് ഏക്കര്‍ ഭൂമി 2014-ല്‍ തന്നെ ഏറ്റെുടുത്തിരുന്നു. എന്നാല്‍ ഇതുവരേയും ഈ രണ്ടു പദ്ധതിഘടകങ്ങളും തുടങ്ങി വയ്‌ക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
ഔട്ടര്‍ റിങ് റോദും ഔട്ടര്‍ ഏരിയ ഗ്രോത് കോറിഡോറും
വിഴിഞ്ഞം പദ്ധതിയുടെ പൂര്‍ണമായ വിജയത്തിന് പദ്ധതിയോട് അനുബന്ധിച്ചു വ്യവസായവികസനത്തിന് ഉതകുന്ന രീതിയില്‍ മറ്റു വികസന പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ട്. ആ ദിശയില്‍വിഭാവനം ചെയ്‌ത പദ്ധതിയാണ് ഔട്ടര്‍ റിങ് റോഡും റോഡിനോട് ചേര്‍ന്നുള്ള ഗ്രോത് കോറിഡോറും. 2017-18 ല്‍ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക് ഇത് നടപ്പിലാക്കും എന്ന് പ്രഖ്യാപിക്കുകയുും ചെയ്‌തു. ഈ സര്‍ക്കാരിന്റെ പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോളും ആ പ്രഖ്യാപനവും ഒരു പാഴ്‌വാഗ്‌ദാനമായി തുടരുന്നു. പദ്ധതി തുടങ്ങുന്നതിലും ഭൂമിഏറ്റെുക്കുന്നതിലും ഒന്നും തന്നെ ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അതേസമയം വിഴിഞ്ഞം പദ്ധതിയുടെ വികസന സാദ്ധ്യതകള്‍ മനസ്സിലാക്കി, വ്യവസായ സ്‌ഥാപനങ്ങള്‍ ഭാവിയില്‍ സ്‌ഥാപിക്കുവാനായി തമിഴ്‌നാട് സര്‍ക്കാര്‍, സംസ്‌ഥാന അതിര്‍ത്തിയില്‍ സ്‌ഥലം ഏറ്റെടുക്കനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
അനുബന്ധ വ്യവസായങ്ങള്‍ക്കായുള്ള ഭൂമിഏറ്റെടുക്കല്‍
പദ്ധതിക്കാവശ്യമായ ഭൂമിയുടെ 90 ശതമാനും പൂര്‍ത്തിയാക്കിയ ശേഷമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2015ല്‍ കരാര്‍ ഒപ്പുവച്ചത്. എന്നാല്‍, ശേഷിച്ച 10 ശതമാനം ഭൂമിഏറ്റെടുക്കാന്‍ സര്‍ക്കാരിന് ഏതാണ്ട് എട്ടു വര്‍ഷം വേണ്ടി വന്നു എന്നത് കെടുകാര്യസ്‌ഥതയുടെ മറ്റൊരു ഉദാഹരണമാണ്. അതിനെ തുര്‍ന്ന് പദ്ധതിക്ക് അനുബന്ധമായ വ്യവസായവികസനത്തിന് ഭൂമി ഏറ്റെടുക്കാനായി എന്തെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. എന്നാല്‍, കണ്ണില്‍ പൊടിയിടാനായി കിഫ്‌ബി വഴി ചില പാഴ് വാഗ്‌ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. പക്ഷേ അതും, പ്രവൃത്തിപഥത്തില്‍ എത്തിയിട്ടില്ല.
പൊള്ളയായ അവകാശ വാദങ്ങള്‍
പൊള്ളയായ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാര്‍ ഒട്ടും പിന്നിലല്ല. അത്തരം അവകാശ വാദങ്ങളില്‍ ഒന്നാണ് 2045 ല്‍ പൂര്‍ത്തിയാക്കേണ്ട രണ്ടാം ഘട്ടവികസനം സര്‍ക്കാര്‍ ഇടപെലില്‍ 2028-ല്‍ പൂര്‍ത്തിയാക്കുന്നു എന്നത്. ഇത് വസ്‌തുതാവിരുദ്ധമാണ്. 2015-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒപ്പുവച്ച കരാറില്‍ തന്നെ തുടര്‍ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ കരാര്‍ നടത്തിപ്പുകാരന്റെ പൂര്‍ണമായ ചെലവില്‍ നടത്തേണ്ടതാണെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. അത് നടപ്പിലാക്കുവാനുള്ള സമയക്രമവും കരാറില്‍ വ്യക്‌തമായി പ്ര തിപാദിച്ചിട്ടുണ്ട്. അന്ന് ഒപ്പുവച്ച കരാറിലെ വ്യവസ്‌ഥ 12.8.1 പ്രകാരം പദ്ധതിയുടെ തുടര്‍ഘട്ടങ്ങള്‍ 30 വര്‍ഷത്തിനോ (2045), പദ്ധതിയുടെ ട്രാഫിക് വളര്‍ച്ചയ്‌ക്ക് അനുസൃതമായി അതിനു മുന്‍പോ (ഏതാണ്‌ആദ്യം സംഭവിക്കുന്നത്) അതനുസരിച്ചു ചെയ്യണമെന്ന് വ്യക്‌തമായി നിര്‍വചിച്ചിട്ടുണ്ട്. 2019-ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന ഒന്നാം ഘട്ടം അഞ്ചു വര്‍ഷം വൈകി 2024 ല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആദ്യ വര്‍ഷം തന്നെ ഒന്നാം ഘട്ട ശേഷിയുടെ 125 ശതമാനും കൈവരിക്കാന്‍ പദ്ധതിക്ക് കഴിഞ്ഞു. അതുകൊണ്ടാണ് കരാര്‍ കമ്പനിയായ അദാനി പോര്‍ട്‌സ് ഭാവിയിലെ ട്രാഫിക് വളര്‍ച്ച മനസ്സിലാക്കി, മുന്‍ കരാര്‍ പ്രകാരം തുടര്‍ഘട്ടങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുള്ളത്. അതിനാല്‍, രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പിണറായി സര്‍ക്കാരിന് പ്രത്യേകിച്ച് ഒന്നും അവകാശപ്പെടാനില്ല എന്നതാണ് യാഥാര്‍ഥ്യം.
നേട്ടങ്ങള്‍ക്ക് അവകാശം ഉന്നയിക്കുമ്പോള്‍, ഒന്നാം ഘട്ടത്തിലെ കാലതാമസത്തിന്റെ ഉത്തരവാദിത്വതോടൊപ്പം ഇതുവരെയും നടപ്പിലാക്കാതെ പദ്ധതികളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കുകയാണ് വേണ്ടത്. പശ്‌ചാത്തല സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനവും, വികസനസാധ്യതകളും തിരുവനന്തപുരത്തിനും, സംസ്‌ഥാനത്തിനും ലഭിക്കുകയുള്ളു. സംസ്‌ഥാനം തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിനാല്‍, അതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാനേ ഇനി മാര്‍ഗമുള്ളൂ.
അഡ്വ. പി.എസ്. ശ്രീകുമാര്‍